/kalakaumudi/media/media_files/2025/02/23/DXGXlM3GCDhSyv2QULki.jpg)
വത്തിക്കാന്‍ സിറ്റി : കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നല്‍കുന്നെന്ന് വത്തിക്കാന്‍ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടുമാണ് സ്ഥിതി വഷളാക്കുന്നത്. 17 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. 88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ഫെബ്രുവരി 14 നാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ കടുത്ത അണുബാധയുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്.
വെള്ളിയാഴ്ച ശ്വസന ഫിസിയോതെറാപ്പിക്ക് പാപ്പയെ വിധേയനാക്കിയിരുന്നു. ആശുപത്രിയ്ക്കുള്ളിലെ ചാപ്പലില്‍ പ്രാര്‍ത്ഥനയിലും പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വീണ്ടും വളഷായത്. പോപ്പ് എന്ന നിലയില്‍ വളരെയധികം ഉത്തരവാദിത്തങ്ങള്‍ മാര്‍പാപ്പക്കുണ്ട്.
സഭയെ നയിക്കാനുള്ള ശേഷിയില്ലെന്ന് വ്യക്തമായാല്‍ മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമനെപ്പോലെ, ഫ്രാന്‍സിസ് മാര്‍പാപ്പ രാജിവെക്കുമോയെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. 2021 ല്‍ കുടലിലെ ശസ്ത്രക്രിയയ്ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ 10 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. പ്രായാധിക്യവും നീണ്ട രോഗാവസ്ഥയും മൂലം, പരിശുദ്ധ സിംഹാസനത്തില്‍ മാര്‍പ്പാപ്പയുടെ അധികാരം എങ്ങനെ പ്രയോഗിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമായിട്ടുണ്ട്.
ഒരു പോപ്പ് രോഗബാധിതനോ, ഭരണം നടത്താന്‍ കഴിയാത്ത നില വരികയോ ചെയ്താല്‍, വത്തിക്കാന്‍ ക്യൂരിയയ്ക്ക് താല്‍ക്കാലിക ഭരണ ചുമതല വഹിക്കാന്‍ കഴിയും. അതേസമയം വത്തിക്കാന്റെയും സഭയുടെയും ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പോപ്പ് ഫ്രാന്‍സിസ് ഒരു പ്രതിനിധി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. താന്‍ വത്തിക്കാന്‍ കൊട്ടാരത്തില്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഈ സംഘമാകും ഭരണം നിര്‍വഹിക്കുക. സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ ആണ് സംഘത്തിന്റെ പ്രധാന ചുമതല.
ഒരു ബിഷപ്പിന് അസുഖം വന്ന് തന്റെ രൂപത നടത്താന്‍ കഴിയാത്തപ്പോള്‍ അതിനുള്ള വ്യവസ്ഥകള്‍ കാനോന്‍ നിയമത്തിലുണ്ട്, പക്ഷേ ഒരു പോപ്പിന് അങ്ങനെയൊന്നില്ല. ഒരു രൂപതയുടെ ബിഷപ്പിന് തന്റെ അജപാലന ധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍, ആ രൂപത 'പ്രതിബന്ധം' നേരിട്ടതായി പ്രഖ്യാപിക്കാമെന്ന് കാനോന്‍ 412 പറയുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, രൂപതയുടെ ദൈനംദിന നടത്തിപ്പ് സഹായ ബിഷപ്പ്, വികാരി ജനറല്‍ തുടങ്ങിയ ആര്‍ക്കെങ്കിലും കൈമാറുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ ബിഷപ്പാണെങ്കിലും, സമാനമായ 'പ്രതിബന്ധം' നേരിട്ടാല്‍ പോപ്പിന് വ്യക്തമായ വ്യവസ്ഥ നിലവിലില്ല. കാനോന്‍ 335 പ്രഖ്യാപിക്കുന്നത് പരിശുദ്ധ സിംഹാസനം 'ഒഴിവുള്ളതോ പൂര്‍ണ്ണമായും തടസ്സപ്പെട്ടതോ' ആയിരിക്കുമ്പോഴല്ലാതെ, സഭാ ഭരണത്തില്‍ ഒന്നും മാറ്റാന്‍ കഴിയില്ല എന്നാണ്. എന്നാല്‍ പരിശുദ്ധ സിംഹാസനം 'പൂര്‍ണ്ണമായും തടസ്സപ്പെടുക' എന്നതിന്റെ അര്‍ത്ഥമെന്താണെന്നോ അത് എപ്പോഴെങ്കിലും സംഭവിച്ചാല്‍ ഏതൊക്കെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുമെന്നോ വ്യക്തമാക്കുന്നില്ല.
ഈ നിയമപരമായ ആശയക്കുഴപ്പത്തിന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ, പുതിയ സഭാനിയമം രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കാനോന്‍ അഭിഭാഷകരുടെ നേതൃത്വത്തില്‍, 2021 ല്‍ ഒരു കനോനിക്കല്‍ ക്ലൗഡ്‌സോഴ്‌സിങിന് തുടക്കം കുറിച്ചിരുന്നു. പോപ്പിന് താല്‍ക്കാലികമോ, സ്ഥിരമോ ആയി ഭരണനിര്‍വഹണം ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ എന്തു ചെയ്യണം എന്നതായിരുന്നു പ്രധാന വിഷയം. പൂര്‍ണമായും ഭരണനിര്‍വഹണം കഴിയാത്ത അവസ്ഥയെങ്കില്‍, സഭയുടെ ഭരണം കാര്‍ഡിനല്‍ കോളജിന് കൈമാറമെന്ന് അതില്‍ നിര്‍ദേശം ഉയര്‍ന്നു.
പോപ്പിന് ഭരിക്കാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലാണെന്ന് ആരാണ് പ്രഖ്യാപിക്കുന്നത് എന്നതായിരുന്നു ഉയര്‍ന്നു വന്ന മറ്റൊരു പ്രശ്‌നം. പോപ്പിന് ഭരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കാന്‍ റോം ആസ്ഥാനമായുള്ള കര്‍ദ്ദിനാള്‍മാരെ വിളിച്ചുവരുത്തും. ഇത് ഒരു കോണ്‍ക്ലേവിന് സമാനമാകും. ഒരു മാര്‍പാപ്പ രാജിവെച്ചാല്‍ തന്നെ 'സ്വതന്ത്രമായും ശരിയായ രീതിയിലും തയ്യാറാക്കിയത് ' ആണെന്ന് ഉറപ്പാക്കണമെന്നും കാനോന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്.
-
Feb 27, 2025 19:17 IST
ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ വീണ്ടും പുരോഗതി
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ വീണ്ടും പുരോഗതിയുണ്ടായതായി വത്തിക്കാന്‍. ഇന്ന് വ്യാഴാഴ്ച അല്‍പ്പം മുന്‍പ് പുറത്തുവിട്ട പ്രസ് റിലീസിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയില്‍ പാപ്പ നന്നായി ഉറങ്ങിയെന്നും വിശ്രമം തുടരുകയുമാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറില്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ഇന്നലെ വൈകുന്നേരവും വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചിരിന്നു. നേരത്തെ വൃക്കകള്‍ക്ക് ഉണ്ടായ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും സിടി സ്‌കാന്‍ പരിശോധന ഫലത്തിലും ഇന്നലെ നടത്തിയ രക്തപരിശോധനയിലും പുരോഗതിയുണ്ടായതായി വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം ഫ്രാന്‍സിസ് പാപ്പയ്ക്കു ഉയര്‍ന്ന രീതിയില്‍ ഓക്‌സിജന്‍ തെറാപ്പി തുടരുന്നുണ്ട്. എന്നാല്‍ ബുധനാഴ്ച വൈകുന്നേരം വരെ അദ്ദേഹത്തിന് ആസ്മ പോലുള്ള ശ്വസന പ്രതിസന്ധികളൊന്നും ഉണ്ടായിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് ബ്രോങ്കൈറ്റിസ് ബാധിച്ചതിനെത്തുടര്‍ന്ന് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ പിന്നീട് കണ്ടെത്തിയ പരിശോധനയില്‍ ബൈലാറ്ററല്‍ ന്യുമോണിയ ആണെന്ന് കണ്ടെത്തുകയായിരിന്നു. ഇതിന് ശേഷം ഫ്രാന്‍സിസ് പാപ്പയുടെ അവസ്ഥ അതീവ ഗുരുതരമായെങ്കിലും രണ്ടു ദിവസമായി ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വത്തിക്കാന്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാകുന്നത്. അതേസമയം പാപ്പയുടെ ആശുപത്രി വാസം 13 ദിവസം പിന്നിട്ടിരിക്കുകയാണ്.
-
Feb 24, 2025 08:58 IST
അണുബാധ രക്തത്തിലേക്ക് വ്യാപിച്ചു
വത്തിക്കാന്‍ സിറ്റി: കുറച്ച് ദിവസങ്ങളായി വത്തിക്കാനില്‍ നിന്നും അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. ന്യുമോണിയ ബാധയേറ്റ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വളരെ ഗുരുതരമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ന്യുമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് 'സെപ്സിസ്' എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയെ ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ രോഗം അലട്ടുകയാണെന്നും മാര്‍പാപ്പയുടെ രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതിനാല്‍ വെള്ളിയാഴ്ച അദ്ദേഹത്തിന് രക്തംമാറ്റിവെച്ചിരുന്നുവെന്നും വത്തിക്കാന്‍ വെളിപ്പെടുത്തി.
ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 14 നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുശ്വാസകോശങ്ങളിലും കടുത്ത അണുബാധ വ്യാപിക്കുകയായിരുന്നു. രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയുന്ന 'ത്രോംബോസൈറ്റോഫീനിയ' എന്ന അവസ്ഥയോടൊപ്പം വിളര്‍ച്ചയും ബാധിച്ചതിനാലാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകാത്തതെന്നാണ് റിപ്പോര്‍ട്ട്.
ആരോഗ്യനില ഗുരുതരമാണെങ്കിലും അദ്ദേഹം കിടപ്പിലല്ലെന്നും അധികസമയവും ചാരുകസേരയില്‍ വിശ്രമിക്കുകയാണെന്നും അതേ സമയം കൂടുതല്‍ ക്ഷീണിതനായാണ് കാണപ്പെടുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച കുര്‍ബാനയ്ക്ക പങ്കെടുക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യനില മോശമാണെങ്കിലും ആശുപത്രി മുറിക്കുള്ളിലിരുന്ന് മാര്‍പാപ്പ തന്റെ ചുമതലകള്‍ പരമാവധി നിറവേറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.
ഡോക്ടര്‍ സെര്‍ഗൈയോ ആല്‍ഫേറിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ നിരന്തരനിരീക്ഷണത്തിലാണ് മാര്‍പാപ്പ ആശുപത്രിയില്‍ കഴിയുന്നത്. മാര്‍പാപ്പയ്ക്ക് വെന്റിലേറ്ററിന്റെ സഹായം നല്‍കിയിട്ടില്ലെന്നും ശ്വാസതടസ്സമുള്ളതിനാല്‍ പരിമിതമായി മാത്രയേ ശരീരചലനം നടത്തുന്നുള്ളുവെന്നും ഡോ.സെര്‍ഗൈയോ ആല്‍ഫേറി അറിയിച്ചു. ഈയവസ്ഥയിലും മാര്‍പാപ്പ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നര്‍മ്മസംഭാഷണം തുടരുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.
മാര്‍പാപ്പയുടെ ആരോഗ്യനിലയെ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന് ജെമെല്ലൈ ആശുപത്രിയ്ക്ക് പുറത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. മാര്‍പാപ്പയുടെ ആരോഗ്യത്തിനായി മെഴുകുതിരികള്‍ കൊളുത്തിയും സങ്കീര്‍ത്തനങ്ങള്‍ ചൊല്ലിയും കന്യാസ്ത്രീകളും പുരോഹിതന്‍മാരും ആശുപത്രിയ്ക്ക് പുറത്ത് കഴിയുകയാണ്. മാര്‍പാപ്പ ആരോഗ്യവാനായി മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷ റോമിലെത്തുന്ന തീര്‍ഥാടകരും പങ്കുവെച്ചു.
അതേസമയം, രോഗാവസ്ഥയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞേക്കുമെന്നുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 2013 ല്‍ ബെനഡിക്ട് നാലാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞതിനെ ചൂണ്ടിക്കാട്ടിയാണ് ഇത്തരം ചര്‍ച്ചകള്‍ ഉയരുന്നത്. എന്നാല്‍ കതോലിക്കസഭയുടെ നേതൃസ്ഥാനത്ത് ആജീവനാന്തം തുടരുന്നത് തന്റെ പ്രതിബദ്ധതയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വത്തിക്കാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ദിനാള്‍ സ്റ്റേറ്റ് സെക്രട്ടറി പിയത്രോ പറോലിലാണ് നേതൃത്വം നല്‍കുന്നത്. 2025 വിശുദ്ധവര്‍ഷമായി ആചരിക്കുന്നതിനാല്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ അടുത്തിടെ നടക്കുന്ന കുര്‍ബാനയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പകരം ആര്‍ച്ച് ബിഷപ് റീനോ ഫിസിക്കെല്ല നേതൃത്വം നല്‍കും.
ഇതിനിടെ, ആരോഗ്യനില മെച്ചപ്പെട്ടില്ലെങ്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഒഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'എല്ലാത്തിനും സാധ്യതയുണ്ട്' എന്നായിരുന്നു ഫ്രാന്‍സിലെ മാര്‍സെ ആര്‍ച്ച് ബിഷപ് ജീന്‍ മാര്‍ക് അവേലിന്‍ പ്രതികരിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയിലാണെങ്കിലും സഭയുടെ ജീവിതം തുടരും എന്നാണ് ബാഴ്സലോണ ആര്‍ച്ച് ബിഷപ് ജുവാന്‍ ജോസ ഒമെല്ല മറുപടി നല്‍കിയത്. കര്‍ദിനാള്‍ ജിയാന്‍ഫ്രാങ്കോ രവാസിയും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. വിശ്വാസികളുമായി നേരിട്ട് ഇടപഴകാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിക്കുമെന്ന് ഉറപ്പാണ്- എന്നാണ് കര്‍ദിനാള്‍ പ്രതികരിച്ചത്. ആരോഗ്യനില മോശമായാല്‍ പദവിയൊഴിയുന്നതിനായി നല്‍കേണ്ട രാജിക്കത്ത് തയ്യാറാക്കി വച്ചിട്ടുണ്ടെന്ന് മാര്‍പാപ്പ മുമ്പ് വെളിപ്പെടുത്തിയിരുന്നു.ഇതിനിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘം അറിയിക്കുന്നത്.ഇറ്റലിയുടെ പ്രധാനമന്ത്രിയായ ജോര്‍ജിയ മെലോനി ആശുപത്രിയിലെത്തി മാര്‍പാപ്പയെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.