യുദ്ധശേഷം ആദ്യമായി ഖമേനി പൊതുവേദിയില്‍

പള്ളിക്കുള്ളില്‍ മുഹറത്തിന്റെ ഭാഗമായുള്ള ചടങ്ങുകളില്‍ ഖമേനി പങ്കെടുക്കുന്നതിന്റെ വിഡിയോയാണ് പുറത്ത് വന്നത്. കറുത്ത വസ്ത്രമണിഞ്ഞാണ് 86കാരനായ ഖമേനി പള്ളിയിലെ പരിപാടിയില്‍ പങ്കെടുക്കുന്നത്

author-image
Biju
New Update
KHA 2

ടെഹ്റാന്‍: ഇസ്രായേലുമായി 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഒരു മതചടങ്ങിലാണ് ഖാമേനി പങ്കെടുത്തത്. ഇറാന്റെ ദേശീയ ടെലിവിഷനാണ് ഖമേനിയുടെ വീഡിയോ പുറത്തുവിട്ടത്. 

പള്ളിക്കുള്ളില്‍ മുഹറത്തിന്റെ ഭാഗമായുള്ള ചടങ്ങുകളില്‍ ഖമേനി പങ്കെടുക്കുന്നതിന്റെ വിഡിയോയാണ് പുറത്ത് വന്നത്. കറുത്ത വസ്ത്രമണിഞ്ഞാണ് 86കാരനായ ഖമേനി പള്ളിയിലെ പരിപാടിയില്‍ പങ്കെടുക്കുന്നത്. യുദ്ധാനന്തരം ഇറാന്‍ ജനതയ്ക്ക് ആത്മവീര്യം പകരാനാണ് ഖമേനി പള്ളി പരിപാടിയിലൂടെ ലക്ഷ്യമിട്ടത് എന്നാണ് സൂചനകള്‍.

ടെഹ്റാനിലെ ഇമാം ഖമേനി പള്ളിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 1989 മുതല്‍ ഇറാന പരമോന്നത നേതാവായ ഖമേമേനിയുടെ റെക്കോഡ് ചെയ്ത വിഡിയോ കഴിഞ്ഞയാഴ്ച പുറത്ത് വന്നിരുന്നു. എന്നാല്‍, അദ്ദേഹം പൊതുവേദിയില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈന്‍ ഇബ്ന്‍ അലിയുടെ ഓര്‍മ ദിവസത്തില്‍ കൂടിയ വിശ്വാസികളെയാണ് ഖമേനി അഭിവാദ്യം ചെയ്തത്. ഖമനയി എത്തിയതും പ്രാര്‍ഥനകളും ആര്‍പ്പുവിളികളും മുഴങ്ങി. കൈ ഉയര്‍ത്തി ശാന്തരാകാന്‍ ജനങ്ങളോട് പറയുന്ന ഖമനയിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ജൂണ്‍ 13ന് ശേഷം ഖമേനി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ജീവരക്ഷാര്‍ഥം ഏറ്റവും വിശ്വസ്തരായവര്‍ക്കൊപ്പം ബങ്കറിനുള്ളില്‍ കഴിയുകയായിരുന്നു ഖമേനി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഖമേനിയെ അട്ടിമറിക്കാനും ഇറാന്‍ ഭരണകൂടത്തെ മാറ്റാനും ജനങ്ങള്‍ തയ്യാറാവണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരസ്യമായി ആവശ്യമുയര്‍ത്തിയിരുന്നു. കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

എന്നാല്‍ കീഴടങ്ങിയ ചരിത്രം ഇറാനില്ലെന്ന് വ്യക്തമാക്കിയ ഖമേനി, ബുദ്ധിയുള്ളവര്‍ ഇറാനോട് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കില്ലെന്നും തുറന്നടിച്ചു. പിന്നാലെ ബി2 ബോംബറുകള്‍ എത്തിച്ച് യുഎസ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചു. മറുപടിയായി ഖത്തറിലെ യുഎസ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചു. ഇതോടെയാണ് വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്.

അതേസമയം, ഇറാന്‍ ഒരിക്കലും ആണവ സമ്പുഷ്ടീകരണം നടത്താന്‍ അനുവദിക്കില്ലെന്നും ആണവായുധം നിര്‍മിക്കുന്ന ഘട്ടമുണ്ടായാല്‍ മുന്നറിയിപ്പില്ലാതെ ആക്രമിക്കുമെന്ന വാദവും ട്രംപ് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു. ഇറാന്റെ വ്യോമമേഖലയ്ക്ക് മേല്‍ പരമാധികാരമുണ്ടെന്ന ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സിന്റെ അവകാശവാദത്തിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.

ചര്‍ച്ചകള്‍ക്കും ആവശ്യങ്ങള്‍ക്കും ഇറാന്‍ വഴങ്ങിയാല്‍ 30 ബില്യണ്‍ ഡോളര്‍ ഇറാന് സഹായമായി നല്‍കാമെന്നും ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്നും ട്രംപ് വാഗ്ദാനം മുന്നോട്ട് വച്ചിരുന്നു. അടുത്തയാഴ്ചയോടെ ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു. എന്നാല്‍ രാജ്യത്തിന്റെ വികസനത്തിനായുള്ള യുറേനിയം സമ്പുഷ്ടീകരണമാണ് നടത്തുന്നതെന്നും അതിനിയും തുടരുമെന്നുമായിരുന്നു ഇറാന്റെ നിലപാട്.

iran Ayatollah Ali Khamenei