യുഎസില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണ് അപകടം ;7 മരണം

ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് രാജ്യത്തുടനീളം വിമാനയാത്ര തടസ്സപ്പെടുത്തിയ സമയത്താണ് ഈ അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ബാംഗർ വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു

author-image
Devina
New Update
get

വാഷിങ്ടൻ: യുഎസിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണ് ഏഴ് മരണം. യുഎസിലെ മെയ്ൻ സ്റ്റേറ്റിലുള്ള ബാംഗർ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. അപടത്തിൽ ഒരു വിമാന ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.ബോംബാർഡിയർ ചലഞ്ചർ 600 എന്ന വിമാനമാണ് ഇന്നലെ പ്രാദേശിക സമയം രാത്രി 7:45 ഓടെയാണ് അപകടത്തിൽപ്പെട്ടത്.

അഞ്ച് യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം.

ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് രാജ്യത്തുടനീളം വിമാനയാത്ര തടസ്സപ്പെടുത്തിയ സമയത്താണ് ഈ അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ബാംഗർ വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു.

റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന് തീപിടിച്ചതായാണ് വിവരം. ഒൻപതു മുതൽ 11 വരെ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന, വീതിയേറിയ ബോഡിയുള്ള ബിസിനസ് ജെറ്റാണ് ബോംബാർഡിയർ ചലഞ്ചർ 600. ചാർട്ടർ സർവീസുകൾക്ക് ഏറെ ആവശ്യക്കാരുള്ള വിമാനമാണിത്.അമേരിക്കയിൽ അതിശൈത്യം തുടരുന്നതിനിടെയാണ് അപകടം.

 ഈ സമയത്ത് കാഴ്ചാ പരിമിതി വളരെ കുറവായിരുന്നുവെന്നാണ് വിവരം. അപകടത്തിന് തൊട്ട് മുൻപ് ടേക്ക് ഓഫിനിടെ കാഴ്ചാ പരിമിതി സംബന്ധിച്ച് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തോട് പൈലറ്റ് പരാതിപ്പെട്ടിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്