/kalakaumudi/media/media_files/2026/02/16/mask-2026-02-16-13-00-33.jpg)
ബ്രിസീലിയ: റിയോ ഡി ജനീറോയിലെ പ്രശസ്തമായ കാര്‍ണിവലിനിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നവരെ പിടികൂടാന്‍ വ്യത്യസ്തമായൊരു തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ബ്രസീലിയന്‍ പൊലീസ്. ആഘോഷത്തിനെത്തുന്നവര്‍ക്കിടയില്‍ തിരിച്ചറിയപ്പെടാതെ ഒപ്പം കൂാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിവിധ 'ഫാന്‍സി ഡ്രസ്സ്' വേഷങ്ങളാണ് ധരിച്ചത്.
ക്യാപ്റ്റന്‍ അമേരിക്ക, ബാറ്റ്മാന്‍, 'ഫ്രൈഡേ ദി തേര്‍ട്ടീന്ത്' സിനിമയിലെ ജെയ്സണ്‍ വൂര്‍ഹീസ് തുടങ്ങിയ കഥാപാത്രങ്ങളുടെ മാസ്‌കുകള്‍ ധരിച്ചാണ് അണ്ടര്‍കവര്‍ ഓഫീസര്‍മാര്‍ പരിശോധന നടത്തിയത്. കൂടാതെ 'മണി ഹീസ്റ്റ്' എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസിലെ ചുവന്ന വസ്ത്രവും മാസ്‌കും ധരിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
സാന്താ തെരേസ പരിസരത്ത് വച്ച് ഒരു സ്ത്രീ ഫോണ്‍ കവരുന്നത് പൊലീസ് ഡ്രോണ്‍ വഴി കണ്ടെത്തുകയായിരുന്നു. ഇവര്‍ മോഷ്ടിച്ച ഫോണ്‍ മറ്റൊരാള്‍ക്ക് കൈമാറുന്നതിനിടെ വേഷംമാറിയെത്തിയ പൊലീസ് സംഘം ഇവരെ കൈയ്യോടെ പിടികൂടി. പിടിയിലായ രണ്ട് പേര്‍ക്കുമായി 30-ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ഒഴിവാക്കാന്‍ പ്രതിയായ സ്ത്രീ ഗര്‍ഭിണിയാണെന്ന് വരെ അഭിനയിച്ചു.
'ഓപ്പറേഷന്‍ ട്രാക്കിംഗ്' എന്ന വലിയൊരു പദ്ധതിയുടെ ഭാഗമായാണ് ഈ റെയ്ഡ് നടന്നത്. അഞ്ച് മോഷണ ഫോണുകള്‍ പൊലീസ് വീണ്ടെടുത്തു. ഈ പദ്ധതിയിലൂടെ ഇതുവരെ 13,000-ത്തോളം ഉപകരണങ്ങള്‍ കണ്ടെത്തുകയും 4,400 എണ്ണം ഉടമകള്‍ക്ക് തിരികെ നല്‍കുകയും ചെയ്തിട്ടുണ്ട്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇത്തരം രീതികള്‍ പുത്തരിയല്ല. പെറുവിലെ പൊലീസ് വാലന്റൈന്‍സ് ഡേ, ഹാലോവീന്‍, ക്രിസ്മസ് സമയങ്ങളില്‍ വേഷംമാറി റെയ്ഡ് നടത്താറുണ്ട്. ഗ്രിഞ്ച് , കാപ്പിബാര തുടങ്ങിയ വേഷങ്ങളിലും അവര്‍ ക്രിമിനലുകളെ പിടികൂടിയിട്ടുണ്ട്.
റിയോ കാര്‍ണിവല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ ഒത്തുചേരുന്ന തെരുവുകളില്‍ സാധാരണ പൊലീസ് യൂണിഫോമില്‍ എത്തിയാല്‍ മോഷ്ടാക്കള്‍ പെട്ടെന്ന് ജാഗ്രത പാലിക്കും. അതിനാലാണ് വേഷപ്രച്ഛന്നരായി പൊലീസ് എത്തിയത്.
ഈ ഓപ്പറേഷനില്‍ മാസ്‌ക് ധരിച്ച ഉദ്യോഗസ്ഥരെ സഹായിച്ചത് ഡ്രോണുകളാണ്. തെരുവില്‍ എവിടെയൊക്കെയാണ് സംശയാസ്പദമായ നീക്കങ്ങള്‍ നടക്കുന്നത് എന്ന് ആകാശത്തുനിന്ന് നിരീക്ഷിക്കാന്‍ ഡ്രോണ്‍ പൊലീസിനെ സഹായിച്ചു. ഫോണ്‍ കൈമാറുന്നത് ഡ്രോണ്‍ ക്യാമറയില്‍ കണ്ട ഉടനെ തന്നെ സമീപത്തുണ്ടായിരുന്ന വേഷംമാറിയ പൊലീസുകാര്‍ക്ക് വിവരം നല്‍കുകയും അവര്‍ സെക്കന്റുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
