ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ അധിക തീരുവയ്ക്ക് പിന്തുണയുമായി സെലന്‍സ്‌കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും തമ്മിലുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സെലന്‍സികിയുടെ പ്രതികരണം

author-image
Biju
New Update
zelansky

കീവ്: ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ ട്രംപ് എടുത്ത തീരുമാനം ശരിയാണെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധത്തിന് ട്രംപ് ഒരുങ്ങുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. യുഎസ് മാധ്യമമായ എബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സെലന്‍സ്‌കി ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചത്.

''റഷ്യയുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തിയത് ശരിയായ തീരുമാനമാണ്'', സെലന്‍സ്‌കി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും തമ്മിലുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ച്  ചോദിച്ചപ്പോഴായിരുന്നു സെലന്‍സികിയുടെ പ്രതികരണം.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്കുമേല്‍ ട്രംപ് അധികത്തീരുവ ചുമത്തിയത്. യുക്രെയ്‌നിനെതിരായ ആക്രമണങ്ങള്‍ തുടരുന്ന റഷ്യ കൂടുതല്‍ ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. 

അതേസമയം, റഷ്യയുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ശ്രമം തുടരുകയണ്. കഴിഞ്ഞ മാസം സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ പിന്തുണയുണ്ടന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുക്രെയ്ന്‍ വിദേശകാര്യ മന്ത്രിയെ അറിയിച്ചിരുന്നു.