/kalakaumudi/media/media_files/2025/03/26/sjTJ6arqKoWVyITvGFno.jpg)
റിയാദ്: റഷ്യയും യുക്രെയ്നും തമ്മില്‍ കരിങ്കടലില്‍ വെടിനിര്‍ത്തലിന് ധാരണയായി. സൗദി അറേബ്യയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്താന്‍ ധാരണയായത്. കരിങ്കടല്‍ വഴി പോകുന്ന കപ്പലുകള്‍ ഇരുരാജ്യങ്ങളും ആക്രമിക്കില്ല എന്ന ധാരണക്ക് റഷ്യയും യുക്രെയ്നും സമ്മതിച്ചു. ധാരണ നിലവില്‍ വരും മുന്‍പ് ചില ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
ധാരണ അനുസരിക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയോട് അമേരിക്ക നിര്‍ദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയ്ന് ഇനി കരിങ്കടല്‍ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമില്ലെന്നും ധാരണയായിട്ടുണ്ട്. സൗദി അറേബ്യയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ റഷ്യയും യുക്രെയ്നുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ യാഥാര്‍ത്ഥ്യമായത്. ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ ഇരു രാജ്യങ്ങളും ആക്രമിക്കില്ല എന്നും ധാരണയിലുണ്ട്.
റഷ്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെയും വളത്തിന്റെയും കയറ്റുമതിക്ക് മേലെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കിയേക്കും. ഇത് സംബന്ധിച്ച് റഷ്യയ്ക്ക് അമേരിക്ക ഉറപ്പ് നല്‍കിയിട്ടുണ്ട്. റിയാദില്‍ ഉണ്ടാക്കിയ കരാറുകള്‍ക്ക് അനുസൃതമായി ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്നത് തുടരുമെന്ന് അമേരിക്ക പറഞ്ഞു.
എന്നാല്‍ യുക്രെയ്ന്‍ ഭരണകൂടത്തിന്റെ 'നാസി' സ്വഭാവത്തെ യൂറോപ്യന്‍ നാറ്റോ അംഗങ്ങള്‍ മനഃപൂര്‍വ്വം അവഗണിക്കുകയാണെന്ന വിമര്‍ശനവുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. രംഗത്തുവന്നു. റഷ്യന്‍ വിരുദ്ധ ഉപകരണമായി അവര്‍ യുക്രെയ്നെ മാറ്റിയെന്നും റഷ്യക്കാര്‍ക്കെതിരെ വംശീയ അതിക്രമങ്ങള്‍ നടത്തുമ്പോഴും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുമ്പോഴും അംഗരാജ്യങ്ങള്‍ മൗനം പാലിക്കുകയാണെന്നും ലാവ്‌റോവ് കുറ്റപ്പെടുത്തി. റഷ്യക്കെതിരായ വംശീയ, നാസി ബാനറുകള്‍ക്ക് കീഴില്‍ യുക്രെയ്നെ വളര്‍ത്തിയെടുക്കുകയാണ് യൂറോപ്പ് എന്നും അദ്ദേഹം ആഞ്ഞടിച്ചു. പൊതു നയതന്ത്രം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ എന്‍ജിഒയായ ഗോര്‍ച്ചകോവ് ഫണ്ടിന്റെ ട്രസ്റ്റി എന്ന നിലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റഷ്യയെക്കുറിച്ചുള്ള ഒരു ആധികാരിക വീക്ഷണം അവതരിപ്പിക്കുക എന്ന സംഘടനയുടെ ദൗത്യത്തെ അദ്ദേഹം ഊന്നിപ്പറയുകയും 'തെറ്റുപറ്റാത്തതായി സ്വയം ചിത്രീകരിക്കുന്ന പാശ്ചാത്യരുടെ സമീപനവുമായി അതിനെ ശക്തമായി താരതമ്യം ചെയ്യുകയും ചെയ്തു.
അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ റഷ്യയുമായി നേരിട്ടുള്ള നാറ്റോ ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, സൈനിക സംഘത്തോടുള്ള ശത്രുതാപരമായ ഉദ്ദേശ്യങ്ങള്‍ റഷ്യ പലകുറി നിഷേധിച്ചിട്ടുള്ളവയാണ്. യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ റഷ്യയുടെ നിലപാട് 'ഡീനാസിഫിക്കേഷന്‍' എന്നതാണ്. വിവേചനപരമായ ആഭ്യന്തര നയങ്ങള്‍, റഷ്യന്‍ പൗരന്മാര്‍ക്കെതിരായ യുദ്ധക്കുറ്റകൃത്യങ്ങള്‍, രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി ജര്‍മ്മനിയുമായി സഹകരിച്ച ചരിത്രപരമായ ദേശീയവാദികളോടുള്ള ആരാധന എന്നിവ കാരണം റഷ്യന്‍ ഉദ്യോഗസ്ഥര്‍ യുക്രെയ്ന്‍ സര്‍ക്കാരിനെ 'നവ-നാസി ഭരണകൂടം' എന്ന് അപലപിച്ചു.
യുക്രെയ്ന്‍ നേതാവ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ അടിക്കടി വിവാദത്തിലാക്കുന്ന മറ്റൊരു പരിപാടിയാണ് സെലെന്‍സ്‌കിയുടെ ഫോട്ടോഗ്രാഫ്. സെലെന്‍സ്‌കിയുടെ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസിനെ ഒരു 'മാനസിക ആശുപത്രി' യോട് ഉപമിച്ചിരിക്കുകയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ. ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച ഫോട്ടോകളില്‍ സെലെന്‍സ്‌കി രണ്ട് യുദ്ധ പ്രമേയമുള്ള പെയിന്റിംഗുകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നത് ആയി കാണം. ഒന്ന് റഷ്യന്‍ പ്രദേശത്ത് യുദ്ധം ചെയ്യുന്ന യുക്രെനിയന്‍ സൈനികരെ ചിത്രീകരിക്കുമ്പോള്‍ മറ്റൊന്ന്, ക്രെംലിലെ തീജ്വാലകള്‍ വിഴുങ്ങുന്നതുമാണ്. കരിങ്കടലില്‍ മുങ്ങുന്ന ഒരു റഷ്യന്‍ യുദ്ധക്കപ്പലിന്റെ ചിത്രവും കൂട്ടത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സെലെന്‍സ്‌കി തന്നെയാണ് പെയിന്റിംഗുകള്‍ തിരഞ്ഞെടുത്തതെന്നും അവ ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന ഓഫീസിന് പിന്നിലുള്ള ഒരു ചെറിയ മുറിയില്‍ തൂക്കിയിട്ടിട്ടുണ്ടെന്നും ടൈം പറഞ്ഞു.
ചിത്രങ്ങളെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നതിനിടെയാണ് സെലന്‍സ്‌കിയെ സഖരോവ മാനസികരോഗി എന്ന് വിളിച്ചതെന്ന് TASS റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ഉപരിസഭയായ ഫെഡറേഷന്‍ കൗണ്‍സിലിന്റെ വിദേശകാര്യ സമിതിയുടെ ഡെപ്യൂട്ടി തലവനായ വ്‌ളാഡിമിര്‍ ഷാബറോവും അവരുടെ വീക്ഷണത്തെ പ്രതിധ്വനിപ്പിച്ചു. സെലെന്‍സ്‌കിയുടെ ഓഫീസിലെ കത്തുന്ന ക്രെംലിന്റെ പെയിന്റിംഗ് അദ്ദേഹത്തിന്റെ പരിമിതമായ മാനസിക ശേഷിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രെംലിനെ ആക്രമിക്കുന്നതിനെക്കുറിച്ചുള്ള തന്റെ മുന്‍കാല പരാമര്‍ശങ്ങളുടെയും ആണവ ചര്‍ച്ചകളുടെയും പേരില്‍ സഖരോവ മുമ്പ് സെലെന്‍സ്‌കിയെ ഒരു 'രാക്ഷസന്‍' എന്നും 'രോഗിയായ വ്യാമോഹങ്ങളാല്‍ പിടിപെട്ട ഒരു ഭ്രാന്തന്‍' എന്നും മുദ്രകുത്തിയിരുന്നു. 2022 ഒക്ടോബറില്‍, തന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന ബങ്കോവയ സ്ട്രീറ്റില്‍ റഷ്യ ആക്രമണം നടത്തിയാല്‍ ക്രെംലിനില്‍ 'മുന്‍കൂട്ടി ആക്രമണം' നടത്താന്‍ സെലെന്‍സ്‌കി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു.
പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയ്ന് നല്‍കിയ ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ച് ക്രെംലിനില്‍ ആക്രമണം നടത്താന്‍ കഴിയാത്തതില്‍ സെലെന്‍സ്‌കിക്ക് ദുഖമുണ്ട്. 'ഒരു ലോകമഹായുദ്ധം ആരംഭിക്കാനുള്ള ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല' എന്നാണ് ക്രെംലിന്‍ ഈ പ്രസ്താവനകളെ വിശേഷിപ്പിച്ചത്. റഷ്യയുടെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ യുക്രെയ്ന്‍ ആക്രമിക്കുന്നത് തുടരുകയാണ്. ഇത് യുക്രെയ്ന്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണെന്ന് സഖരോവ പറഞ്ഞു. റഷ്യന്‍ പ്രതിരോധ മന്ത്രാലയം എണ്ണ, വാതക പൈപ്പ്‌ലൈനുകള്‍ പോലുള്ള റഷ്യന്‍ ഊര്‍ജ്ജ സൗകര്യങ്ങളില്‍ ഒന്നിലധികം യുക്രെനിയന്‍ ഡ്രോണ്‍ ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യയിലെ ക്രാസ്നോദര്‍ മേഖലയിലെ ക്രോപോട്കിന്‍സ്‌കായ എണ്ണ പമ്പിംഗ് സ്റ്റേഷനില്‍ മാര്‍ച്ച് 25 നു പുലര്‍ച്ചെ 2 മണിയോടെയാണ് ഏറ്റവും പുതിയ ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. മൊബില്‍, ഷെവ്‌റോണ്‍ തുടങ്ങിയ യുഎസ് ഊര്‍ജ്ജ ഭീമന്മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കാസ്പിയന്‍ പൈപ്പ്‌ലൈന്‍ കണ്‍സോര്‍ഷ്യം ആണ് ഈ സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
മാര്‍ച്ച് 23 ന് ക്രിമിയയിലെ ഗ്ലെബോവ്‌സ്‌കോയ് ഗ്യാസ് കണ്ടന്‍സേറ്റ് ഫീല്‍ഡിലും മാര്‍ച്ച് 22 ന് ബെല്‍ഗൊറോഡ് മേഖലയിലെ ഒരു ഗ്യാസ് വിതരണ കേന്ദ്രത്തിലും യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി മാര്‍ച്ച് 24 ലെ ഒരു അപ്‌ഡേറ്റില്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. സൗദി അറേബ്യയില്‍ നടക്കുന്ന അമേരിക്ക-റഷ്യന്‍ ചര്‍ച്ചകള്‍ പോലുള്ള അന്താരാഷ്ട്ര പരിപാടികള്‍ക്ക് മുന്നോടിയായി യുക്രെയ്നിന്റെ പെരുമാറ്റത്തില്‍ അസാധാരണത്വമുണ്ട് എന്ന് സമീപകാല ആക്രമണങ്ങളെ മുന്‍നിര്‍ത്തി സഖരോവ അഭിപ്രായപ്പെട്ടു.