/kalakaumudi/media/media_files/2025/02/19/jMo81zdjnU010TOJ2Au9.jpg)
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരം. ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി വത്തിക്കാന്‍ അറിയിച്ചു. നിലവില്‍ റോമിലെ ജെമിലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് മാര്‍പ്പാപ്പ. പ്രായാധിക്യം രോഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയതായാണ് റിപ്പോര്‍ട്ട്. രോഗം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഈയാഴ്ചത്തെ മാര്‍പ്പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ചയോടെ പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഫെബ്രുവരി 17ന് നടത്തിയ പരിശോധനകളില്‍ പോപ്പിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി കണ്ടെത്തിയിരുന്നുവെന്നും വത്തിക്കാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്. ചെറുപ്രായത്തിലേ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മാര്‍പ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ രീതിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരിട്ടിരുന്നു. 2023ലും ന്യൂമോണിയ ബാധയെ തുടര്‍ന്ന് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേവര്‍ഷം തന്നെ ഹെര്‍ണിയ ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിരുന്നു.