സൗമ്യതയുടെ ആള്‍രൂപം; ജഡ്ജി ഫ്രാങ്ക് കാപ്രിയോ വിവാങ്ങി

അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. 'കോര്‍ട്ട് ഇന്‍ പ്രൊവിഡന്‍സ്' എന്ന പേരില്‍ അദ്ദേഹം ചെയ്തിരുന്ന ടെലിവിഷന്‍ ഷോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു

author-image
Biju
New Update
KAPRIYO

വാഷിങ്ടണ്‍: സൗമ്യതയുടെ ആള്‍രൂപമായ ന്യായാധിപന്‍ എന്നറിയപ്പെടുന്ന ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു.  ലോകത്തിലേറ്റവും സഹാനുഭൂതിയുള്ള മനുഷ്യസ്‌നേഹിയായ ജഡ്ജ് വിടവാങ്ങിയത് കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ.  അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. 'കോര്‍ട്ട് ഇന്‍ പ്രൊവിഡന്‍സ്' എന്ന പേരില്‍ അദ്ദേഹം ചെയ്തിരുന്ന ടെലിവിഷന്‍ ഷോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ജഡ്ജി എന്ന നിലയിലെ മനുഷ്യത്വപരമായ ഇടപെടലിന് നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ന്യായാധിപനായിരുന്ന ഫ്രാങ്ക് കാപ്രിയോയുടെ സഹാനുഭൂതിയുടെ മികച്ച ഉദാഹരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സിറ്റി ഓഫ് പ്രൊവിഡന്‍സില്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന ഫ്രാങ്കിന് നിയമപഠനത്തോട് അതിയായ താല്പര്യമായിരുന്നു.  തുടര്‍ന്ന് സായാഹ്ന ക്ലാസുകളില്‍ പങ്കെടുത്ത് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കി. 

ദയയും മനുഷ്യത്വവും നിറഞ്ഞ ഇടപെടലുകളിലൂടെ ലക്ഷക്കണക്കിന് മനുഷ്യരുടെ മനസില്‍ ഇടം നേടിയ അദ്ദേഹത്തിന്റെ കോടതി മുറികളിലെ അസാമാന്യ പ്രകടനങ്ങള്‍ ന്യായാധിപന്റെ കസേര വരെ വളര്‍ന്നു.  പിഴ ഒടുക്കാന്‍ പണമില്ലാതെ വരുന്ന പ്രതികളോട് സഹാനുഭൂതിയോടെ പെരുമാറുന്ന അദ്ദേഹം അവരുടെ യഥാര്‍ഥ അവസ്ഥ എന്താണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. 

താന്‍ പാവപ്പെട്ടവനായാണ് വളര്‍ന്നതെന്നും ആ അവസ്ഥ എന്താണെന്ന് തനിക്ക് അറിയാമെന്നും ഫ്രാങ്ക് കാപ്രിയോ ഒരിക്കല്‍ പറയുകയുണ്ടായി. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്ന അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ പാതകം കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണമാണെന്ന് പറഞ്ഞിരുന്നു.  ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം ജഡ്ജ് കാപ്രിയോ അവതരിപ്പിച്ച 'കോര്‍ട്ട് ഇന്‍ പ്രോവിന്‍സ്' എന്ന ഷോ എമ്മി നോമിനേഷന് അര്‍ഹമായിരുന്നു.

ദീര്‍ഘനാളായി പാന്‍ക്രിയാറ്റിക്ക് കാന്‍സറിന് ചികിത്സയിലായിരുന്നു.  മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് തന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ഫോളോവേഴ്സിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.  ''കഴിഞ്ഞവര്‍ഷവും ഞാന്‍ നിങ്ങളോട് എനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് പറഞ്ഞിരുന്നു. നിങ്ങളത് ചെയ്തു. അതാണ് വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യം താണ്ടി വന്നത്. 

പക്ഷേ വീണ്ടും തിരിച്ചടി നേരിട്ടു. തിരികെ ആശുപത്രിയിലെത്തി, വീണ്ടു ഞാന്‍ നിങ്ങളുടെ മുന്നിലെത്തിയിരിക്കുകയാണ്. പ്രാര്‍ഥനയില്‍ എന്നെയും ഓര്‍ക്കണേ' എന്ന് പറയുന്ന വിഡിയോ അദ്ദേഹം  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വിഡിയോ പങ്കുവച്ച് അധികനേരമാകുംമുമ്പ് തന്നെ ഫ്രാങ്ക് ഈ ലോകത്തോട് വിടപറയുകയായിരുന്നു.