/kalakaumudi/media/media_files/2025/07/26/thai-2-2025-07-26-13-54-15.jpg)
ബാങ്കോക്ക്: തെക്കു കിഴക്കന്‍ ഏഷ്യയില്‍ യുദ്ധ കാഹളം മുഴക്കി തായ്ലന്‍ഡും കമ്പോഡിയയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ഇതുവരെയായി 32 ഓളം പേരാണ് ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മില്‍ വെടിവയ്പ്പ്, റോക്കറ്റ് ആക്രമണങ്ങള്‍, വ്യോമാക്രമണങ്ങള്‍ എന്നിവ നടത്തുന്നത് തുടരുന്നു.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കവും പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഹിന്ദു ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കവും ആണ് തായ്ലന്‍ഡും കമ്പോഡിയയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രധാന കാരണം.
11-ാം നൂറ്റാണ്ടിലെ ഒരു ഹിന്ദു ക്ഷേത്ര സമുച്ചയമായ പ്രസാത് താ മുയെന്‍ തോം ആണ് ഇരു രാജ്യങ്ങളുടെയും പ്രധാന തര്‍ക്ക വിഷയം. കംബോഡിയയിലെ ഒദ്ദാര്‍ മീഞ്ചെ പ്രവിശ്യയ്ക്കും തായ്ലന്‍ഡിലെ സുരിന്‍ പ്രവിശ്യയ്ക്കും ഇടയിലുള്ള അതിര്‍ത്തി മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ ശിവക്ഷേത്രം വളരെക്കാലമായി തായ്ലന്‍ഡും കമ്പോഡിയയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കേന്ദ്രമാണ്. ക്ഷേത്ര സമുച്ചയത്തിന്റെ ഉടമസ്ഥാവകാശം ഇരുരാജ്യങ്ങളും അവകാശപ്പെടുന്നു.
ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഖെമര്‍ സാമ്രാജ്യത്തിന്റെ ചരിത്രപരമായ അതിര്‍ത്തിക്കുള്ളിലാണെന്ന് കംബോഡിയ വാദിക്കുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ ഭൂപടങ്ങള്‍ ഉദ്ധരിച്ച് തങ്ങളുടെ ഭൂപ്രദേശത്താണ് ക്ഷേത്രം ഉള്ളതെന്ന് തായ്ലന്‍ഡും വാദിക്കുന്നു. 1962-ല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ക്ഷേത്രം കംബോഡിയയ്ക്ക് വിട്ടുകൊടുത്തെങ്കിലും, തായ്ലന്‍ഡ് അതിനു ചുറ്റുമുള്ള ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്നത് തുടരുന്നു.
ഖെമര്‍ രാജാവായ ഉദയാദിത്യവര്‍മ്മന്‍ രണ്ടാമന്റെ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട പ്രസാത് താ മുയെന്‍ തോം എന്ന ശിവക്ഷേത്രം പുരാതന ഖെമര്‍ ഹൈവേയോട് ചേര്‍ന്നുള്ള ഡാങ്രെക് പര്‍വതനിരകളിലാണ് സ്ഥിതി ചെയ്യുന്നത് . ഹിന്ദു ദേവനായ ശിവന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്.
സങ്കീര്‍ണ്ണമായ കൊത്തുപണികളും സംസ്‌കൃത ലിഖിതങ്ങളും കൊണ്ട് ചുറ്റപ്പെട്ട ക്ഷേത്രത്തില്‍ ഒരു പ്രകൃതിദത്ത പാറ ശിവലിംഗവും ഉണ്ട്. എന്നാല്‍ സാധാരണ രീതിയില്‍ ഖെമര്‍ ക്ഷേത്രങ്ങള്‍ക്ക് കിഴക്കുഭാഗത്തേക്കുള്ള കവാടം ആണ് ഉണ്ടാകാറുള്ളതെങ്കില്‍ ഈ ക്ഷേത്രത്തിന് തെക്കു ഭാഗത്തേക്കാണ് കവാടമുള്ളത്.
ഇന്നത്തെ കംബോഡിയയും തായ്ലന്‍ഡിന്റെ ചില ഭാഗങ്ങളും ഒരുകാലത്ത് ഉള്‍ക്കൊള്ളിച്ചിരുന്ന ഖെമര്‍ സാമ്രാജ്യത്തിന്റെ ചരിത്രപരമായ അതിര്‍ത്തികളെ അടിസ്ഥാനമാക്കിയാണ് കംബോഡിയ ഈ ക്ഷേത്രത്തിന് അവകാശവാദമുന്നയിക്കുന്നത്.
മെയ് മാസത്തില്‍ ഈ തര്‍ക്ക പ്രദേശത്ത് ഒരു കംബോഡിയന്‍ സൈനികന്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടതോടെയാണ് ഏറ്റവും പുതിയ സംഘര്‍ഷം ഉടലെടുത്തത്.