ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്ത് നരേന്ദ്ര മോദി

സെന്‍ഡായില്‍ എത്തിയ നരേന്ദ്ര മോദി ജാപ്പനീസ് റെയില്‍വേയില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെയും സന്ദര്‍ശിച്ചു. 16 ജാപ്പനീസ് പ്രവിശ്യകളുടെ തലവന്മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

author-image
Biju
New Update
pm

ടോക്കിയോ: ജപ്പാന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തു. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയും മോദിക്ക് ഒപ്പം ഉണ്ടായിരുന്നു. ടോക്കിയോയില്‍നിന്ന് സെന്‍ഡായിലേക്കാണ് ഇരുവരും ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തത്. പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ ക്ഷണമനുസരിച്ച് ഇന്ത്യജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണു മോദി ജപ്പാനില്‍ എത്തിയത്. 

സെന്‍ഡായില്‍ എത്തിയ നരേന്ദ്ര മോദി ജാപ്പനീസ് റെയില്‍വേയില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെയും സന്ദര്‍ശിച്ചു. 16 ജാപ്പനീസ് പ്രവിശ്യകളുടെ തലവന്മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് മോദി ജപ്പാനില്‍ എത്തിയത്. 15-ാം ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണിത്. 

ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം മോദി ഇന്നു ചൈനയിലേക്ക് തിരിക്കും. ടിയാന്‍ജിനിലില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി ചൈനയിലേക്ക് പോകുന്നത്. നാളെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി മോദി ചര്‍ച്ച നടത്തും. ചൈനീസ് പ്രസിഡന്റുമായുള്ള ചര്‍ച്ചയ്ക്കുശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായും ചര്‍ച്ച നടത്തും.

ഏഴു വര്‍ഷത്തിനു ശേഷമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മോദിയുടെ ചൈന സന്ദര്‍ശനം.

narendra modi