എക്‌സ് നിരോധിച്ച പാക് പ്രധാനമന്ത്രി ട്രംപിന് ആശംസനേര്‍ന്നത് എക്‌സില്‍!

നിരോധനം മറികടക്കാനായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വി.പി.എന്‍) ഉപയോഗിച്ചാണ് പാക് പ്രധാനമന്ത്രി എക്‌സ് ഉപയോഗിച്ചത് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

author-image
Prana
New Update
x tweet

യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് ആശംസകളറിയിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാകിസ്താനില്‍ നിരോധിച്ച സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ആശംസയറിയിച്ചത്. നിരോധനം മറികടക്കാനായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വി.പി.എന്‍) ഉപയോഗിച്ചാണ് പാക് പ്രധാനമന്ത്രി എക്‌സ് ഉപയോഗിച്ചത് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
രണ്ടാംതവണയും യു.എസ്. പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചരിത്രപരമായ വിജയത്തിന് അഭിനന്ദനങ്ങള്‍ എന്നാണ് ഷഹബാസ് എക്‌സില്‍ കുറിച്ചത്. പാകിസ്താനും യു.എസും തമ്മില്‍ ശക്തവും വിശാലവുമായ പങ്കാളിത്തത്തിനായി രണ്ടാം ട്രംപ് ഭരണകൂടത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കുറിച്ചു.
പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ് ഉടനടി ഫഌഗ് ചെയ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എക്‌സിനെ പാകിസ്താനില്‍ നേരത്തേ നിരോധിച്ചതാണെന്നും ഇപ്പോള്‍ വി.പി.എന്‍. ഉപയോഗിച്ചാണ് അദ്ദേഹം എക്‌സ് ഉപയോഗിക്കുന്നതെന്നും വി.പി.എന്‍. ഉപയോഗിക്കുന്നത് പാകിസ്താനില്‍ കുറ്റകരമാണെന്നും ട്വീറ്റിനൊപ്പം പ്രത്യക്ഷപ്പെട്ട കമ്യൂണിറ്റി നോട്ടില്‍ പറയുന്നുണ്ട്.
നിരവധി എക്‌സ് ഉപഭോക്താക്കളാണ് ട്വീറ്റിന് താഴെ പാക് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇരട്ടത്താപ്പിന് ഒരു മനുഷ്യമുഖമുണ്ടെങ്കില്‍ അത് ഷഹബാസ് ഷെരീഫിന്റേതാകും എന്നായിരുന്നു ഒരു കമന്റ്. താന്‍ നിരോധിച്ച ഒരു സാമൂഹിക മാധ്യമത്തില്‍ വി.പി.എന്‍. ഉപയോഗിച്ച് പോസ്റ്റുകളിടുന്ന പാക് പ്രധാനമന്ത്രിയെ പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് കഴിഞ്ഞ ഏപ്രിലിലാണ് പാകിസ്താനില്‍ നിരോധിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു, രാജ്യത്തിന്റെ പരമാധികാരം മാനിക്കുന്നില്ല, ദുരുപയോഗം വര്‍ധിക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാക് സര്‍ക്കാര്‍ എക്‌സ് നിരോധിച്ചത്.

 

banned x tweet shahabas sharif prime minister 20 megapixel selfie camera pakistan