/kalakaumudi/media/media_files/2025/05/14/AhCMY8ILwZfJdNGUmOij.png)
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് പുതിയ പേരുകള്‍ ഇട്ട ചൈനീസ് നീക്കത്തിനെതിരെ ഇന്ത്യ. പേരുമാറ്റിയതുകൊണ്ട് യാഥാര്‍ഥ്യം മാറില്ലെന്നും ചൈനയുടെ പ്രവൃത്തി അസംബന്ധമാണെന്നും ഇന്ത്യ തിരിച്ചടിച്ചു. ചൈനയുടെ നീക്കം തള്ളിക്കളയുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പേരിടാനുള്ള വ്യര്‍ത്ഥവും അസംബന്ധമായതുമായ ശ്രമങ്ങള്‍ ചൈന തുടരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അരുണാചല്‍ പ്രദേശിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്കൊരു നിലപാടുണ്ട്. കൃത്രിമമായ പേരിടലിലൂടെ അവിടുത്തെ യാഥാര്‍ഥ്യത്തില്‍ മാറ്റം വരുത്താനാകില്ല.
അരുണാചല്‍ പ്രദേശ് ഇന്നലെയും ഇന്നും ഇന്ത്യയുടെ അവിഭാജ്യവും അനിഷ്യേധ്യവുമായ ഭാഗമാണ്. അത് എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇതിന് മുമ്പും അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് സ്വന്തം പേരുകള്‍ നല്‍കിയിട്ടുണ്ട്. ചൈനയുടെ ഭാഗമായ ടിബറ്റന്‍ പ്രവിശ്യയുടെ ഭാഗമാണ് അരുണാചല്‍ പ്രദേശെന്നാണ് അവരുടെ അവകാശവാദം. അരുണാചലിന്റെ ചില ഭാഗങ്ങള്‍ ടിബറ്റിന്റെ തെക്കന്‍ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. 2024ല്‍ സമാനമായി അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് വേറെപേരുകള്‍ നല്‍കി ചൈന പ്രത്യേക മാപ്പ് പുറത്തിറക്കിയിരുന്നു.
ഈ നീക്കം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയിലെ ഭരണാധികാരികളും മറ്റ് നേതാക്കളും അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുമ്പോള്‍ ചൈന പ്രതിഷേധം ഉന്നയിക്കാറുമുണ്ട്.
ഇതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന അതിര്‍ത്തിയിലെ അവസാന ഔട്ട്പോസ്റ്റായ കിബിതുവില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ചരിത്രം സൃഷ്ടിച്ചിരുന്നു.