പുടിന്റെ ആണവായുധങ്ങള്‍ ഇറാനിലേക്ക്; ആദ്യവാരം തന്നെ ട്രംപിന് പണിയാകും

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തുകയാണ്.ബൈഡൻ ഒഴിയും മുമ്പു തന്നെ ഗസിയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒറ്റ രാത്രികൊണ്ട് നെതന്യാഹുവിന്റെ നയം മാറിയത് ഗസ വീണ്ടും ചോരപ്പുഴയാകുമെന്ന സൂചനയാണ് നല്‍കുന്നത്

author-image
Rajesh T L
New Update
pp

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തുകയാണ്.ബൈഡൻ  ഒഴിയും മുമ്പു തന്നെ ഗസിയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒറ്റ രാത്രികൊണ്ട് നെതന്യാഹുവിന്റെ നയം മാറിയത് ഗസ വീണ്ടും ചോരപ്പുഴയാകുമെന്ന സൂചനയാണ് നല്‍കുന്നത്.

അതിനിടെയാണ് റഷ്യയുടെ ആയുധങ്ങളും സാങ്കേതിക വിദ്യകളും ഇറാനിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്.പുതിയ സാഹചര്യത്തില്‍ അമേരിക്കന്‍ ചേരി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളില്‍ ഒന്നാണിത്. റഷ്യയുടെ പരമ്പരാഗത ആയുധ കൈമാറ്റങ്ങളും ഇറാന്റെ സിവിലിയന്‍ ആണവ പദ്ധതിക്കുള്ള സഹായവും  അന്താരാഷ്ട്ര ആണവായുധ കൈമാറ്റങ്ങളും ലംഘിക്കുന്നില്ലെങ്കിലും അതിന്റെ ചില ആയുധ കൈമാറ്റങ്ങളും ആണവ മേഖലയിലെ മിക്ക പ്രവര്‍ത്തനങ്ങളും ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ഇറാനുമായി തുറന്ന ആണവ സഹകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലോകത്തിലെ ഏക രാജ്യമായതിനാല്‍ ഇറാന്റെ സിവിലിയന്‍ ആണവ പദ്ധതിയെ സഹായിക്കുന്നതില്‍ വിശാലമായ അന്താരാഷ്ട്ര മാനദണ്ഡങ്ങളും റഷ്യ ഇപ്പോള്‍ വകവയ്ക്കുന്നില്ല.

യുക്രെയിന് വന്‍ തോതില്‍ ആയുധങ്ങള്‍ നല്‍കി റഷ്യയെ ആക്രമിക്കാന്‍ കൂട്ട് നില്‍ക്കുന്ന പാശ്ചാത്യ ശക്തികള്‍ക്ക് റഷ്യ  ഇറാനെയും ഉത്തര കൊറിയയെയും സഹായിക്കുന്നത് ചോദ്യം ചെയ്യാന്‍ അവകാശമില്ലന്നതാണ് റഷ്യന്‍ ഭരണകൂടത്തിന്റെ നിലപാട്. ഉത്തര കൊറിയയുമായി സൈനിക കരാര്‍ ഉണ്ടാക്കിയ റഷ്യ ഇറാനുമായി കൂടുതല്‍ ശക്തമായ സഹകരണത്തിനാണ് തയ്യാറെടുക്കുന്നത്.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചകള്‍ക്കായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ മോസ്‌കോയില്‍ ലാന്‍ഡ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. അമേരിക്കന്‍ ചേരിയെ ഞെട്ടിച്ച ആയുധ പ്രദര്‍ശനം നടത്തിയ ശേഷമാണ് ഇറാന്‍ പ്രസിഡന്റ് റഷ്യന്‍ തലസ്ഥാനത്ത് എത്തിയതെന്നതും ശ്രദ്ധേയമാണ്.

അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെടെയുള്ള വമ്പന്‍ യുദ്ധസന്നാഹങ്ങളുമായി ഭൂഗര്‍ഭ നഗരങ്ങള്‍ നിര്‍മിച്ച് തയ്യാറായിരിക്കുന്ന ഇറാനെയാണ് ഈ ദൃശ്യങ്ങളിലൂടെ ലോകം കണ്ടത്.പേര്‍ഷ്യന്‍ ഉള്‍ക്കടലിനും ഒമാന്‍ സമുദ്രത്തിനും ഇടയിലാണ് വന്‍ ആയുധ സജ്ജീകരണങ്ങള്‍ ഇറാന്‍ ഒരുക്കിയിരിക്കുന്നത്. ഇറാന്‍ വിപ്ലവ ഗാര്‍ഡിലെ  പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നൈനിയാണ് ഈ സുപ്രധാന പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭാഗത്തുനിന്ന് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ സൈനിക സന്നാഹങ്ങള്‍ ഇറാനും വെളിപ്പെടുത്തിയിരിക്കുന്നത്. അതായത്, ഇറാനെ ആര് ആക്രമിച്ചാലും വിവരമറിയുമെന്ന മുന്നറിയിപ്പ് കൂടിയാണിത്.

ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ആരംഭിച്ച 'പയ്ഗമ്പറേ അഅ്‌സം' എന്ന പേരിലുള്ള വിപുലമായ സൈനികാഭ്യാസത്തിനിടയിലാണ് ആയുധശേഖരമായി നിര്‍മിച്ച രണ്ട് ഭൂഗര്‍ഭ നഗരങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐആര്‍ജിസിയുടെ എയറോസ്‌പേസ് ഫോഴ്‌സിനാണ് നഗരത്തിന്റെ മേല്‍നോട്ട ചുമതല. അത്യാധുനികമായ മിസൈലുകളും ആയുധങ്ങളുമാണ് ഇവിടെയുള്ളത്. ഇതോടൊപ്പം ഒരു നാവികതാവളവും ഇറാന്‍ പുതുതായി നിര്‍മിച്ചിട്ടുണ്ട്. കൂടുതല്‍ സങ്കീര്‍ണവും ദീര്‍ഘവുമായ പോരാട്ടത്തിന് വിപ്ലവ ഗാര്‍ഡ് സജ്ജമാണെന്നാണ് ബ്രിഗേഡിയര്‍ അലി മുഹമ്മദ് നൈനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഇസ്രയേലിനെ ആക്രമിക്കാനുള്ള ഉത്തരവ് വരാന്‍ കാത്തിരിക്കുകയാണെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

രൂപകല്‍പനയിലും ശേഷിയിലും വലിപ്പത്തിലും മാത്രമല്ല ആയുധങ്ങളുടെ കരുത്തും ഉല്‍പാദനവും എല്ലാം ഇറാന്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.പുതിയ ആയുധശേഷികളും ഇറാന്‍ സ്വന്തമാക്കിയിട്ടുള്ളതിനാല്‍ ഒരു യുദ്ധത്തിലും ശത്രുക്കള്‍ക്ക് മേല്‍ക്കൈ നേടാനാകില്ലന്നാണ് ഇറാന്‍ സൈന്യം വ്യക്തമാക്കുന്നത്.ഇതിനിടെ,പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഇറാന്‍ നാവികസേന യുദ്ധപരിശീലനവും വാപകമായി നടത്തി തുടങ്ങിയിട്ടുണ്ട്.300 യുദ്ധക്കപ്പലുകളാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. 2,000ത്തിലേറെ വരുന്ന സൈനിക-സിവിലിയന്‍ കപ്പലുകള്‍ ഭാഗമാകുന്ന നാവിക പരേഡും ഇതിന്റെ ഭാഗമായി നടക്കും.വിപ്ലവ ഗാര്‍ഡിനു കീഴിലുള്ള അര്‍ധ സൈനിക വിഭാഗമായ ബാസിസ് സേനയിലെ 1,10,000ത്തോളം അംഗങ്ങള്‍ പങ്കെടുക്കുന്ന സൈനികാഭ്യാസവും ഉടന്‍ തെഹ്‌റാനില്‍ നടക്കും.

ഒരു വലിയ യുദ്ധത്തിനുള്ള സകല തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയാണ് ഇറാന്‍ പ്രസിഡന്റ് റഷ്യയിലേക്ക് തിരിച്ചിരിക്കുന്നത് എന്നത് അമേരിക്കന്‍ ചേരിയെ പ്രതിരോധത്തിലാക്കുന്നതാണ്.പ്രത്യേകിച്ച് ഇസ്രയേലിനെ സംബന്ധിച്ച് ഹൃദയമിടുപ്പ് കൂടും.

ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം പോലും ലംഘിച്ച് ആക്രമണം തുടരുന്ന ഇസ്രയേലിനെതിരെ വലിയ കലിപ്പിലായിരുന്നു  ഇറാൻ.15 മാസത്തെ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ അമേരിക്ക, ഖത്തര്‍, ഈജിപ്ത്, തുടങ്ങിയ രാജ്യങ്ങള്‍ ഇടപെട്ട് നടത്തിയ ധാരണ നടപ്പാകും മുന്‍പ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.ഇതോടെ ഇനിയൊരു ഒത്തുതീര്‍പ്പും വേണ്ടന്നും ഇസ്രയേലിനെ ആക്രമിക്കണമെന്നുമുള്ള വികാരവുമാണ് ഇറാന്‍ സൈന്യത്തിനുള്ളത്. ഇതു സംബന്ധമായി ഹമാസ്, ഹിസ്ബുള്ള,ഹൂതി വിഭാഗങ്ങളോട് ആശയ വിനിമയം നടത്തിയതായും സൂചനയുണ്ട്.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം സിറിയന്‍ പ്രസിഡന്റ് അസദിനെ പുറത്താക്കല്‍ തുടങ്ങിയ മിഡില്‍ ഈസ്റ്റിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ച് വിശദമായി തന്നെ റഷ്യന്‍ പ്രസിഡന്റും ഇറാന്‍ പ്രസിഡന്റും ചര്‍ച്ച ചെയ്യുമെന്നാണ് ക്രെംലിന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ ആണവ പദ്ധതികളും ചര്‍ച്ചയില്‍ ഇടം പിടിച്ചിട്ടുണ്ട്.ഇത് അമേരിക്കയ്ക്കും ഇസ്രയേലിനും ഉണ്ടാക്കിയിരിക്കുന്നത് വലിയ ആശങ്കകളാണ്. റഷ്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ദീര്‍ഘകാല വികസനത്തിനുള്ള ചട്ടക്കൂടായി ക്രെംലിന്‍ വിശേഷിപ്പിച്ച സമഗ്ര  തന്ത്രപരമായ പങ്കാളിത്ത കരാറില്‍ പുടിനും പെസെഷ്‌കിയനും ഒപ്പുവെക്കുമെന്നാണ് റഷ്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

''ഇറാനും റഷ്യയും, രണ്ട് വലുതും ശക്തവുമായ രാജ്യങ്ങള്‍ എന്ന നിലയില്‍ പുതിയ ലോകക്രമം രൂപപ്പെടുത്തുന്നതില്‍  പ്രധാന പങ്ക് വഹിക്കുന്നുവെന്നും ഇറാനും റഷ്യയും തമ്മിലുള്ള 20 വര്‍ഷത്തെ ഉടമ്പടി ഒപ്പിടുന്നത് ഒരു രാഷ്ട്രീയ രേഖ മാത്രമല്ല, ഭാവിയിലേക്കുള്ള ഒരു റോഡ് മാപ്പ് കൂടിയാണെന്നുമാണ്'' ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ചൂണ്ടിക്കാട്ടുന്നത്.കൂടിക്കാഴ്ചയ്ക്ക് ശേഷം വ്ളാഡിമിര്‍ പുടിനും മസൂദ് പെസെഷ്‌കിയനും മാധ്യമങ്ങളെ അഭിസംബോധന ചെയ്യും.വ്യാപാരം,നിക്ഷേപം,ലോജിസ്റ്റിക്‌സ്,ഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയില്‍ സഹകരണത്തിനുള്ള വഴികളെക്കുറിച്ചും ഇരു നേതാക്കളും ആലോചിക്കുന്നതായും  ക്രെംലിന്‍ അറിയിച്ചിരുന്നു.

ഇന്ത്യ,ഇറാന്‍,അസര്‍ബൈജാന്‍,റഷ്യ,മധ്യേഷ്യ,യൂറോപ്പ് എന്നിവിടങ്ങളില്‍ ഗതാഗത ബന്ധം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയായ ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോറില്‍ റഷ്യയും ഇറാനും നിലവില്‍ സഹകരിക്കുന്നുണ്ട്. ചരക്കുനീക്കം സുഗമമാക്കുന്നതിന് 7,200 കിലോമീറ്റര്‍ മള്‍ട്ടി-മോഡല്‍ ഗതാഗത ശൃംഖല സ്ഥാപിക്കാനാണ് ഈ സംരഭം ലക്ഷ്യമിടുന്നത്. കപ്പല്‍, റെയില്‍, റോഡ് റൂട്ടുകള്‍ സമന്വയിപ്പിക്കുന്നതിലൂടെ  ചരക്ക് നീക്കത്തെ ഗണ്യമായി സുഗമമാക്കുകയും ഗതാഗത സമയം കുറയ്ക്കുകയും, വ്യാപാര കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും

iran russia donald trump ukrain putin nuclear missile nuclear attack