പ്രധാനമന്ത്രി മോദി ജപ്പാനില്‍; വ്യാപാര കരാറില്‍ ഒപ്പിടാനുള്ള യുഎസ് സന്ദര്‍ശനം റദ്ദാക്കി ജപ്പാന്‍ പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ജപ്പാനിലെത്തുന്നത്. ഇതിനു പിന്നാലെ 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ ചൈനയും സന്ദര്‍ശിക്കും

author-image
Biju
New Update
modi jappan

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജപ്പാനിലെത്തി. അതിനിടെ, യുഎസുമായി വ്യാപാരക്കരാറിലേര്‍പ്പെടാനുള്ള നേരത്തേ തീരുമാനിച്ച യാത്ര ജപ്പാന്‍ പ്രതിനിധി റദ്ദാക്കി. 

മോദിയുടെ സന്ദര്‍ശനത്തിനു തൊട്ടുമുന്‍പായാണ് ജപ്പാന്റെ വ്യാപാര പ്രതിനിധി റിയോസെയ് അകാസാവ യുഎസിലേക്കുള്ള യാത്ര റദ്ദാക്കിയത്. യുഎസില്‍ ജപ്പാന്‍ നടത്തുന്ന 550 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ കരാറിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കുന്നതിനായാണു പ്രതിനിധി യുഎസിലേക്ക് പോകാനിരുന്നത്.

ജപ്പാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 25 ശതമാനം തീരുവ ചുമത്തിയത് പിന്നീട് 15 ശതമാനമായി കുറച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജപ്പാന്‍ യുഎസില്‍ 550 ബില്യണിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തത്. യുഎസുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അതു കാരണമാണ് പ്രതിനിധിയുടെ യാത്ര റദ്ദാക്കിയതെന്നുമാണ് ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ജപ്പാനിലെത്തുന്നത്. ഇതിനു പിന്നാലെ 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ ചൈനയും സന്ദര്‍ശിക്കും. ഏഴു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്. ഒന്നിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും മോദി ചര്‍ച്ച നടത്തുന്നുണ്ട്.

narendra modi