റഷ്യന്‍ ആയുധ വിദഗ്ധന്‍ മിഖായേല്‍ ഷാറ്റ്‌സ്‌കിയെ മോസ്‌കോയിലെ വനമേഖലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഷാറ്റ്സ്‌കിയെ മോസ്‌കോയ്ക്ക് പുറത്തുള്ള കുസ്മിന്‍സ്‌കി വനത്തില്‍വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റഷ്യന്‍ സൈന്യം ഉപയോഗിക്കുന്ന മിസൈലുകള്‍ വികസിപ്പിക്കുന്ന വിഭാഗത്തിന്റെ ഡെപ്യൂട്ടി ജനറല്‍ ഡയറക്ടറായിരുന്നു മിഖായേല്‍ ഷാറ്റ്‌സ്‌കി.
ഷാറ്റ്സ്‌കിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിഐഎ ചാരന്മാര്‍ ആണെന്നും അതല്ല യുക്രെയ്ന്‍ ഡിഫന്‍സ് ഇന്റലിജന്‍സാണെന്നുമുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പരക്കുന്നത്. യുക്രെയ്ന്റെ ഔദ്യോഗിക സൈനിക രഹസ്യാന്വേഷണ വിഭാഗമാണ് യുക്രെയ്ന്‍ ഡിഫന്‍സ് ഇന്റലിജന്‍സ്.ഇവര്‍ ഷാറ്റ്സ്‌കിയെ ലക്ഷ്യം വച്ച് മോസ്‌കോയില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തിയിരുന്നതായി ചില യൂറോപ്യന്‍ മാധ്യമങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ന്‍ ഏറ്റെടുത്തിട്ടില്ല.
റഷ്യന്‍ ബഹിരാകാശ-സൈനിക വ്യവസായത്തില്‍ ഗൈഡന്‍സ് സിസ്റ്റംസ് നിര്‍മ്മിക്കുന്ന കമ്പനിയിലായിരുന്നു ഷാറ്റ്സ്‌ക്കിക്ക് ആദ്യം ജോലി. 2017 ഡിസംബര്‍ മുതല്‍ റഷ്യന്‍ കോര്‍പ്പറേഷനായ റോസാടോംസിന്റെ ഭാഗമായിരുന്നു ഈ കമ്പനി.അസോസിയേറ്റ് പ്രൊഫസര്‍ കൂിയായ മിഖായേല്‍ റഷ്യയുടെ കെ എച്ച്-59 ക്രൂസ് മിസൈല്‍ കെ എച്ച് -69 ലേവലിലേക്ക് ഉയര്‍ത്തുന്ന ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു. കെ എച് 59 ക്രൂസ് മിസൈലുകളാണ് യുക്രെയിന് എതിരെ റഷ്യന്‍ സൈന്യം പ്രയോഗിക്കുന്നത്.
റഷ്യന്‍ ഡ്രോണുകളിലും, വിമാനങ്ങളിലും ബഹിരാകാശ വാഹനങ്ങളിലും എഐ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുന്നതിന്റെ മുഖ്യ പ്രയോക്താവായിരുന്നു മിഖായേല്‍ ഷാറ്റ്സ്‌കി. അദ്ദേഹം കൊല്ലപ്പെട്ട വിവരം റഷ്യന്‍ വിരുദ്ധ മാധ്യമ പ്രവര്‍ത്തകനായ അലക്സാണ്ടര്‍ നെവ്സൊറോവ് ടെലഗ്രാം ചാനലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടകാരിയായ ക്രിമിനലിനെ വകവരുത്തിയെന്നായിരുന്നു പരാമര്‍ശം.മഞ്ഞില്‍ പുതഞ്ഞ് ഷാറ്റ്സ്‌കിയുമായി സാദൃശ്യമുള്ള ഒരാൾ മരിച്ചുകിടക്കുന്ന ഫോട്ടോകള്‍ നെവ്സൊറോസ് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ പുടിന്‍ ഇതുവരെ പ്രതികരിക്കാത്തത് തിരിച്ചടിക്കുള്ള ഒരുക്കത്തിലാണോ എന്ന സംശയവും ഉയരുന്നുണ്ട്.