/kalakaumudi/media/media_files/2025/11/09/taliban-2025-11-09-10-15-14.jpg)
കാബൂള്‍ : തുര്‍ക്കിയില്‍ വെച്ച് നടന്ന അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ സമാധാന ചര്‍ച്ചകള്‍ വീണ്ടും പരാജയപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന അവസാന റൗണ്ട് സമാധാന ചര്‍ച്ചകള്‍ ആണ് ഒരു കരാറിലുമെത്താതെ അവസാനിച്ചത്. ഖത്തറിന്റെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ ഇസ്താംബൂളില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നത്.
ചര്‍ച്ചയില്‍ പാകിസ്താന്‍ 'നിരുത്തരവാദപരവും നിസ്സഹകരണപരവുമായ' നിലപാട് സ്വീകരിച്ചതായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ ആരോപിച്ചു. ഒരു യുദ്ധമുണ്ടായാല്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് താലിബാന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍ മേഖലയില്‍ അരക്ഷിതാവസ്ഥ ആഗ്രഹിക്കുന്നില്ലെന്നും യുദ്ധം ആദ്യം തിരഞ്ഞെടുക്കുന്നത് അഫ്ഗാനിസ്ഥാന്‍ അല്ല എന്നും താലിബാന്‍ അറിയിച്ചു.
മറ്റൊരു രാജ്യത്തിനെതിരെ തങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, അവരുടെ പരമാധികാരത്തെയോ സുരക്ഷയെയോ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും താലിബാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം അവസാന ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ, ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ യുദ്ധം ഉണ്ടാകുമെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അഫ്ഗാനിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒക്ടോബര്‍ മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. കാബൂള്‍ നഗരത്തിലെ ഇരട്ട സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയാണ് താലിബാന്‍ തിരിച്ചടിച്ചത്. രൂക്ഷമായ അതിര്‍ത്തി ഏറ്റുമുട്ടലുകള്‍ക്ക് ശേഷം, 48 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ചിരുന്നു. എന്നാല്‍ പാകിസ്താന്‍ സൈന്യം അഫ്ഗാന്‍ പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പ്രാദേശിക അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാരുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതോടെ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഖത്തറും തുര്‍ക്കിയും ഇടപെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷം താല്‍ക്കാലികമായി അവസാനിപ്പിക്കുകയും തുര്‍ക്കിയില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുകയും ആയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
