പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യ ഫസ്റ്റ് നയങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍. നരേന്ദ്ര മോദി രൂപം നല്‍കിയ മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമം ആഗോളതലത്തില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പുടിന്‍ പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് റഷ്യ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പുടിന്‍ മോദിയെ പുകഴ്ത്തിയത്.
വികസനത്തിനുള്ള സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മോദി സ്വീകരിച്ചിട്ടുള്ള നയങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയെ ഒന്നാമതാക്കാനുള്ള നയങ്ങളാണ് മോദി നടപ്പാക്കിയിട്ടുള്ളത്. മെയ്ക്ക് ഇന്‍ ഇന്ത്യ ഉദ്യമം അതില്‍ ഒന്നാണ്. റഷ്യയുടെ നിര്‍മാണശാലകള്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ ഞങ്ങള്‍ തയാറെടുക്കുകയാണ്. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റ് ഇന്ത്യയില്‍ 20 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിക്കഴിഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും രാജ്യതാത്പര്യത്തിനും മുന്‍ഗണന നല്‍കാനാണ് ഇന്ത്യയുടെ നേതൃത്വം ശ്രദ്ധിക്കുന്നത്. ചെറുകിട വ്യവസായ മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. ചെറുകിട വ്യവസായങ്ങളുടെ പുരോഗതിക്കായി ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും ഈ മേഖലയിലെ നിലവിലെ സാഹചര്യം എല്ലാവരും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്‌സ് രാജ്യങ്ങളുമായി സഹകരിച്ച് റഷ്യ ഒരു ഇന്‍വെസ്റ്റ് പ്ലാറ്റ്‌ഫോം ഒരുക്കാനുള്ള നീക്കങ്ങളിലാണ്. ഇത് ബ്രിക്‌സ് രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം ബ്രിക്‌സ് ഇതര രാജ്യങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പുടിന്‍ പറഞ്ഞു.