/kalakaumudi/media/media_files/2025/12/09/asim-2025-12-09-15-03-55.jpg)
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പ്രതിരോധ മേധാവിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്രസംഗത്തില്‍തന്നെ ഇന്ത്യക്കുനേരെ ഭീഷണിസന്ദേശവുമായി പാക് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. ഇന്ത്യയുടെ ഭാഗത്തുനിന്നു ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നും കൂടുതല്‍ വേഗതയേറിയതും കഠിനവും തീവ്രവുമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പാകിസ്ഥാന്റെ പുതിയ പ്രതിരോധ സേനാ മേധാവി ആയി ചുമതലയേറ്റത്തിന് പിന്നാലെയായിരുന്നു അസിം മുനീറിന്റെ ഭീഷണി. 'ഏതെങ്കിലും ആക്രമണമുണ്ടായാല്‍ പാകിസ്ഥാന്റെ പ്രതികരണം ഇതിലും വേഗതയുള്ളതും തീവ്രവുമായിരിക്കില്ല എന്ന മിഥ്യാധാരണ ഇന്ത്യ വെച്ചുപുലര്‍ത്തരുത്.' അസിം മുനീര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് മുനീര്‍ പാകിസ്താന്റെ മൂന്ന് പ്രതിരോധ സേനകളുടെയും മേധാവിയെന്ന പുതിയ സ്ഥാനം ഏറ്റെടുത്തത്.
പാകിസ്ഥാന്‍ സമാധാനപരമായി മുന്നോട്ടുപോകുന്ന രാജ്യമാണെന്നും അതേസമയം, രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയേയോ പരമാധികാരത്തെയോ പരീക്ഷിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുനീര്‍ വ്യക്തമാക്കി. സായുധ സേനാംഗങ്ങളോട് സംസാരിക്കവെയായിരുന്നു മുനീറിന്റെ പ്രകോപനപരമായ പരാമര്‍ശം.
ചടങ്ങില്‍ പാകിസ്ഥാന്റെ കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മുനീറിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പുതുതായി സ്ഥാപിച്ച പ്രതിരോധ സേനാ ആസ്ഥാനം ചരിത്രപരമായ മാറ്റത്തിന്റെ പ്രതീകമാണെന്നും മുനീര്‍ പറഞ്ഞു. 'വളരുന്നതും മാറിക്കൊണ്ടിരിക്കുന്നതുമായ ഭീഷണികളെ അഭിമുഖീകരിക്കുമ്പോള്‍, മൂന്ന് സേനകളുടെയും ഏകീകൃത സംവിധാനത്തിന് കീഴില്‍ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.' അദ്ദേഹം വ്യക്തമാക്കി.
ഓരോ സേനയും അവരുടെ പ്രവര്‍ത്തനസന്നദ്ധത നിലനിര്‍ത്തുമെന്നും, പ്രതിരോധ സേനാ ആസ്ഥാനം സേനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ദു, നാവികസേന മേധാവി അഡ്മിറല്‍ നവീദ് അഷ്‌റഫ് എന്നിവരടക്കം മൂന്ന് സായുധ സേനകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
