/kalakaumudi/media/media_files/2025/10/25/pak-5-2025-10-25-08-35-35.jpg)
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ആണവായുധങ്ങള്‍ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫും യുഎസും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍.
ജോണ്‍ കിരിയാക്കോ എന്ന മുന്‍ സിഐഎ ഉദ്യോഗസ്ഥനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. പാകിസ്ഥാന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയത് മുഷറഫ് ആയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
ആണവായുധങ്ങളുടെ നിയന്ത്രണം തീവ്രവാദികളുടെ കൈകളിലേക്ക് എത്താതിരിക്കാന്‍ വേണ്ടിയാണ് ഈ നീക്കം നടത്തിയതെന്നാണ് കിരിയാക്കോ വെളിപ്പെടുത്തിയത്. 2002-ല്‍ താന്‍ പാകിസ്ഥാനില്‍ ജോലി ചെയ്യുന്ന സമയത്ത്, പാക് ആണവായുധ ശേഖരം പെന്റഗണാണ് നിയന്ത്രിച്ചിരുന്നതെന്ന് അനൗദ്യോഗികമായി തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഷറഫിന്റെ സഹകരണമാണ് യുഎസിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ''നമ്മള്‍ ഏകാധിപതികളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. കാരണം അപ്പോള്‍ പൊതുജനാഭിപ്രായത്തെക്കുറിച്ചോ മാധ്യമങ്ങളെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല,'' കിരിയാക്കോ പറഞ്ഞു. സൈനികമായും സാമ്പത്തിക സഹായങ്ങളുമായും ദശലക്ഷക്കണക്കിന് ഡോളറാണ് യുഎസ് ആ സമയത്ത് പാകിസ്താന് നല്‍കിയിരുന്നത്. മുഷറഫുമായി ആഴ്ചയില്‍ പലതവണ കൂടിക്കാഴ്ച നടത്തുകയും യുഎസിന് ആവശ്യമുള്ളതെല്ലാം ചെയ്യാന്‍ അദ്ദേഹം അനുവദിക്കുകയും ചെയ്തിരുന്നുവെന്നും കിരിയാക്കോ വ്യക്തമാക്കി.
ഭീകരവാദത്തിന്റെ കാര്യത്തില്‍ മുഷറഫിന് ഇരട്ട നയമായിരുന്നുവെന്നും കിരിയാക്കോ വിമര്‍ശിച്ചു. സൈന്യത്തെയും തീവ്രവാദികളെയും സന്തോഷിപ്പിക്കുന്നതിനായി, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി സഹകരിക്കുന്നതായി നടിക്കുകയും അതേസമയം ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്ന രീതിയായിരുന്നു മുഷറഫിന്റേത്. ഒരുവശത്ത് യുഎസിനൊപ്പം അല്‍ ഖായ്ദക്കെതിരെ നടപടിയെടുക്കുകയും മറുവശത്ത് ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.
അതേസമയം, പാകിസ്ഥാന്റെ ആണവായുധങ്ങളുടെ സ്രഷ്ടാവായ എ.ക്യു. ഖാനെ വധിക്കാന്‍ യുഎസ് പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ സൗദി ഗവണ്‍മെന്റിന്റെ നേരിട്ടുള്ള ഇടപെടല്‍ മൂലം യുഎസ് അതില്‍നിന്ന് പിന്മാറിയെന്നും കിരിയാക്കോ വെളിപ്പെടുത്തി. എ.ക്യു. ഖാനെതിരായ നീക്കം നയതന്ത്രപരമായ പരാജയമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
