അമേലിയ രാജകുമാരി
ഹേഗ്: നെതർലൻഡ് കിരീടാവകാശി അമേലിയ രാജകുമാരി സുരക്ഷാ ഭീഷണിയെ തുടർന്ന് ഒരു വർഷത്തോളം സ്പെയിനിൽ താമസിച്ചതായി വെളിപ്പെടുത്തൽ. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച സ്പാനിഷ് രാജാവ് ഫിലിപ് ആറാമനും രാജ്ഞിയും നെതർലൻഡ്സിൽ ഔദ്യോഗിക സന്ദർശനം നടത്താനിരിക്കെയാണ് വെളിപ്പെടുത്തൽ. ആദ്യമായാണ് അമേലിയ രാജകുമാരി ഒരു രാജകീയ ചടങ്ങിൽ ഔദ്യോഗികമായി പങ്കെടുക്കുന്നത്.
ഏകദേശം ഒരു വർഷത്തോളം അമേലിയ സ്പാനിഷ് തലസ്ഥാനമായ മഡ്രിഡിൽ തങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. പഠനത്തിൻറെ ഭാഗമായി 2022 ഒക്ടോബറിൽ രാജകുമാരി ആംസ്റ്റർഡാം സർവകലാശാലയിൽ ചേർന്നിരുന്നു. മറ്റു വിദ്യാർഥികൾക്കൊപ്പം സാധാരണക്കാരിയായി ജീവിച്ച് പഠിക്കാനായിരുന്നു രാജകുമാരിയുടെ തീരുമാനമെങ്കിലും ആളുകൾ ഇവരെ തിരിച്ചറിഞ്ഞതോടെ തിരികെ ഹേഗിലെ കൊട്ടാരത്തിലേക്കു മടങ്ങുകയായിരുന്നു.
ഈ സമയത്താണ് അമേലിയ രാജകുമാരിക്കും ഡച്ച് പ്രധാനമന്ത്രി മാർക് റുട്ടിനും സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. രാജ്യത്തെ ചില കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുടെ സംഭാഷണങ്ങളിൽ ഇവരുടെ പേര് ചർച്ചയായതായിട്ടായിരുന്നു വിവരം. പിന്നാലെ ഇന്റലിജൻസ് റിപ്പോർട്ട് വന്നതോടെ രാജകുമാരി സ്പെയിനിലേക്കു മാറുകയായിരുന്നു. അതേസമയം, എപ്പോഴാണ് ഇവർ സ്പെയിനിൽ താമസിച്ചത് എന്ന കാര്യം വ്യക്തമല്ല.