യുഎഇയിലേക്കുള്ള സർവീസുകൾ ഉയർത്താനൊരുങ്ങി ഇന്ത്യൻ ബജറ്റ് എയർലൈൻ ഇൻഡിഗോ എയർലൈൻസ്. യുഎഇയിലെ ഫുജൈറയിലേക്ക് നേരിട്ടുള്ള പുതിയ പ്രതിദിന സർവീസുകൾ തുടങ്ങാനൊരുങ്ങുകയാണ് ഇൻഡിഗോ. കേരളത്തിൽ നിന്നുൾപ്പെടെ പുതിയ സർവീസുകളുണ്ട്. ഇൻഡിഗോയുടെ 41-ാമത്തെ അന്താരാഷ്ട്ര സർവീസുമാണിത്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാരുടെ ഡിമാൻഡ് വർധിച്ചതിനെ തുടർന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നതെന്നും പുതിയ റൂട്ടിൽ ദിവസേന നേരിട്ടുള്ള സർവീസുകൾ ഉണ്ടാകുമെന്നും എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. കണ്ണൂരില്‍ നിന്നും മുംബൈയില്‍ നിന്നും മെയ് 15 മുതല്‍ ഫുജൈറയിലേക്ക് ദിവസേന നേരിട്ടുള്ള സര്‍വീസ് തുടങ്ങുമെന്നാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തെ ഡെസ്റ്റിനേഷനാണ് ഫുജൈറ.
കണ്ണൂരിൽ നിന്നും മുംബൈയിൽ നിന്നും മെയ് 15 മുതൽ ഫുജൈറയിലേക്ക് ദിവസേന നേരിട്ടുള്ള സർവീസ് തുടങ്ങുമെന്നാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്ന് രാത്രി 8.55ന് പുറപ്പെടുന്ന ആദ്യ വിമാനം രാത്രി 11.25ന് ഫുജൈറയിൽ എത്തും. തിരികെ പുലർച്ചെ 3.40ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് കണ്ണൂരിൽ എത്തും. ഫുജൈറയിൽ നിന്ന് അർധരാത്രി 12.25ന് പുറപ്പെട്ട് പുലർച്ചെ 4.50ന് മുംബൈയിൽ ഇറങ്ങും. മുംബൈയിൽ നിന്നു പുലർച്ചെ 1.10ന് പുറപ്പെട്ട് ഫുജൈറയിൽ പുലർച്ചെ 2.40ന് എത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉൽപന്നങ്ങളിൽ ആകർഷക നിരക്കിളവുകളും ലഭിക്കും.
ദുബൈയിലേക്കും ഷാർജയിലേക്കും തിരികെയുമുള്ള യാത്രക്കാർക്കായി ബസ് സർവീസുകളും ഇൻഡിഗോ ഏർപ്പെടുത്തും. അബുദാബി, ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്കാണ് നിലവിൽ ഇൻഡിഗോ സർവീസുകൾ നടത്തുന്നത്. ഇത് യുഎഇയുടെ വിവിധ പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ്.