/kalakaumudi/media/media_files/2025/08/31/putin-2025-08-31-18-29-53.jpg)
ബീജിങ്: ചൈനയില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നാളെ ചര്‍ച്ച നടത്തും. ട്രംപിന്റെ നികുതി പ്രഹരമേറ്റ് നില്‍ക്കുന്ന ഏഷ്യന്‍ ശക്തികളുടെ ചൈനയിലെ സംഗമം അമേരിക്ക ഉള്‍പ്പടെയുള്ള ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുകയാണ്. ട്രംപിന്റെ വ്യാപാരയുദ്ധത്തെ നേരിടാന്‍ ഇന്ത്യയും റഷ്യയും ചൈനയും എന്ത് ധാരണയിലെത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കായാണ് ഏഷ്യന്‍ നേതാക്കള്‍ ചൈനയിലെ തീരനഗരമായ ടിയാന്‍ജിനില്‍ എത്തിയിട്ടുള്ളത്. ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോഡി ചൈനയില്‍ എത്തിയത്.
നാളെയും മറ്റന്നാളുമായാണ് ഷാംങായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടി നടക്കുന്നത്. 10 അംഗങ്ങളുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക,രാഷ്ട്രീയ,പ്രതിരോധ കാര്യ സംഘടനയില്‍ ഇന്ത്യയും ചൈനയും റഷ്യയും പ്രധാന ശക്തികളാണ്. ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്ര കൂട്ടായ്മയാണിത്.
Read More:
എന്നാല്‍ വ്‌ളാഡിമര്‍ പുടിനുമായുള്ള മോദിയുടെ ചര്‍ച്ച എപ്പോഴാണെന്ന് വ്യക്തമായിട്ടില്ല. ഉച്ചകോടിക്കിടയില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് പുറത്തു വരുന്ന വിവരം. റഷ്യയില്‍ നിന്ന് ഇന്ത്യ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനെ അമേരിക്ക എതിര്‍ക്കുന്ന സാഹചര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. യുക്രെയ്ന്‍ യുദ്ധവും ചര്‍ച്ചാ വിഷയമായേക്കും.
ഉച്ചകോടിയെ അമേരിക്കയും ഏറെ പ്രധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ഏഷ്യന്‍ ശക്തികള്‍ ആഗോള വ്യാപാരത്തെ കുറിച്ച് എന്ത് നിലപാടെടുക്കുമെന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നുണ്ട്. ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരെ ഏഷ്യന്‍ അച്ചുതണ്ട് ശക്തമാകുമോ എന്ന ആശങ്കയാണ് അമേരിക്കക്കുള്ളത്.