അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പാത പിന്തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിരമിക്കാന്‍ തീരുമാനിക്കുമോയെന്ന ചോദ്യമാണ് ഇതോടെ ഉയര്‍ന്നത്. 600 വര്‍ഷത്തിനിടെ വിരമിച്ച ആദ്യത്തെ മാര്‍പാപ്പയാണ് ബെനഡിക്റ്റ് പതിനാറാമന്‍. അനാരോഗ്യത്തെത്തുടര്‍ന്ന് 2013-ലാണ് അദ്ദേഹം വിരമിച്ചത്

author-image
Biju
New Update
giy

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില വിശദമാക്കി ഡോക്ടര്‍മാര്‍. മാര്‍പ്പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോഴും ശ്വാസം മുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും ഡോക്ടമാര്‍ പറഞ്ഞു.

കടുത്ത ശ്വാസ തടസത്തെ തുടര്‍ന്നാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയില്‍ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാന്‍ അറിയിച്ചിരുന്നു.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

അതിനിടെ ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ പദവിയൊഴിഞ്ഞേക്കുമെന്ന് സൂചനയുണ്ട്. വത്തിക്കാനിലെ സുപ്രധാന ചുമതലയുള്ള ആര്‍ച്ച് ബിഷപ്പുമാരാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.

ആരോഗ്യനില മെച്ചപ്പെട്ടില്ലെങ്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഒഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'എല്ലാത്തിനും സാധ്യതയുണ്ട്' എന്നായിരുന്നു ഫ്രാന്‍സിലെ മാര്‍സെ ആര്‍ച്ച് ബിഷപ് ജീന്‍ മാര്‍ക് അവേലിന്‍ പ്രതികരിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയിലാണെങ്കിലും സഭയുടെ ജീവിതം തുടരും എന്നാണ് ബാഴ്‌സലോണ ആര്‍ച്ച് ബിഷപ് ജുവാന്‍ ജോസ ഒമെല്ല മറുപടി നല്‍കിയത്. കര്‍ദിനാള്‍ ജിയാന്‍ഫ്രാങ്കോ രവാസിയും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. വിശ്വാസികളുമായി നേരിട്ട് ഇടപഴകാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിക്കുമെന്ന് ഉറപ്പാണ്- എന്നാണ് കര്‍ദിനാള്‍ പ്രതികരിച്ചത്. ആരോഗ്യനില മോശമായാല്‍ പദവിയൊഴിയുന്നതിനായി നല്‍കേണ്ട രാജിക്കത്ത് തയ്യാറാക്കി വച്ചിട്ടുണ്ടെന്ന് മാര്‍പാപ്പ മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘം അറിയിക്കുന്നത്. പ്രായവും മറ്റ് ആരോഗ്യപശ്ചാത്തലവും കണക്കാക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. കിടക്കയില്‍നിന്ന് എഴുന്നേറ്റ് വീല്‍ ചെയറില്‍ ഇരിക്കാന്‍ പാപ്പയ്ക്ക് കഴിയുന്നുണ്ട്. ഔദ്യോഗിക കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്ന മാര്‍പ്പാപ്പയുടെ രക്തപരിശോധനാ ഫലങ്ങളില്‍ പുരോഗതിയുണ്ടെന്നായിരുന്നു മെഡിക്കല്‍ സംഘത്തിന്റെ അറിയിപ്പ്.

ഇറ്റലിയുടെ പ്രധാനമന്ത്രിയായ ജോര്‍ജിയ മെലോനി ആശുപത്രിയിലെത്തി മാര്‍പാപ്പയെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഇരുപത് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മെലോനി മടങ്ങിയത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യനില സങ്കീര്‍ണമാകുകയായിരുന്നു. ബ്രോങ്കൈറ്റിസ് മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 14-നാണ് പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പാത പിന്തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിരമിക്കാന്‍ തീരുമാനിക്കുമോയെന്ന ചോദ്യമാണ് ഇതോടെ ഉയര്‍ന്നത്. 600 വര്‍ഷത്തിനിടെ വിരമിച്ച ആദ്യത്തെ മാര്‍പാപ്പയാണ് ബെനഡിക്റ്റ് പതിനാറാമന്‍. അനാരോഗ്യത്തെത്തുടര്‍ന്ന് 2013-ലാണ് അദ്ദേഹം വിരമിച്ചത്.

Francis pope