ഇറാനിലെ ഭീകര ഭരണകൂടം ലോകത്തിന് ഭീഷണി; ഇറാനിലെ ജനങ്ങള്‍ക്ക് വ്യക്തമായ സന്ദേശം: നെതന്യാഹു

സ്‌ഫോടനശബ്ദങ്ങളാല്‍ ടെഹ്റാന്‍ നഗരം ഞെട്ടിവിറച്ചതിന് തൊട്ടുപിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍, ഇറാനിലെ ജനങ്ങള്‍ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി തങ്ങളുടെ ഭാവി സ്വന്തം കൈകളിലെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു

author-image
Biju
New Update
netanyahu

ടെല്‍ അവീവ്: പശ്ചിമേഷ്യയെ പിടിച്ചുലച്ചുകൊണ്ട് ഇറാനില്‍ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ചര്‍ച്ചകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കും പിന്നാലെ ഉണ്ടായ ഈ അപ്രതീക്ഷിത ആക്രമണം ഇറാനിലെ ആയത്തുള്ള ഖമേനി ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള നീക്കമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുറന്നടിച്ചു. സ്‌ഫോടനശബ്ദങ്ങളാല്‍ ടെഹ്റാന്‍ നഗരം ഞെട്ടിവിറച്ചതിന് തൊട്ടുപിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍, ഇറാനിലെ ജനങ്ങള്‍ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി തങ്ങളുടെ ഭാവി സ്വന്തം കൈകളിലെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഉറപ്പ് നല്‍കാതെ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്നും, ഇറാനിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ അത്യാധുനിക ബി-2 ബോംബറുകളും യുദ്ധക്കപ്പലുകളും ആക്രമണത്തില്‍ പങ്കുചേര്‍ന്നതോടെ ഇറാന്റെ മിസൈല്‍ പ്രഹരശേഷി ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ഈ സംയുക്ത നീക്കം ധീരരായ ഇറാനിയന്‍ ജനതയ്ക്ക് അവരുടെ ഭാവി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് നെതന്യാഹു പറഞ്ഞു. ചരിത്രപരമായ നേതൃത്വം നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ലോകത്തെ ഏറ്റവും അപകടകരമായ ഈ ഭീകര ഭരണകൂടത്തെ മാനവരാശിക്ക് ഭീഷണിയാകുന്ന രീതിയില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും നെതന്യാഹു ആവര്‍ത്തിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാനുമായി നടന്ന 12 ദിവസത്തെ യുദ്ധസമയത്തും സമാനമായ രീതിയില്‍ ഭരണകൂടത്തിനെതിരെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ നെതന്യാഹു ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇറാനിലെ ആണവ, മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നതിലുപരി അവിടുത്തെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ തന്നെ മാറ്റുക എന്ന ലക്ഷ്യമാണ് ഇസ്രായേലിനുള്ളതെന്ന് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നു. പശ്ചിമേഷ്യന്‍ മേഖലയില്‍ ഈ നീക്കം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.