ചരിത്രം പിറന്നു; ഇന്ത്യ- ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചു

യുകെയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 99%, അതായത് രത്‌നങ്ങള്‍, തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, തുകല്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയ്ക്ക് പൂജ്യം താരിഫ് ആണ്. പകരമായി, ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 90% ത്തിലും യുകെ ഘട്ടം ഘട്ടമായി താരിഫ് കുറയ്ക്കും

author-image
Biju
New Update
trade

ലണ്ടന്‍:  നീണ്ട വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഇന്ത്യ  ബ്രിട്ടന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമായി. ഇന്ത്യ യുകെ വ്യാപാര കരാറിന് ധാരണയായി. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, ചെരുപ്പ് എന്നിവയ്ക്ക് യുകെ തീരുവ ഒഴിവാക്കും. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും.

സോഫ്റ്റ്‌വെയര്‍, ഇലക്ട്രോണിക്‌സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ സമ്മതിച്ചു. ബ്രിട്ടനെ സംബന്ധിച്ച്, യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം സാമ്പത്തികമായി ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കരാറാണ് ഈ കരാര്‍. ഇന്ത്യയ്ക്ക് ഏഷ്യയ്ക്ക് പുറത്തുള്ള ആദ്യത്തെ പ്രധാന സ്വതന്ത്ര വ്യാപാര കരാറാണിത്.

യുകെയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 99%, അതായത് രത്‌നങ്ങള്‍, തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, തുകല്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയ്ക്ക് പൂജ്യം താരിഫ് ആണ്. പകരമായി, ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 90% ത്തിലും യുകെ ഘട്ടം ഘട്ടമായി താരിഫ് കുറയ്ക്കും. സ്‌കോച്ച് വിസ്‌കിയുടെ തീരുവ ഉടനടി 150% ല്‍ നിന്ന് 75% ആയും 10 വര്‍ഷത്തിനുള്ളില്‍ 40% ആയും കുറയും.

100% ത്തിലധികം താരിഫ് നേരിടുന്ന ബ്രിട്ടീഷ് കാറുകളുടെ തീരുവ ഒരു ക്വാട്ട പ്രകാരം 10% ആയി കുറയ്ക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിമാന ഭാഗങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവയിലെ താരിഫ് ഇളവുകളും ഈ കരാറിന്റെ മറ്റ് നേട്ടങ്ങളാണ്. കരാറില്‍ ഒപ്പുവെക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുകെയില്‍ എത്തിച്ചേര്‍ന്നു. പിയൂഷ് ഗോയലാണ് ഇതുവരെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.

India-UK FTA