സിറിയയിൽ വിമത മുന്നേറ്റം: സിറിയൻ സൈന്യത്തെ പിന്തുണച്ച് റഷ്യൻ വ്യോമസേന

ഹയാത്ത് തഹ്രീര്‍ അല്‍-ഷാം വിമതരുടെ നേതൃത്വത്തില്‍ അലപ്പോ നഗരത്തിലേക്ക് കടന്നുകയറിയ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഡസന്‍ കണക്കിന് സിറിയന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. സിറിയ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

author-image
Rajesh T L
New Update
syria

ഹയാത്ത് തഹ്രീര്‍ അല്‍-ഷാം വിമതരുടെ നേതൃത്വത്തില്‍ അലപ്പോ നഗരത്തിലേക്ക് കടന്നുകയറിയ  ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഡസന്‍ കണക്കിന് സിറിയന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. സിറിയ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

അതേസമയം, സിറിയന്‍ സൈന്യത്തെ പിന്തുണച്ച് വിമതര്‍ക്കെതിരെ റഷ്യന്‍ വ്യോമസേന ആക്രമണം നടത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹയാത്ത് തഹ്രീര്‍ അല്‍-ഷാം, ഒരുകാലത്ത് നുസ്റ ഫ്രണ്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. യു.എസ്.,റഷ്യ,തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഈ വിമത സംഘടനയെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാനും റഷ്യയും അസദിന്റെ സര്‍ക്കാരിനെ സിറിയയിലെ ഭൂരിഭാഗം പ്രധാന നഗരങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ സഹായിച്ചിരുന്നു. തുടര്‍ന്ന് കാര്യമായ ആഭ്യന്തര സംഘര്‍ഷമില്ലാതെ സിറിയ മുന്നോട്ടുപോകുകയായിരുന്നു.കഴിഞ്ഞ ദിവസം അപ്രതീക്ഷിത ആക്രമണത്തില്‍ വിമതര്‍ സിറിയയിലെ പ്രധാന നഗരങ്ങളിലൊന്നായ അലപ്പോ പിടിച്ചെടുത്തിരുന്നു. പിന്നാലെ ഒരു വിമത പോരാളിയുടെ പ്രതികരണവും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

'ഞങ്ങള്‍ അലപ്പോയുടെ മക്കളാണ്. എട്ട് വര്‍ഷം മുമ്പ്, 2016-ല്‍ ഞങ്ങളെ എല്ലാവരെയും നാടുകടത്തി. എന്നാല്‍, ഇപ്പോള്‍ ഞങ്ങള്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ദൈവത്തിന് നന്ദി. വാക്കുകള്‍ കൊണ്ട്  പറയാന്‍ കഴിയാത്ത വികാരമാണ്, അലപ്പോ നഗരത്തില്‍ നിന്ന് എം ചിത്രീകരിച്ച ടെലിവിഷന്‍ ഫൂട്ടേജില്‍ വിമത പോരാളിയായ അലി ജുമാ പറഞ്ഞതാണിത്. 

സിറിയന്‍ ആര്‍മി കമാന്‍ഡ് പറയുന്നത് അനുസരിച്ച്, വിമതര്‍ അലപ്പോയുടെ ഭൂരിഭാഗവും കടന്നിട്ടുണ്ട്.പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും സൈന്യം അറിയിച്ചിരുന്നു. പിന്നാലെ നഗരത്തിലെ വിമത സമ്മേളനങ്ങളെയും വാഹനവ്യൂഹങ്ങളെയും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ദമാസ്‌കസ് അനുകൂല പത്രമായ അല്‍-വതന്‍ റിപ്പോര്‍ട്ട് ചെയ്തു. 

അലപ്പോ,ഇഡ്ലിബ് പ്രവിശ്യകളിലെ വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈല്‍, ബോംബ് ആക്രമണങ്ങള്‍ നടത്തിയതെന്ന് സിറിയയിലെ റഷ്യന്‍ സെന്റര്‍ പറഞ്ഞു. ആക്രമണങ്ങളില്‍ 300 വിമത പോരാളികളെങ്കിലും  കൊല്ലപ്പെട്ടതായും റഷ്യ അവകാശപ്പെട്ടു.

വിമത പോരാളികള്‍ ട്രക്കുകളില്‍ നഗരത്തിലെ തെരുവുകളില്‍ ചുറ്റിക്കറങ്ങുകയാണ്. അലപ്പോയിലെ ചരിത്ര പ്രസിദ്ധമായ കോട്ടയ്ക്ക് സമീപം നിന്നുകൊണ്ട് ഒരാള്‍ സിറിയന്‍ പ്രതിപക്ഷ പതാക വീശുന്ന ദൃശ്യവും പുറത്തുവന്നു. തീവ്രവാദികള്‍ വന്‍തോതില്‍ പല ദിശകളില്‍ നിന്നും ആക്രമണം നടത്തുകയാണ്. ആക്രമണത്തെ പ്രതിരോധിക്കുന്നതിനും സാധാരണക്കാരുടെയും സൈനികരുടെയും ജീവന്‍ സംരക്ഷിക്കുന്നതിനുമായി വേണ്ട നീക്കങ്ങള്‍ നടത്തിയതായി സിറിയന്‍ മിലിട്ടറി കമാന്‍ഡ് പറഞ്ഞു.

അതിനിടെ, അലപ്പോ വിമാനത്താവളത്തിന്റെ നിയന്ത്രണവും വിമതര്‍ ഏറ്റെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ലിബ് പ്രവിശ്യയിലെ മറാത്ത് അല്‍ നുമാന്‍ നഗരം പിടിച്ചെടുത്തതായും ആ പ്രദേശം മുഴുവന്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയതായും വിമതരും അറിയിച്ചു.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, തുര്‍ക്കി വിദേശകാര്യമന്ത്രി ഹകന്‍ ഫിദനുമായി സിറിയയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സ്ഥിതിഗതികള്‍ വളരെ രൂക്ഷമാണെന്ന് ഇരുപക്ഷവും ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കുന്നത് സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും ഇരുവരും  വിലയിരുത്തി. പ്രതിപക്ഷ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതായി തുര്‍ക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു

turkey syria russia