ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ വഴി തിരയുകയാണ് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു കരാര്‍ അംഗീകരിക്കുന്നതിന്
അടിയന്തര യുദ്ധ ക്യാബിനറ്റ് ചേരണം.വോട്ടിങ് വേണമെന്നും വ്യക്തമാക്കിയിരുന്നു.ഇത് ഇപ്പോള്‍ വൈകിപ്പിക്കുകയാണ്.ഒപ്പം ഗസയില്‍ അതിരൂക്ഷ ആക്രമണം നടത്തി ഹമാസിനെതിരേ പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതിനകം തന്നെ ഹമാസിനെതിരേ നെതന്യാഹു ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞു.കരാര്‍ നടപ്പാക്കുന്നതിന് മുന്നേ വ്യവസ്ഥകളില്‍നിന്ന് ഹമാസ് പിന്നോട്ടു പോയെന്നാണ് നെതന്യാഹുവിന്റെ വാദം.വ്യാഴാഴ്ച് രാവിലെയാണ് കാബിനറ്റ് ചേരാന്‍ ഇരുന്നത്.എന്നാല്‍ അതുണ്ടായില്ല.ഹമാസ് ധാരണകളില്‍നിന്ന് പിന്നോട്ട് പോകുകയും അവസാന നിമിഷം പ്രതിസന്ധി സൃഷ്ടിക്കുകയും കരാറിനെ തടയുകയും ചെയ്യുന്നു .കരാറിലെ എല്ലാകാര്യങ്ങളും ഹമാസ് അംഗീകരിച്ചതായി മധ്യസ്ഥര്‍ ഇസ്രായേലിനെ അറിയിക്കുന്നത് വരെ മന്ത്രിസഭ ചേരില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ നടത്തിയ പ്രസ്താവനയും ചര്‍ച്ച ആയിട്ടുണ്ട്. ഹമാസിനെ നശിപ്പിക്കുക എന്ന ലക്ഷ്യം ഇസ്രായേല്‍ നേടിയെന്ന് പറഞ്ഞ ബ്ലിങ്കന്‍ സംഘടന പുതുതായി റിക്രൂട്ട് ചെയ്തര്‍ ബാക്കിയുണ്ടെന്ന സൂചന കൂടി നല്‍കി. ആക്രമണം അവസാനിക്കാനായിട്ടില്ലെന്ന് പരോക്ഷമായി പറഞ്ഞതാണെന്ന വിലയിരുത്തലാണ് ഇതുസംബന്ധിച്ച് വരുന്നതും.ഒക്ടോബര്‍ ഏഴിന് ഗസ്സയിലേക്ക് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ബന്ദികളുടെ മോചനവും ഹമാസിന്റെ ഉന്മൂലനവുമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ ഹമാസിനെ നശിപ്പിക്കാതെ വെടിനിര്‍ത്തല്‍ കരാറിനില്ലെന്നും നെതന്യാഹു പറഞ്ഞിരുന്നു.ഇസ്മായില്‍ ഹനിയ്യയും യഹ്യ സിന്‍വാറുമടക്കമുള്ള ഹമാസിന്റെ മുതിര്‍ന്ന നേതാക്കളെ ഇല്ലാതാക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടുണ്ടെങ്കിലും വിമോചന സംഘടനയെന്ന നിലയില്‍ അവരെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
വടക്കന്‍ ഗസ്സയിലേക്ക് ഫലസ്തീനികളെ തിരികെ പ്രവേശിപ്പിക്കുക, നെറ്റ്സാരിം- ഫിലാഡെല്‍ഫി ഇടനാഴികളില്‍നിന്നുള്ള ഇസ്രായേലി സൈന്യത്തിന്റെ പിന്മാറ്റം ഉള്‍പ്പെടെ ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഉപാധികളാണ് ഗത്യന്തരമില്ലാതെ നെതന്യാഹു സമ്മതിച്ചിരിക്കുന്നത്.ഇതോടെ രാജ്യത്ത് നിന്ന് തന്നെ കടുത്ത എതിര്‍പ്പാണ് നെതന്യാഹു നേരിടുന്നത്.ഇതുവരെ കൂടെയുണ്ടായിരുന്ന തീവ്രവലതുപക്ഷ നേതാക്കളും പ്രധാനമന്ത്രിക്ക് എതിരായിരിക്കുകയാണ്.ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ എതിര്‍പ്പുമായി രംഗത്തുവന്നുകഴിഞ്ഞു. ബെസലേല്‍ സ്മോട്രിച്ചും സമാന അഭിപ്രായക്കാരനാണ്. കൂടെ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുമുണ്ട്. ഇതുവരെ തുണയ്ക്കുണ്ടാക്കുന്നവര്‍ എതിര്‍പക്ഷത്തേക്ക് മാറുമ്പോള്‍ ഇനിയുള്ള നാളുകള്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിനും സുഖകരമായിരിക്കില്ല. ഇതെല്ലാം തിരിച്ചറിഞ്ഞിട്ടാണ് നിലവിലെ പിന്‍മാറ്റമെന്നാണ് കരുതുന്നത്.
എന്നാല്‍ കരാര്‍ പൂര്‍ണാര്‍ഥത്തില്‍ അംഗീകരിക്കുന്നതായി ഹമാസ് നേതാവ് ഇസ്സത്തുല്‍ റാശിഖ് അറിയിച്ചു.കരാര്‍പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹമാസ് വിശദീകരിച്ചു.
ബുധനാഴ്ച രാത്രിയാണ് ഖത്തർ പ്രധാനമന്ത്രി ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. ഹമാസ് അപ്പോള്‍ തന്നെ കരാര്‍ അംഗീകരിച്ചിരുന്നെങ്കിലും ക്യാബിനറ്റ് യോഗത്തിന് ശേഷം മാത്രമേ നിലപാട് വ്യക്തമാക്കൂവെന്നായിരുന്നു ഇസ്രയേല്‍ അറിയിച്ചിരുന്നത്.ഇതിനിടെയാണ് കരാര്‍ വ്യവസ്ഥകളില്‍നിന്ന് ഹമാസ് പിന്നോട്ട് പോയെന്ന ആരോപണവുമായി ഇസ്രായേല്‍ രംഗത്തെത്തിയത്.ചുരുക്കത്തില്‍ യുദ്ധ ക്യാബിനറ്റ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവിയും ആശങ്കയിലാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ആക്രമണം തുടര്‍ന്നതോടെ 84ലധികം പേരാണ് ഗസയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്.