/kalakaumudi/media/media_files/2025/09/14/russia-2025-09-14-17-46-43.jpg)
മോസ്‌കോ: ഡൊണാള്‍ഡ് ട്രംപിന്റെ ലോക പൊലീസ് പട്ടം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പോളണ്ടിന്റെ ആകാശത്ത് പറന്നുകളിച്ച പുടിന്റെ വിമാനം ഇപ്പോള്‍ പോളണ്ടിലേക്ക് കൂടി കടന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ലോക മാദ്ധ്യമങ്ങള്‍.
റഷ്യന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി റൊമാനിയയും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയുടെ ഇത്തരം കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ നാറ്റോ രാജ്യമാണ് റൊമാനിയ.
റഷ്യ യുക്രെയ്‌നില്‍ നടത്തിയ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്നതിനായി ശനിയാഴ്ച റൊമാനിയന്‍ യുദ്ധവിമാനങ്ങള്‍ ആകാശത്തുണ്ടായിരുന്നു. ഇതിനിടെ യുക്രെയ്‌നിന്റെ തെക്കന്‍ അതിര്‍ത്തിക്ക് സമീപം ഒരു ഡ്രോണ്‍ കണ്ടെത്താനും അതിനെ പിന്തുടരാനും കഴിഞ്ഞതായി റൊമാനിയന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഈ കടന്നുകയറ്റം ഒരു തെറ്റായി കാണാന്‍ കഴിയില്ലെന്നും, ഇത് റഷ്യ യുദ്ധം മനഃപൂര്‍വം വികസിപ്പിക്കുന്നതിന്റെ സൂചനയാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. എന്നാല്‍ ററൊമാനിയയുടെ ആരോപണങ്ങളോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസപോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച മൂന്ന് റഷ്യന്‍ ഡ്രോണുകളെങ്കിലും വെടിവച്ചിട്ടതായി പോളണ്ട് അറിയിച്ചിരുന്നു.
റൊമാനിയയുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, ഡാന്യൂബിലെ യുക്രേനിയന്‍ ഇന്‍ഫ്രാസ്ട്രക്ചറിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം, തങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തി നിരീക്ഷിക്കാന്‍ രണ്ട് എഫ്-16 വിമാനങ്ങള്‍ പറത്തിയപ്പോഴാണ് റഷ്യന്‍ ഡ്രോണ്‍ കണ്ടെത്തിയതെന്ന് പറയുന്നു.
ചിലിയ വെച്ചെ ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റര്‍ (12.4 മൈല്‍) തെക്ക്-പടിഞ്ഞാറായിട്ടാണ് ഡ്രോണ്‍ കണ്ടെത്തിയത്, പിന്നീട് ഇത് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി.
ഡ്രോണ്‍ ജനവാസ മേഖലകളിലൂടെ പറന്നിട്ടില്ലെന്നും അതിനാല്‍ അടിയന്തിരമായ ഒരു അപകടസാധ്യത ഉണ്ടായിരുന്നില്ലെന്നും മന്ത്രാലയം അറിയിച്ചു.
റഷ്യന്‍ ഡ്രോണുകള്‍ അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് പോളണ്ടും ശനിയാഴ്ച പ്രതികരിച്ചു.
''പോളണ്ടിന്റെയും സഖ്യകക്ഷികളുടെയും വിമാനങ്ങള്‍ നമ്മുടെ വ്യോമാതിര്‍ത്തിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഭൂതല വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉയര്‍ന്ന സജ്ജീകരണ നിലയില്‍ എത്തിയിരിക്കുന്നു,'' പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് എക്‌സില്‍ കുറിച്ചു.
ഈ ആഴ്ച ആദ്യം, പോളിഷ് മണ്ണിലെ ഒരു കേന്ദ്രത്തെയും ലക്ഷ്യമിടാന്‍ 'പദ്ധതികളൊന്നുമില്ലെന്ന്' റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞിരുന്നു.
ബുധനാഴ്ച പോളിഷ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഡ്രോണുകള്‍ ഒരു അപകടമായി സംഭവിച്ചതാണെന്നും, അവയുടെ നാവിഗേഷന്‍ സിസ്റ്റങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതാണെന്നും റഷ്യയുടെ അടുത്ത സഖ്യകക്ഷിയായ ബെലാറസ് പറഞ്ഞു.
ഏറ്റവും പുതിയ കടന്നുകയറ്റത്തോട് പ്രതികരിച്ചുകൊണ്ട് പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞത്, റഷ്യന്‍ സൈന്യത്തിന് അവരുടെ ഡ്രോണുകള്‍ എവിടെ പോകുന്നു എന്നും എത്ര നേരം അവക്ക് ആകാശത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കൃത്യമായി അറിയാം എന്നാണ്.