എന്നെ തൊട്ടാല്‍ ഞാന്‍ തട്ടും! ഫിലിപ്പിന്‍സ് പ്രസിഡന്റിന് വൈസ് പ്രസിഡന്റിന്റെ ക്വട്ടേഷന്‍!

രാജ്യത്തെ പ്രധാന രാഷ്ട്രീയ കുടുംബങ്ങളാണ് ഇരുവരുടേതും. രണ്ടു രാഷ്ട്രീയ കുടുംബങ്ങളും എന്നും ശത്രുപക്ഷത്തുമായിരുന്നു. അതായത് സിനിമകളില്‍ കാണുന്നത് പോല കുടിപ്പക.  

author-image
Rajesh T L
New Update
philippines issue

അമ്പരപ്പിക്കുന്ന, അതേ സമയം കൗതുകകരവുമായ ഒരു വാര്‍ത്തയാണിത്. രാഷ്ട്രീയത്തില്‍ എതിരാളികള്‍ തമ്മിലുള്ള വെല്ലുവിളിയും ആരോപണങ്ങളുമെല്ലാം സ്വാഭാവികമാണ്. കൊലവിളി പോലും നടത്താറുണ്ട്. അത്തരമൊരു ഭീഷണിയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. 

ഭീഷണി മുഴക്കിയത് ഫിലിപ്പീന്‍സ് വൈസ് പ്രസിഡന്റാണ്. ഭീഷണി രാജ്യത്തെ പ്രസിഡന്റിനു നേരെയും. അതാണ് ഈ വാര്‍ത്തയിലെ കൗതുകം. 

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നിന്നെയും നിന്റെ കുടുംബത്തെയും ഞാന്‍ തീര്‍ക്കും. എന്നാണ്  ഫിലിപ്പീന്‍സ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെര്‍ട് കാര്‍പിയോയുടെ പരസ്യ ഭീഷണി. ഒരു ക്വട്ടേഷനെ കുറിച്ചും സാറ പറയുന്നത്. താന്‍ കൊല്ലപ്പെട്ടാല്‍ പ്രസിഡന്റിന്റെ തല വെട്ടണമെന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥന് 'ക്വട്ടേഷന്‍' കൊടുത്തുവെന്നാണ് സാറയുടെ പ്രഖ്യാപനം. അതും മാധ്യമങ്ങളെ വിളിച്ചുകൂട്ടിയാണ് സാറയുടെ വെല്ലുവിളി. വെറും തമാശയല്ല പറയുന്നതെന്നും സാറ വ്യക്തമായി പറയുന്നു.

ഇതോടെ വെട്ടിലായത് സുരക്ഷാ ഉദ്യോഗസ്ഥരാണ്. പ്രസിഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍ക്കോസ് ജൂനിയറിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണിപ്പോള്‍. 

സാറ കൊല്ലപ്പെട്ടാല്‍ പ്രസിഡന്റ്, ഭാര്യ ലിസ, ബന്ധുവും സ്പീക്കറുമായ മാര്‍ട്ടന്‍ റോമുല്‍ദെസ് എന്നിവരെ കൊല്ലുമെന്നാണ് സാറയുടെ ഭീഷണി. രണ്ടും കല്‍പ്പിച്ചുതന്നെയാണെന്നും ഭീഷണി തമാശയല്ലെന്നും സാറ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഒക്ടോബറില്‍, പ്രസിഡന്റിന്റെ തല വെട്ടിമാറ്റുന്നത് താന്‍ സങ്കല്‍പ്പിച്ചതായും സാറ പറയുന്നു. 

മുന്‍ ഏകാധിപതി ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ മകന്‍ ആണ് 66കാരനായ ഫെര്‍ഡിനന്‍ഡ്. മുന്‍ പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടെര്‍ട്ടിന്റെ മകള്‍ ആണ് 45കാരിയായ സാറ. രാജ്യത്തെ പ്രധാന രാഷ്ട്രീയ കുടുംബങ്ങളാണ് ഇരുവരുടേതും. രണ്ടു രാഷ്ട്രീയ കുടുംബങ്ങളും എന്നും ശത്രുപക്ഷത്തുമായിരുന്നു. അതായത് സിനിമകളില്‍ കാണുന്നത് പോല കുടിപ്പക.  

പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും വെവ്വേറെയാണ് ഫിലിപ്പീന്‍സില്‍ തിരഞ്ഞെടുക്കുന്നത്. 2022 മേയിലാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പല വിഷയങ്ങളില്‍ രണ്ടുപേരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഈ ഭിന്നതകളുടെ പേരില്‍ ഇരുവരും തെറ്റിപ്പിരിയുകയും ചെയ്തു.

ചൈനയുമായുള്ള ബന്ധത്തെ കുറിച്ചാണ് ഇരുവരും തമ്മിലുള്ള പ്രധാന തര്‍ക്കം. മാത്രമല്ല, തന്റെ അനുയായികളെയും കുടുംബാംഗങ്ങളെയും കേസില്‍ കുടുക്കുന്നതായും സാറ ആരോപിക്കുന്നുണ്ട്.

ജൂണില്‍ സാറ കാബിനറ്റില്‍ നിന്ന് രാജിവച്ചിരുന്നു. എന്നാല്‍, വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു. 

സ്വയം സ്ഥാനമൊഴിയാതെ വന്നതോടെ വൈസ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിലാണ് പ്രസിഡന്റ്. അതോടെയാണ് ഭീഷണിയുമായി സാറ രംഗത്തുവന്നത്. 

ഫിലിപ്പീന്‍സിന്റെ ഭരണഘടന പ്രകാരം പ്രസിഡന്റ് മരിച്ചാല്‍ വൈസ് പ്രസിഡന്റ്, അടുത്ത പ്രസിഡന്റായി അധികാരത്തില്‍ വരും. 

 

 

 

news international philippines world news