/kalakaumudi/media/media_files/2026/01/20/valentino-garavani-kalakaumudi-2026-01-20-11-09-16.jpg)
റോം: അരനൂറ്റാണ്ട് ഫാഷന്‍ ലോകത്തെ നിയന്ത്രിച്ച വിഖ്യാത ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ വാലന്റീനോ ഗരവാനി ഓര്‍മയായി. 93-ാം വയസ്സില്‍ റോമില്‍ വച്ചായിരുന്നു ഫാഷന്‍ സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിച്ച വാലന്റീനോയുടെ അന്ത്യം.
സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഫാഷന്‍ ഡിസൈനറായിരുന്നു വാലന്റീനോ. 'വാലന്റീനോ റെഡ്' നിറത്തിലുളള അദ്ദേഹത്തിന്റെ സിഗ്നേച്ചര്‍ ഗൗണുകള്‍ ലോകപ്രശസ്തമാണ്. വാലന്റീനോയുടെ സൃഷ്ടികള്‍ ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര ഫാഷന്‍ ഷോകളുടെ പ്രധാന ആകര്‍ഷണമായി മാറി.
ഫാഷന്‍ ലോകത്തെ 'ചക്രവര്‍ത്തി' എന്നറിയപ്പെട്ടിരുന്ന വാലന്റീനോ, ഈ രംഗത്തെ അതികായന്മാരായ ജോര്‍ജിയോ അര്‍മാനി, കാള്‍ ലാഗര്‍ഫെല്‍ഡ് എന്നിവര്‍ക്കൊപ്പം തിളങ്ങി നിന്നു. ഫാഷന്‍ ഡിസൈനിംഗ് വാണിജ്യവല്‍ക്കരിക്കപ്പെടുന്നതിന് മുമ്പുള്ള കാലഘട്ടത്തില്‍ നിന്നാണ് ഇവരെല്ലാം ഉയര്‍ന്നുവന്നത്. ആഡംബര ജീവിതത്തിലും പ്രശസ്തനാണ് വാലന്റീനോ. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആഡംബര വസതികളില്‍ ഒന്നും അദ്ദേഹം നിര്‍മ്മിച്ചു.
സിനിമയോട് അഭിനിവേശമുണ്ടായിരുന്നു വാലന്റീനോയ്ക്ക്. 1950-കളിലെ ഹോളിവുഡ് ഐക്കണുകളായ ലാന ടര്‍ണറും ജൂഡി ഗാര്‍ലന്‍ഡും ഉള്‍പ്പെടെ 'വെള്ളിത്തിരയിലെ സുന്ദരികള്‍'ക്കു വേണ്ടി മനോഹര വസ്ത്രങ്ങള്‍ ഒരുക്കി. എലിസബത്ത് ടെയ്ലറുടെ വിവാഹ ഗൗണ്‍ ഡിസൈന്‍ ചെയ്യുകയും ഷാരോണ്‍ സ്റ്റോണ്‍, പെനലോപ്പ് ക്രൂസ് എന്നിവരുള്‍പ്പെടെ നിരവധി ഓസ്‌കാര്‍ ജേതാവായ നടിമാരുടെ ഡിസൈനറായി മാറുകയും ചെയ്തു.
വാലന്റീനോയുടെ ഭൗതികശരീരം ബുധനാഴ്ചയും വ്യാഴാഴ്ചയും റോമിലെ വാലന്റീനോ ഗരവാനി ഫൗണ്ടേഷന്‍ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും, ആരാധകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. റോമിലെ പിയാസ ഡെല്ല റിപ്പബ്ലിക്കയിലെ സാന്താ മരിയ ഡെഗ്ലി ആഞ്ചലി ഇ ഡെയ് മാര്‍ട്ടിരിയിലെ ബസിലിക്കയില്‍ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
