/kalakaumudi/media/media_files/2025/10/10/back-2025-10-10-21-52-56.jpg)
കീവ്: ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രെയ്‌ന്റെ ഊര്‍ജ കേന്ദ്രങ്ങളില്‍ റഷ്യ ശക്തമായ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് തലസ്ഥാനമായ കീവിന്റെ വലിയൊരു ഭാഗം ഇരുട്ടിലായി. വൈദ്യുതിയും വെള്ളവും മുടങ്ങി.
ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന മെട്രോയുടെ പ്രവര്‍ത്തനം നിലച്ചു. ശൈത്യകാലം അടുത്തതോടെ, ഊര്‍ജ സംവിധാനത്തെ ലക്ഷ്യമിട്ടുള്ള റഷ്യന്‍ ആക്രമണത്തില്‍ 9 മേഖലകളില്‍ വൈദ്യുതി തടസ്സപ്പെട്ടു. രാജ്യത്തുടനീളം 8,54,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു. ഇതുവരെയുണ്ടായതില്‍ ഏറ്റവും കനത്ത ആക്രമണമാണിതെന്ന് യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു.
തെക്ക്-കിഴക്കന്‍ യുക്രെയ്നില്‍ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ 7 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റു. കീവില്‍ നഗരമധ്യത്തിലെ ഒരു കെട്ടിടത്തിനു നേരെ ഷെല്ലാക്രമണമുണ്ടായി. ഊര്‍ജ സംവിധാനത്തിന് നേരെയുള്ള ആക്രമണങ്ങള്‍ റഷ്യ ശക്തമാക്കിയതോടെ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പ്രാദേശിക അധികൃതര്‍ ബുദ്ധിമുട്ടുകയാണ്. സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ഊര്‍ജ സംവിധാനവുമാണ് റഷ്യയുടെ പ്രധാന ലക്ഷ്യമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി സമൂഹമാധ്യമത്തില്‍ കുറിച്ചു.
സഖ്യകക്ഷികളോട് അദ്ദേഹം കൂടുതല്‍ പിന്തുണ അഭ്യര്‍ഥിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുന്നതിലും ഉപരോധങ്ങള്‍ നടപ്പിലാക്കുന്നതിലും ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. റഷ്യന്‍ ആക്രമണത്തില്‍ 465 ഡ്രോണുകളില്‍ 405 എണ്ണവും 32 മിസൈലുകളില്‍ 15 എണ്ണവും തകര്‍ത്തതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. റഷ്യയിലെ സാധാരണ പൗരന്‍മാര്‍ക്കു നേരെ യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികരണമായാണ് ആക്രമണം നടത്തിയതെന്ന് റഷ്യ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
