പ്രധാനമന്ത്രി നരേന്ദ്ര മോദി ജോര്‍ദാന്‍ രാജാവിനെ കണ്ടു; ഇന്ന് എത്യോപ്യയിലെത്തും

പര്യടനത്തിന്റെ അവസാന ഘട്ടത്തില്‍ ഡിസംബര്‍ 17 മുതല്‍ 18 വരെ മോദി ഒമാനിലെത്തും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ ക്ഷണപ്രകാരമുള്ള ഇത് മോദിയുടെ രണ്ടാമത്തെ ഒമാന്‍ സന്ദര്‍ശനമാണ്.

author-image
Biju
New Update
jordan

അമ്മാന്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോര്‍ദാനിലെത്തി. തലസ്ഥാനമായ അമ്മാനില്‍ എത്തിയ മോദിയെ ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്‍ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ഇബ്‌നു അല്‍ ഹുസൈന്റെ ക്ഷണപ്രകാരം ഡിസംബര്‍ 15 മുതല്‍ 16 വരെ മോദി ജോര്‍ദാനില്‍ തങ്ങും. രാജാവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതോടൊപ്പം ഇന്ത്യന്‍ പ്രവാസികളുമായും കൂടിക്കാഴ്ചയുണ്ടാകും.

സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടമായി ഡിസംബര്‍ 16 മുതല്‍ 17 വരെ മോദി ഇത്യോപ്യയിലെത്തും. ഇതാദ്യമായാണ് മോദി എത്യോപ്യ സന്ദര്‍ശിക്കുന്നത്. എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി വിശദ ചര്‍ച്ചകള്‍ നടത്തും. ആഫ്രിക്കന്‍ യൂണിയന്റെ ആസ്ഥാനമായ അഡിസ് അബാബയില്‍ ഇന്ത്യന്‍ പ്രവാസികളെ കണ്ടുമുട്ടുകയും പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

പര്യടനത്തിന്റെ അവസാന ഘട്ടത്തില്‍ ഡിസംബര്‍ 17 മുതല്‍ 18 വരെ മോദി ഒമാനിലെത്തും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ ക്ഷണപ്രകാരമുള്ള ഇത് മോദിയുടെ രണ്ടാമത്തെ ഒമാന്‍ സന്ദര്‍ശനമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍  ഒപ്പുവെക്കല്‍ പ്രതീക്ഷിക്കുന്നു. പ്രവാസികളുമായുള്ള കൂടിക്കാഴ്ചയും ബിസിനസ് ഫോറവും ഉണ്ടാകും.