ബംഗ്ലാദേശിൽ പ്രമുഖ ഹിന്ദു നേതാവിനെ തട്ടി കൊണ്ടു പോയി മർദിച്ചു കൊലപ്പെടുത്തി

വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ഒരു ഫോണ്‍കോള്‍ വന്നതായും ഭാബേഷ് വീട്ടിലുണ്ടെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു ആ ഫോണ്‍വിളിയെന്നും അദ്ദേഹത്തിന്റെ ഭാര്യ ശന്തന ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു

author-image
Anitha
New Update
kdfadiwa

ധാക്ക: ബംഗ്ലാദേശില്‍ പ്രമുഖ ഹിന്ദു സമുദായ നേതാവിനെ കടത്തിക്കൊണ്ടുപോയി ക്രൂര മര്‍ദ്ദനത്തിനിരയാക്കി. മര്‍ദ്ദനത്തെ തുടര്‍ന്ന് 58-കാരനായ ഭാബേഷ് ചന്ദ്ര റോയി ആശുപത്രിലേക്കുള്ള യാത്രമധ്യേ മരിച്ചു. വ്യാഴാഴ്ച വടക്കന്‍ ബംഗ്ലാദേശിലെ ദിനാജ്പുര്‍ ജില്ലയിലാണ് സംഭവമെന്ന് പോലീസിനേയും ഭാബേഷിന്റെ കുടുംബാംഗങ്ങളേയും ഉദ്ധരിച്ച് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ഒരു ഫോണ്‍കോള്‍ വന്നതായും ഭാബേഷ് വീട്ടിലുണ്ടെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു ആ ഫോണ്‍വിളിയെന്നും അദ്ദേഹത്തിന്റെ ഭാര്യ ശന്തന ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. അരമണിക്കൂറിന് ശേഷം രണ്ട് ബൈക്കുകളിലായെത്തിയ നാലുപേര്‍ ബലം പ്രയോഗിച്ച് ഭാബേഷിനെ കൂട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോധരഹിതനായി കണ്ടെത്തിയ ഭാബേഷിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പ് മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബംഗ്ലാദേശ് പൂജ ഉദ്ജപന്‍ പരിഷദിന്റെ ബീരാല്‍ ഘടകം വൈസ് പ്രസിഡന്റായിരുന്നു ഭാബേഷ്. പ്രദേശത്തെ പ്രധാന സാമുദായികനേതാവായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി ബീരാല്‍ പോലീസ് ഡെയ്‌ലി സ്റ്റാറിനോട് പ്രതികരിച്ചു.

അതേസമയം പശ്ചിമബംഗാളില്‍ നടക്കുന്ന സംഘര്‍ഷത്തെ കുറിച്ചുള്ള ബംഗ്ലാദേശി ഉദ്യോഗസ്ഥരുടെ പ്രതികരണത്തെ വെള്ളിയാഴ്ച ഇന്ത്യ പാടെ തള്ളി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഇന്ത്യയുടെ കാര്യത്തില്‍ അധികം ശ്രദ്ധ ചെലുത്തേണ്ടതില്ലെന്നും ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികളിലാണ് ശ്രദ്ധിക്കേണ്ടതെന്നും ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടതായി ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

leader bangladesh bjp leader hindu