/kalakaumudi/media/media_files/2025/07/17/aya-2025-07-17-13-47-34.jpg)
ടെഹ്റാന്‍: അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാന്‍ തയാറാണെന്ന പ്രതികരണവുമായി ഇറാന്‍ പരമോന്നതനേതാവ് അയത്തുള്ള അലി ഖമേനിയുടെ. ഇറാന്‍ ആണവ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന ആവശ്യത്തിനിടെയാണ് ഖമേനിയുടെ രൂക്ഷ പ്രതികരണം വരുന്നത്. 'നമ്മുടെ രാഷ്ട്രം അമേരിക്കയുടെ ശക്തിയെയും അതിന്റെ നായയായ സയണിസ്റ്റ് ഭരണകൂടത്തെയും നേരിടാന്‍ തയ്യാറാണെന്ന വസ്തുത വളരെ പ്രശംസനീയമാണ്' എന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് ടിവിയോട് ഖമേനി പ്രതികരിച്ചത്.
ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെ കഴിഞ്ഞ മാസം നടന്ന ആക്രമണം ടെഹ്റാന്‍ വാഷിംഗ്ടണിനെതിരെ പ്രഹരമേല്‍പ്പിക്കുന്നതിന്റെ തുടക്കം മാത്രമാണെന്നും യുഎസിനും മറ്റുള്ളവര്‍ക്കും ഇതിലും വലിയ പ്രഹരം ഏല്‍ക്കുമെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി. വേനല്‍ക്കാലം അവസാനിക്കുന്നതോടെ അമേരിക്കയ്ക്ക് ആണവ ചര്‍ച്ചകളില്‍ മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങള്‍ സ്‌നാപ്പ്ബാക്ക് ഉപരോധങ്ങള്‍ ശക്തിപ്പെടുത്താന്‍ ആലോചിക്കുന്നതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഖമേനിയുടെ പ്രതികരണം വരുന്നത്.
അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ അഭിസംബോധന ചെയ്യുന്ന സുസ്ഥിരവും പരിശോധിക്കാവുന്നതുമായ ഒരു നയതന്ത്ര പരിഹാരം അത്യാവശ്യമാണ് എന്നാണ് വിഷയത്തില്‍ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു. വേനല്‍ക്കാലത്തിന്റെ അവസാനത്തോടെ അത്തരമൊരു പരിഹാരം നേടിയില്ലെങ്കില്‍,സ്‌നാപ്പ്ബാക്ക് സംവിധാനം ഒരു ഓപ്ഷനായി ഇ3 പങ്കാളികള്‍ തുടരുമെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. 'ഈ വിഷയത്തില്‍ ഞങ്ങളുടെ ഇ3 പങ്കാളികളുമായി അടുത്ത ഏകോപനം നടത്തുന്നത് തുടരുന്നു എന്നായിരുന്നു 2015 ലെ ആണവ കരാറില്‍ ഒപ്പുവച്ച യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, യുകെ എന്നിവയെ പരാമര്‍ശിച്ചുകൊണ്ട് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. സ്‌നാപ്പ്ബാക്ക് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഏകദേശം 190 രാജ്യങ്ങള്‍ ഒപ്പുവച്ച ലോകത്തിലെ ഏറ്റവും വലിയ ആണവ കരാറായ ആണവായുധ വ്യാപന നിരോധന ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ ഇറാനെ പ്രേരിപ്പിച്ചേക്കാമെന്ന അപകട സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൂടുതല്‍ സൈനിക നടപടികള്‍ ഒഴിവാക്കാന്‍ ഇറാനുമായി ചര്‍ച്ചകള്‍ തുടരാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഒരു കരാറിലെത്തേണ്ട സമയപരിധി അവസാനിക്കാറായിട്ടും 'സംസാരിക്കാന്‍ തിടുക്കമില്ല' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ജൂണില്‍ ഫോര്‍ദോ ആണവ കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തിന് ശേഷം ഇറാന്റെ ആണവ പദ്ധതി രണ്ട് വര്‍ഷം പിന്നോട്ട് പോയതായി അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇസ്രായേല്‍ ആക്രമണങ്ങള്‍ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ പദ്ധതികളെ പിന്നോട്ടടിപ്പിച്ചെന്ന് പറയുമ്പോഴും അതിന്റെ സംഭരണികളെയും വിക്ഷേപണ ശേഷികളെയും എത്രമാത്രം തകര്‍ക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമല്ലായെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ പരിപാടികള്‍ ഒരു സുപ്രധാന ഭീഷണിയായി തുടരുന്നുവെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.