മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് പുടിന് വലിയ പ്രഹരമേല്‍പ്പിച്ച് യുക്രൈന്‍. പുടിന്റെ ഡെത്ത് സ്‌ക്വാഡിന്റെ തലവന്‍ കൊല്ലപ്പെട്ടു. മോസ്‌കോയില്‍ ലക്ഷ്വറി അപാര്‍മെന്റിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് അര്‍മെന്‍ സര്‍കിസ്യാന്‍ കൊല്ലപ്പെട്ടത്. പുടിന്‍ അനുകൂല അര്‍ബത്ത് ബറ്റാലിയന്റെ സ്ഥാപകനായ അര്‍മെന്‍ സര്‍കിസ്യന്‍ തിങ്കളാഴ്ച നടന്ന സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. പുടിന് വലിയ തിരിച്ചടിയാണ് ഇതെന്നാണ് വിലയിരുത്തല്‍.
46 കാരനായ സര്‍ക്കിഷ്യന്‍, യുക്രൈനിലെ ഡൊനെറ്റ്‌സ്‌ക് മേഖലയിലും പടിഞ്ഞാറന്‍ റഷ്യയിലെ കുര്‍സ്‌ക് മേഖലയിലും തന്റെ സൈന്യയുമായി യുദ്ധം ചെയ്തിരുന്നു.
സ്‌ഫോടനത്തില്‍ സര്‍ക്കിസ്യന് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുടിന്റെ നിയന്ത്രണത്തിലുള്ള അര്‍ദ്ധസൈനിക വിഭാഗത്തിന്റെ മേധാവിയായ സര്‍കിസ്യാനെ ലക്ഷ്യമിട്ടാണ് യുക്രൈന്‍ സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ ഒരു അംഗരക്ഷകന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അര്‍മേനിയന്‍ വംശജനാണ് സര്‍കിസ്യാന്‍. 2014-ല്‍ ഉക്രൈനില്‍ നടന്ന വിപ്ലവത്തില്‍ പങ്കെടുത്തവരെ വേട്ടയാടിയ റഷ്യന്‍ അനുകൂല 'ടിതുഷ്‌കി' സംഘങ്ങളുടെയും ഡെത്ത് സ്‌ക്വാഡുകളുടെയും സംഘാടകരിലൊരാളാണ് സര്‍കിസ്യാനെ യുക്രൈന്‍ കാണുന്നത്.
പുടിന്‍ അനുകൂലിയായി യുക്രൈന്റെ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിന്റെ സഹായിയായും ഇദ്ദേഹം അറിയപ്പെടുന്നു. റഷ്യ പിടിച്ചെടുത്ത ഡോണെട്‌സ്‌ക് മേഖലയിലെ ജയിലുകളുടെ ചുമതലക്കാരനായും സര്‍കിസ്യാനെ നിയമിച്ചിരുന്നു. കുറ്റവാളികളെ സംഘടിപ്പിച്ചാണ് സര്‍കിസ്യാന്‍ അര്‍ബത്ത് ബറ്റാലിയന്‍ രൂപീകരിച്ചത്. അര്‍മേനിയയില്‍ അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.