സുനിതാ വില്യംസ് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുത്തേക്കുമെന്ന് നാസ

ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു

author-image
Prana
New Update
sunita williams
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിതാ വില്യംസ് ഭൂമിയില്‍ തിരിച്ചെത്താന്‍ ഇനിയും മാസങ്ങള്‍ എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാര്‍ ലൈനറിന്റെ ദൗത്യത്തിന്റെ ദൈര്‍ഘ്യം 45 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുന്നത് ബഹിരാകാശ ഏജന്‍സി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സുനിതയും ബുച്ച് വില്‍മോറും സുരക്ഷിതരായി തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്നും അവര്‍ വ്യക്തമാക്കി.പേടകത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഇനിയും സമയമെടുക്കുമെന്നതിനാലാണ് സുനിതയുടെയും സഹയാത്രികന്‍ യൂജിന്‍ ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര വൈകുന്നത്. ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു.യാത്രികരുടെ സുരക്ഷ പരിഗണിച്ച് പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ വീണ്ടും പരിശോധിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നല്‍കുകയുള്ളൂ. പലവട്ടം മാറ്റിവച്ചശേഷം ജൂണ്‍ അഞ്ചിനാണ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശത്തേക്കു തിരിച്ചത്. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ് നാസയുമായി ചേര്‍ന്നുളള പരീക്ഷണം. നാസയുടെ ഈ ദൗത്യത്തിന് പേര് നല്‍കിയിരുന്നത് ക്രൂ ഫ്ളൈറ്റ് ടെസ്റ്റ് എന്നാണ്.

 

Sunita williams