/kalakaumudi/media/media_files/2026/01/21/sunitha-2-2026-01-21-09-32-15.jpg)
കാലിഫോര്‍ണിയ: ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു. നീണ്ട 27 വര്‍ഷക്കാലം നാസയില്‍ പ്രവര്‍ത്തിച്ച സുനിത വില്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ചിട്ടുണ്ട്. 2006ലായിരുന്നു സുനിത വില്യംസിന്റെ കന്നി ഐഎസ്എസ് യാത്ര. ഇക്കഴിഞ്ഞ 2025 ഡിസംബര്‍ 27ന് സുനിത വില്യംസ് ഔദ്യോഗികമായി വിരമിച്ചതായി നാസ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതിസന്ധികളെ അതിജീവിച്ച അവസാന ദൗത്യം:
ബോയിംഗിന്റെ 'സ്റ്റാര്‍ലൈനര്‍' പേടകത്തിന്റെ പരീക്ഷണ പറക്കലിന്റെ ഭാഗമായി 2024 ജൂണിലാണ് സുനിത വില്യംസും സഹയാത്രികന്‍ ബാരി വില്‍മോറും ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്.
വെറും എട്ട് ദിവസത്തെ ദൗത്യമായിരുന്നു ലക്ഷ്യമെങ്കിലും പേടകത്തിന്റെ സാങ്കേതിക തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണം യാത്ര പ്രതിസന്ധിയിലായി. ഇതോടെ ഒമ്പത് മാസത്തോളം അവര്‍ക്ക് ബഹിരാകാശത്ത് തുടരേണ്ടി വന്നു. ഒടുവില്‍ 2025 മാര്‍ച്ചില്‍ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തിലാണ് അവര്‍ ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്തിയത്.
27 വര്‍ഷത്തെ ഐതിഹാസിക കരിയര്‍:
നാസയിലെ 27 വര്‍ഷത്തെ സേവനത്തിനിടയില്‍ മൂന്ന് തവണ സുനിത ബഹിരാകാശ നിലയത്തിലേക്ക് ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡും ഇവര്‍ക്ക് സ്വന്തമാണ്. ഒമ്പത് തവണയായി 62 മണിക്കൂറാണ് അവര്‍ ബഹിരാകാശ നിലയത്തിന് പുറത്ത് നടന്നത്. സോളാര്‍ പാനലുകളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക ജോലികള്‍ ഈ സമയത്ത് അവര്‍ നിര്‍വ്വഹിച്ചു.
നാസയുടെ ആദരം:
മനുഷ്യന്റെ ബഹിരാകാശ യാത്രകളില്‍ പുതിയ പാതകള്‍ വെട്ടിത്തുറന്ന പ്രതിഭയാണ് സുനിത വില്യംസ് എന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ പ്രശംസിച്ചു. അവരുടെ വിരമിക്കല്‍ ജീവിതത്തിന് അദ്ദേഹം എല്ലാ ആശംസകളും നേര്‍ന്നു.
അതേസമയം, സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറുകള്‍ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബോയിംഗ്. മനുഷ്യരില്ലാത്ത ഒരു പരീക്ഷണ പറക്കല്‍ ഈ വര്‍ഷം അവസാനം നടത്തി വിശ്വാസ്യത വീണ്ടെടുക്കാനാണ് കമ്പനിയുടെ തീരുമാനം.
ചന്ദ്രനില്‍ കൂടി പോകണമെന്നുണ്ട്, ഇനി ഭര്‍ത്താവ് സമ്മതിക്കില്ല: സുനിത വില്യംസ്
ഇന്ത്യന്‍ വംശജയായ സുനിത 1998ലാണ് നാസയില്‍ ചേരുന്നത്. ബുഷ് വില്‍മോറിനൊപ്പം ഏറ്റവും ഒടുവിലായി നടത്തിയ ബഹിരാകാശ വാസം 10 ദിവസത്തേക്കാണ് നിശ്ചയിച്ചിരുന്നതെങ്കിലും 286 ദിവസം നീണ്ടു. ബഹിരാകാശ പേടകത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെയാണ് മടക്കയാത്ര നീണ്ടത്. ഒന്‍പത് തവണയാണ് ബഹിരാകാശത്ത് സുനിത നടന്നത്. ആകെ 62 മണിക്കൂര്‍ ആറ് മിനിറ്റ്. റെക്കോര്‍ഡ് നേട്ടമാണിത്.
നാസയുടെ ബഹിരാകാശ നടത്തക്കാരുടെ പട്ടികയില്‍ നാലാമതും ബഹിരാകാശ യാത്രികമാരുടെ പട്ടികയില്‍ സുനിത ഒന്നാമതുമാണ്. ബഹിരാകാശത്ത് മാരത്തണ്‍ ഓട്ടവും സുനിതയുടെ പേരില്‍ തന്നെ. 2006 ഡിസംബര്‍ ഒന്‍പതിന് ഡിസ്‌കവറിയിലേറിയാണ് സുനിത ആദ്യമായി ബഹിരാകാശത്തെത്തിയത്. 2012 ജൂലൈ 14നായിരുന്നു രണ്ടാം ദൗത്യം. ഈ ദൗത്യത്തില്‍ സ്റ്റേഷന്‍ റേഡിയേറ്ററിലെ അമോണിയ ചോര്‍ച്ച പരിഹരിച്ചതുള്‍പ്പടെ മൂന്ന് ബഹിരാകാശ നടത്തവും സുനിത നടത്തി. 2024 ജൂണിലെ മൂന്നാം ദൗത്യം മാര്‍ച്ച് 2025ലാണ് അവസാനിച്ചത്.
ബഹിരാകാശമാണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമെന്നായിരുന്നു സുനിത എപ്പോഴും പറഞ്ഞത്. വരാനിരിക്കുന്ന അര്‍ത്തെമിസ് ദൗത്യത്തെ ഏറെ പ്രതീക്ഷയോടെയാണ് താന്‍ ഉറ്റുനോക്കുന്നതെന്നും ചന്ദ്രനിലേക്കും അവിടെ നിന്ന് ചൊവ്വയിലേക്കും എത്രയും വേഗം എത്താന്‍ കഴിയട്ടെയെന്നും സുനിത പറഞ്ഞു. ചന്ദ്ര ദൗത്യത്തിലേക്കൊരു കണ്ണുണ്ടോയെന്ന ചോദ്യത്തിന് ' ചന്ദ്രനിലേക്ക് പോകണമെന്നുണ്ട്, പക്ഷേ ഇനി പറഞ്ഞാല്‍ ഭര്‍ത്താവ് കൊല്ലും' എന്നായിരുന്നു നര്‍മം കലര്‍ത്തി എന്‍ഡിടിവിയോട് അവര്‍ പറഞ്ഞത്. അടുത്ത തലമുറയിലേക്ക് ദീപം കൈമാറേണ്ട സമയമായെന്നും പുത്തന്‍ ആശയങ്ങളുമായി ഊര്‍ജസ്വലരായ ഒരു പറ്റം ചെറുപ്പക്കാര്‍ കാത്തുനില്‍ക്കുന്നുവെന്നും സുനിത കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
