ഇന്ത്യ അമേരിക്ക വ്യാപാരക്കരാര്‍ ഉടനെന്ന് സൂചന

ഇന്ത്യയ്ക്കുമേല്‍ യുഎസ് ചുമത്തിയ തീരുവ മരവിപ്പിച്ചതിന്റെ അവസാനദിനമായ ജൂലൈ 9നു മുന്‍പ് കരാറില്‍ തീരുമാനത്തിലെത്താനാണ് ഇന്ത്യയുടെ ശ്രമം.

author-image
Biju
New Update
tradedvas

വാഷിങ്ടണ്‍:  48 മണിക്കൂറിനുള്ളില്‍ ഇന്ത്യയും യുഎസും ഇടക്കാല വ്യാപാരക്കരാറില്‍ ഒപ്പുവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാപാരക്കരാര്‍ ചര്‍ച്ചയ്ക്കായി വാഷിങ്ടനിലെത്തിയ രാജേഷ് അഗര്‍വാള്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സംഘം മടങ്ങുന്നത് നീട്ടിവച്ചിട്ടുണ്ട്. ഇന്ത്യയ്ക്കുമേല്‍ യുഎസ് ചുമത്തിയ തീരുവ മരവിപ്പിച്ചതിന്റെ അവസാനദിനമായ ജൂലൈ 9നു മുന്‍പ് കരാറില്‍ തീരുമാനത്തിലെത്താനാണ് ഇന്ത്യയുടെ ശ്രമം. ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കായി ഇന്ത്യ വിപണി തുറന്നുകൊടുക്കണമെന്ന യുഎസിന്റെ ആവശ്യത്തിലുള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീന്‍, അരി, ഗോതമ്പ് എന്നിവയ്ക്കുള്ള തീരുവയില്‍ ഇളവു വരുത്തണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ നിരസിച്ചു. ഇന്ത്യന്‍ കാര്‍ഷിക, ക്ഷീര വിപണികള്‍ കൂടുതല്‍ തുറന്നു നല്‍കണമെന്ന യുഎസിന്റെ ആവശ്യത്തിലും ഇന്ത്യ എതിര്‍പ്പുന്നയിച്ചിട്ടുണ്ട്. അതേസമയം ഗ്രാമീണ ജനതയുടെ വരുമാനത്തെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കുന്ന വിഷയമായതിനാല്‍ കാര്‍ഷിക, ക്ഷീര മേഖലകള്‍ ഇടക്കാല കരാറില്‍നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചനയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ചെരുപ്പ്, തുണിത്തരങ്ങള്‍, ലതര്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് തീരുവ ഇളവ് ലഭ്യമാക്കാന്‍ യുഎസിനുമേല്‍ ഇന്ത്യ സമ്മര്‍ദം തുടരുകയാണ്. ഇന്ത്യയുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായാല്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂന്നിരട്ടിയാകുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ സിഇഒ അജയ് സഹായ് പറഞ്ഞു. കരാര്‍ അന്തിമഘട്ടത്തിലാണെന്നും ഉടന്‍ ഒപ്പുവയ്ക്കുമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.