/kalakaumudi/media/media_files/2025/09/11/sana-2025-09-11-06-52-55.jpg)
സനാ: യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തി. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. 36 പേര്‍ കൊല്ലപ്പെട്ടതായും 130 പേര്‍ക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 30 നു സനായില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങളില്‍ ഇന്നലെ 30 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് യെമനിലും ആക്രമണം ഉണ്ടായത്.
അതേസമയം, സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുന്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ ഗാസയിലേക്കു പുറപ്പെട്ട ഗ്ലോബല്‍ ഫ്േളാറ്റില്ല സംഘത്തിലെ ബോട്ടിനുനേരെ തുനീസിയ തീരത്തു രണ്ടാം വട്ടവും ഡ്രോണ്‍ ആക്രമണമുണ്ടായി. എല്ലാവരും സുരക്ഷിതരാണെന്നു സംഘാടകര്‍ പറഞ്ഞു. തീപടര്‍ന്ന ബോട്ടിന്റെ വിഡിയോയും പങ്കുവച്ചു. കഴിഞ്ഞദിവസം മറ്റൊരു ബോട്ടിനു നേരെയും സമാനമായ ആക്രമണമുണ്ടായിരുന്നു. 2 ഡസനിലേറെ ബോട്ടുകളടങ്ങിയ ഫ്‌ലോറ്റില്ല സംഘം ബാര്‍സിലോനയില്‍നിന്ന് ഈ മാസാദ്യമാണ് പുറപ്പെട്ടത്.
ഇസ്രയേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും വ്യാപാരബന്ധങ്ങള്‍ ഭാഗികമായി മരവിപ്പിക്കാനും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ ആവശ്യപ്പെട്ടു. മുന്‍പു നെതന്യാഹുവിനെ പിന്തുണച്ചിരുന്ന നേതാവാണ് ഉര്‍സുല. 27 അംഗ യൂറോപ്യന്‍ യൂണിയനില്‍ പലസ്തീന്‍ വിഷയത്തില്‍ കടുത്ത ഭിന്നതയാണുള്ളത്.