മോദിയെ വിളിച്ച് പുട്ടിൻ, ട്രംപുമായുള്ള അലാസ്ക കൂടിക്കാഴ്ച ചർച്ചയായി

ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും തന്ത്രപ്രധാനവുമായ പങ്കാളിത്തവും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുനേതാക്കളും സംസാരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

author-image
Biju
New Update
modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഫോണില്‍ സംസാരിച്ചു. പുട്ടിന്‍ വിളിച്ചെന്നും അലാസ്‌കയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചയെപ്പറ്റി സംസാരിച്ചെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ മോദി പറഞ്ഞു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്കുവച്ചതിന് പുട്ടിനു നന്ദി അറിയിച്ച മോദി, യുക്രെയ്‌നില്‍ സമാധാനപരമായ പരിഹാരമാണ് ഇന്ത്യ എപ്പോഴും ആവശ്യപ്പെടുന്നതെന്നും അതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹത്തെ അറിയിച്ചു. വരും ദിവസങ്ങളിലും ഇക്കാര്യങ്ങളില്‍ ചര്‍ച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും മോദി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 

വൈറ്റ്ഹൗസില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു തൊട്ടുമുമ്പാണ് പുട്ടിന്‍ മോദിയെ വിളിച്ചത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും തന്ത്രപ്രധാനവുമായ പങ്കാളിത്തവും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുനേതാക്കളും സംസാരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ ഇരട്ടത്തീരുവയ്ക്കു പിന്നാലെ ഇന്ത്യയുഎസ് ബന്ധത്തില്‍ ഉലച്ചിലുണ്ടായ സാഹചര്യത്തില്‍, റഷ്യന്‍ പ്രസിഡന്റിന്റെ ഫോണ്‍വിളിക്കു രാഷ്ട്രീയ പ്രാധാന്യമേറെയാണ്. 

ഓഗസ്റ്റ് 15 ന് ട്രംപും പുട്ടിനും തമ്മില്‍ അലാസ്‌കയില്‍ നടന്ന ചര്‍ച്ചയില്‍ റഷ്യയുക്രെയ്ന്‍ സംഘര്‍ഷമാണ് പ്രധാന വിഷയമായത്. പ്രധാന പ്രഖ്യാപനങ്ങളോ തീരുമാനങ്ങളോ ഉണ്ടായില്ലെങ്കിലും ചര്‍ച്ച ക്രിയാത്മകമായിരുന്നു എന്നുമാണ് പുട്ടിന്‍ പിന്നീട് പ്രതികരിച്ചത്. 

അലാസ്‌ക ചര്‍ച്ച വിജയകരമായാല്‍ ഇന്ത്യയ്ക്കു മേല്‍ യുഎസ് ചുമത്തിയ അധിക തീരുവ പിന്‍വലിച്ചേക്കുമെന്ന് ഉള്‍പ്പെടെ നിരീക്ഷണങ്ങളുണ്ടായിരുന്നു. റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നുവെന്ന കാരണം പറഞ്ഞതാണ് ട്രംപ് ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന 25 ശതമാനത്തിന് പുറമേ 25 ശതമാനം അധിക നികുതിയും ചുമത്തിയത്.