മേൽക്കൂരയുടെ ഭാരം

ഉദരബന്ധങ്ങളും ആത്മബന്ധങ്ങളും- അവർ വെറും മനുഷ്യരായിരുന്നു. അപരാധങ്ങൾ അവരിലും സംഭവിക്കാം, ശാസനയുടെയും ശിക്ഷയുടെയും ചങ്ങലകളാകാം. പക്ഷേ, നെഞ്ചിലെ പ്രാണവായുവിനെ മാത്രം ചൂഴ്ന്നെടുക്കരുതായിരുന്നു!

author-image
Ashraf Kalathode
New Update
Gem

മേൽക്കൂരയുടെ ഭാരം

കവിത
സനീഷ് സജീബ്

നാളെ നിനക്കായി നിശ്ചയിച്ചതാകാം ഈ വിധി.

ഇന്നത്തെ ഈ ആട്ടം ഒരുപക്ഷേ എന്റേതുമാകാം.

ഇന്നലെകളിൽ ഇതിലൂടെ കടന്നുപോയവർ;

ജന്മം നൽകിയവരും ജന്മം കൊണ്ടവരും,

ഉദരബന്ധങ്ങളും ആത്മബന്ധങ്ങളും-

അവർ വെറും മനുഷ്യരായിരുന്നു.

അപരാധങ്ങൾ അവരിലും സംഭവിക്കാം,

ശാസനയുടെയും ശിക്ഷയുടെയും ചങ്ങലകളാകാം.

പക്ഷേ,

നെഞ്ചിലെ പ്രാണവായുവിനെ മാത്രം

ചൂഴ്ന്നെടുക്കരുതായിരുന്നു!

അവർ തുന്നിച്ചേർത്ത സ്നേഹങ്ങളെ മറന്ന്

അവരെ ഇരുട്ടിൽ തനിച്ചാക്കരുതായിരുന്നു.

ഹൃദയം പങ്കിട്ട സൗഹൃദങ്ങളെ തള്ളിപ്പറഞ്ഞ്

കുറ്റപത്രങ്ങൾ മാത്രമായി അവരെ മുദ്രകുത്തരുതായിരുന്നു.

അവരുടെ നെറ്റിയിലെ വിയർപ്പിന് മാത്രം ഉപ്പുരസമില്ലെന്ന്

നീ വിധി എഴുതിയതെന്തിനാണ്?

അവർ വിരിച്ച സ്നേഹത്തണലിനെ

കയ്യുറ ധരിച്ച കരങ്ങളുടെ കാപട്യമെന്ന് വിളിച്ചതെന്തിനാണ്?

അവരുടെ ഞരമ്പിലെ ചോരയ്ക്ക് മാത്രം

നിറമില്ലെന്ന് നീ സ്ഥാപിച്ചതെന്തിനാണ്?

തുടിക്കുന്ന ആ ഹൃദയമിടിപ്പുകൾക്ക് മാത്രം

നീയെന്തിന് എണ്ണം നിശ്ചയിച്ചു?

ആത്മാവിന്റെ ചോര മണക്കുന്ന

കരങ്ങളാൽ വെളിച്ചത്തിനുമേൽ നീ നിഴൽ വിരിച്ചു.

സ്വയം എരിയുന്ന സൂര്യനെ സാക്ഷി നിർത്തി,

ദുർസ്വപ്നങ്ങളുടെ അരങ്ങിൽ വേഷമാടിയവർ

തൂണുകളായി താങ്ങിനിർത്തിയ വേദിക്ക് തിരശ്ശീല വീണ കാലം.

നീതിയുടെ മിഴികൾ നനയുന്നതും കാത്ത്

വരണ്ട ശ്മശാനത്തിന്റെ ഏകാന്തതയിൽ അവർ ഒടുങ്ങി.

തീർച്ചയായും, അവർക്കുമുണ്ടായിരുന്നു

അരങ്ങൊഴിഞ്ഞൊരു മനോഹര വേദി.

കാർമേഘങ്ങൾ വിങ്ങുന്ന നീതിയുടെ കണ്ണുകൾക്ക്

ഒരു മാതൃഹൃദയത്തിന്റെ ചൂടില്ലെങ്കിൽ,

ആ ജ്വാല ഇനിയുമൊരുപോലെ ജ്വലിച്ചില്ലെങ്കിൽ,

ഈ ലോകമാകുന്ന മേൽക്കൂരയ്ക്ക് ഇനിയുമേറെ

ശവമഞ്ചങ്ങൾ ചുമക്കേണ്ടി വരും-

അതിൽ ഞാനും നീയും ഉറ്റവരും

ഉടയവരും വെറും ഭാരങ്ങളായി അവശേഷിക്കും!

weight