സുഡാനില്‍ സൈനിക ശക്തികേന്ദ്രം പിടിച്ചെടുത്തു ആര്‍എസ്എഫ്; 460 പേരെ കൊന്നൊടുക്കി

രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഡര്‍ഫര്‍ മേഖലയിലെ എല്‍ ഫാഷര്‍ നഗരം കഴിഞ്ഞദിവസം പിടിച്ചെടുത്ത ആര്‍എസ്എഫ്, നൂറുകണക്കിന് സാധാരണക്കാരെയാണ് കൊന്നൊടുക്കിയത്. എല്‍ ഫാഷറിലെ പ്രധാന ആശുപത്രിയിലുണ്ടായിരുന്ന 460 സാധാരണക്കാരാണ് ഇവരുടെ നിഷ്ഠുരതയ്ക്കിരയായത്.

author-image
Biju
New Update
sudan

ഖാര്‍ത്തൂം: സുഡാനില്‍ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാര്‍ഫര്‍ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്). മുന്‍പ് സുഡാന്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അര്‍ധ സൈനിക വിഭാഗമായിരുന്നു ഇവര്‍. 

രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഡര്‍ഫര്‍ മേഖലയിലെ എല്‍ ഫാഷര്‍ നഗരം കഴിഞ്ഞദിവസം പിടിച്ചെടുത്ത ആര്‍എസ്എഫ്, നൂറുകണക്കിന് സാധാരണക്കാരെയാണ് കൊന്നൊടുക്കിയത്. എല്‍ ഫാഷറിലെ പ്രധാന ആശുപത്രിയിലുണ്ടായിരുന്ന 460 സാധാരണക്കാരാണ് ഇവരുടെ നിഷ്ഠുരതയ്ക്കിരയായത്.

2023 മുതല്‍ സുഡാന്‍ സൈന്യവുമായി ആഭ്യന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടുവരികയാണ് ആര്‍എസ്എഫ്. ഡര്‍ഫര്‍ മേഖലയിലെ സുഡാന്‍ സൈന്യത്തിന്റെ അവസാനശക്തികേന്ദ്രമായിരുന്നു എല്‍ ഫാഷര്‍. പതിനെട്ടുമാസത്തോളം നീണ്ട ആക്രമണത്തിന് പിന്നാലെ ഞായറാഴ്ചയാണ് എല്‍ ഫാഷറിനെ ആര്‍എസ്എഫ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ ക്രൂരത അരങ്ങേറിയത്.

രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ സൗദി ആശുപത്രിക്കുള്ളിലുണ്ടായിരുന്ന മുഴുവനാളുകളെയും ചൊവ്വാഴ്ച ആര്‍എസ്എഫ് കൊന്നൊടുക്കുകയായിരുന്നെന്ന് സുഡാന്‍ ഡോക്ടേഴ്സ് നെറ്റ്വര്‍ക്ക് (എസ്ഡിഎന്‍) അറിയിച്ചു. 

എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് അറിയില്ലെങ്കിലും നഗരത്തിലെ ആശുപത്രി സംവിധാനങ്ങള്‍ മനുഷ്യരെ കശാപ്പുചെയ്യുന്ന ഇടങ്ങളായി മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂട്ടക്കൊലയെ ലോകാരോഗ്യസംഘടന അപലപിക്കുകയും സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആര്‍എസ്എഫ്, നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് ആരോഗ്യപ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയതായും വിട്ടയക്കാന്‍ ഒന്നരലക്ഷം ഡോളര്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്.

സുഡാന്‍ സൈന്യവുമായുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട 2023 ഏപ്രില്‍മാസം മുതല്‍ക്കേ, അറബ് ഇതര ഗോത്രവിഭാഗങ്ങളെ ആര്‍എസ്എഫും അവരുടെ അറബ് കൂട്ടാളികളും ലക്ഷ്യംവെക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. 

എന്നാല്‍, ഇത് നിഷേധിക്കുന്ന നിലപാടായിരുന്നു ആര്‍എസ്എഫിന്റേത്. എല്‍ ഫാഷര്‍ ആര്‍എസ്എഫിന്റെ പിടിയിലായതിന് പിന്നാലെ അറബ് ഇതര വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള രണ്ടരലക്ഷത്തിലധികം ആളുകള്‍ നഗരത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയും മറ്റ് സന്നദ്ധ സംഘടനകളും വിലയിരുത്തുന്നത്. ആശയവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കിയതും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള യാഥാര്‍ഥ്യം അറിയുന്നതിന് തടസ്സമായിട്ടുണ്ട്.

ഡര്‍ഫര്‍, സമീപപ്രദേശമായ കോര്‍ദോഫാന്‍ എന്നിവിടങ്ങള്‍ ആര്‍എസ്എഫ് ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു. രാജ്യതലസ്ഥാനമായ ഖാര്‍ത്തൂം, മധ്യ-കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. നിലവില്‍ പരസ്പരം പോരടിക്കുന്ന ആര്‍എസ്എഫും സൈന്യവും മുന്‍പ് സഖ്യകക്ഷികളായിരുന്നു. 2021-ലെ അട്ടിമറിക്കു പിന്നാലെ സംയുക്തമയാണ് അധികാരത്തിലെത്തിയത്. എന്നാല്‍, സിവിലിയന്‍ ഭരണത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് യുദ്ധത്തിലേക്ക് നയിച്ചത്.