അമേരിക്കയില്‍ നടക്കുന്ന യുഎന്‍ ചര്‍ച്ചയില്‍ മോദി പങ്കെടുത്തേക്കില്ല; പകരം ജയ്ശങ്കര്‍

പ്രഭാഷകരുടെ പുതുക്കിയ താല്‍ക്കാലിക പട്ടിക പ്രകാരം, ഇന്ത്യയെ പ്രതിനിധീകരിച്ച് സെപ്റ്റംബര്‍ 27 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് സംസാരിക്കുക. ജൂലൈയില്‍ പുറത്തിറക്കിയ പ്രഭാഷകരുടെ താത്കാലിക പട്ടിക പ്രകാരം സെപ്തംബര്‍ 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുചര്‍ച്ചയെ അഭിസംബോധന ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.

author-image
Biju
New Update
modi 3

ന്യൂഡല്‍ഹി: ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസഭയുടെ ഉന്നതതല സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. സമ്മേളനത്തില്‍ സംസാരിക്കുന്ന പ്രഭാഷകരുടെ പുതുക്കിയ പട്ടികയില്‍ പ്രധാനമന്ത്രിയുടെ പേര് ഉള്‍പ്പെട്ടിട്ടില്ല.

 അമേരിക്കയില്‍ സെപ്റ്റംബര്‍ 9 ന് ആരംഭിക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ 80-ാമത് സെഷനില്‍ സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് ഉന്നതതല പൊതുചര്‍ച്ച നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സെപ്റ്റംബര്‍ 23 ന് ഈ വേദിയില്‍ നിന്ന് ലോക നേതാക്കളെ അഭിസംബോധന ചെയ്യും. വൈറ്റ് ഹൗസിലെ തന്റെ രണ്ടാം ടേമിലെ യുഎന്‍ സമ്മേളനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രസംഗമാണിത്.

പ്രഭാഷകരുടെ പുതുക്കിയ താല്‍ക്കാലിക പട്ടിക പ്രകാരം, ഇന്ത്യയെ പ്രതിനിധീകരിച്ച് സെപ്റ്റംബര്‍ 27 ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് സംസാരിക്കുക. ജൂലൈയില്‍ പുറത്തിറക്കിയ പ്രഭാഷകരുടെ താത്കാലിക പട്ടിക പ്രകാരം സെപ്തംബര്‍ 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുചര്‍ച്ചയെ അഭിസംബോധന ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഇസ്രായേല്‍, ചൈന, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ സെപ്റ്റംബര്‍ 26 ന് ഈ ചര്‍ച്ചയില്‍ സംസാരിക്കും. അതേസമയം പൊതുചര്‍ച്ചയ്ക്കുള്ള പ്രഭാഷകരുടെ പട്ടികയില്‍ ഇനിയും മാറ്റം വരാനുള്ള സാധ്യതയുണ്ട്.

അമേരിക്കയില്‍ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് ഏറ്റവും പ്രധാനപ്പെട്ട സമ്മേളനങ്ങളിലൊന്നാണ് ആ ചര്‍ച്ച. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനും ഉക്രെയ്ന്‍ സംഘര്‍ഷത്തിനും ഇടയില്‍ നടക്കുന്ന സമ്മേളനത്തിന് വലിയ പ്രാധാന്യവുമുണ്ട്. സെപ്റ്റംബര്‍ 24 ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഒരു കാലാവസ്ഥാ ഉച്ചകോടി വിളിച്ചിട്ടുണ്ട്. ക്ലീന്‍ എനര്‍ജിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ലോകനേതാക്കള്‍ പങ്കെടുക്കും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന പേരില്‍ ഇന്ത്യക്ക് മേല്‍ അമേരിക്ക അധിക തീരുവ ചുമത്തിയതും അതേച്ചൊല്ലി ബന്ധം അകന്നതുമാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് നയിച്ചിരിക്കുന്നത്.

naredra modi