/kalakaumudi/media/media_files/2025/03/13/P3k9Pixm3LM1tFvVZXwj.jpg)
ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) സായുധ സംഘടന ബന്ദിയാക്കിയ ട്രെയിന്‍ യാത്രക്കാരെ മുഴുവന്‍ മോചിപ്പിച്ചെന്നും രക്ഷാദൗത്യം അവസാനിച്ചെന്നും സുരക്ഷാസേന അറിയിച്ചു. സ്‌ഫോടകവസ്തുക്കള്‍ ദേഹത്തുവച്ചുകെട്ടി ട്രെയിനിലുണ്ടായിരുന്ന 33 ബിഎല്‍എ ചാവേറുകളെ വധിച്ചു.
ട്രെയിനിലെ എല്ലാ ബോഗികളിലും രക്ഷാസൈന്യമെത്തി യാത്രക്കാരെ രക്ഷപ്പെടുത്തിയെന്നു സൈന്യം വ്യക്തമാക്കി. എന്നാല്‍ ബിഎല്‍എയുടെ കൈവശം കൂടുതല്‍ ബന്ദികളുണ്ടോയെന്നു വ്യക്തമല്ല. സംഭവത്തില്‍ 21 യാത്രക്കാരും 4 സൈനികരും കൊല്ലപ്പെട്ടെന്നു പാക്ക് സൈന്യം അറിയിച്ചു. 50 യാത്രക്കാരെ വധിച്ചതായി ബിഎല്‍എയും പത്രക്കുറിപ്പിറക്കി.
ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയില്‍നിന്നു 160 കിലോമീറ്റര്‍ അകലെ പര്‍വതമേഖലയില്‍ പാളം തകര്‍ത്തശേഷമാണു ചൊവ്വാഴ്ച ബിഎല്‍എ ട്രെയിന്‍ പിടിച്ചെടുത്തത്. ക്വറ്റയില്‍നിന്നു പെഷാവാറിലേക്കുള്ള ട്രെയിനില്‍ 9 കോച്ചുകളിലായി 425 യാത്രക്കാരാണുണ്ടായിരുന്നത്.
2 ലോക്കോ പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്ത്രീകളെയും കുട്ടികളെയും വിട്ടയച്ചതായി ബിഎല്‍എ അവകാശപ്പെട്ടെങ്കിലും ഇതു ശരിയല്ലെന്നാണു പാക്ക് അധികൃതര്‍ അറിയിച്ചത്. ബന്ദികളായ യാത്രക്കാര്‍ക്കൊപ്പം ഓരോ കോച്ചിലും സ്‌ഫോടക വസ്തുക്കള്‍ ദേഹത്തുവച്ചുകെട്ടിയ ചാവേറുകള്‍ ഉണ്ടായിരുന്നതിനാല്‍ ഏറെ ശ്രമകരമായിരുന്നു രക്ഷാപ്രവര്‍ത്തനം. ട്രെയിന്‍ നിര്‍ത്തിയിട്ട സ്ഥലത്ത് കനത്ത വെടിവയ്പ് നടന്നു.
പാക്ക് ജയിലിലുള്ള ബലൂച് രാഷ്ട്രീയ തടവുകാരെയും സൈന്യം തട്ടിക്കൊണ്ടുപോയ ആക്റ്റിവിസ്റ്റുകളെയും 48 മണിക്കൂറിനകം വിട്ടയയ്ക്കണമെന്നായിരുന്നു ബിഎല്‍എയുടെ ആവശ്യം. പാക്ക് സര്‍ക്കാരിനെതിരെ സായുധസമരം നടത്തുന്ന ബിഎല്‍എ കഴിഞ്ഞ നവംബറില്‍ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 26 പേരാണു കൊല്ലപ്പെട്ടത്.