/kalakaumudi/media/media_files/2025/10/01/indo-2025-10-01-15-36-27.jpg)
ജക്കാര്‍ത്ത: അനുമതിയില്ലാതെ നിര്‍മ്മിച്ച സ്‌കൂളിലെ പ്രാര്‍ത്ഥനാ മുറി തകര്‍ന്ന് ഇന്തോനേഷ്യയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം. ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിലെ പ്രാര്‍ത്ഥനാ മുറി തകര്‍ന്നതോടെ 91 പേരെ കാണാതായതാണ് അന്തര്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞുള്ള പ്രാര്‍ത്ഥന പുരോഗമിക്കുന്നതിനിടയിലാണ് കെട്ടിടം തകര്‍ന്നുവീണത്.
കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് ആറ് വിദ്യാര്‍ത്ഥികളെ ജീവനോടെ കണ്ടെത്താനായെങ്കിലും ഇവരെ പുറത്തേക്ക് എത്തിക്കാനായിട്ടില്ല. 65 ഓളം വിദ്യാര്‍ത്ഥികള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ മൂടിപ്പോയതായി സംശയിക്കപ്പെടുന്നുണ്ട്.
മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചതായും നൂറ് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ചൊവ്വാഴ്ച വിശദമാക്കി. കുടുങ്ങി കിടക്കുന്നവരെ ജീവനോടെ പുറത്ത് എത്തിക്കാനുള്ള സമയം വളരെ കുറവാണെന്നാണ് രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ അധികൃതര്‍ വിശദമാക്കുന്നത്. കിഴക്കന്‍ ജാവയിലാണ് അപകടം നടന്നത്.
വിദ്യാര്‍ത്ഥികള്‍ കൃത്യമായി കുടുങ്ങിക്കിടക്കുന്ന സ്ഥലം തിരിച്ചറിയാനായാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാവുമെന്ന പ്രതീക്ഷയാണ് അഗ്‌നിരക്ഷാ മേധാവി പങ്കുവച്ചത്. ബുധനാഴ്ച കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് ആറ് കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു.
ഇവരെ പുറത്തെത്തിക്കാന്‍ ടണലിന് സമാനമായ വഴിയുണ്ടാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകളുണ്ടെന്ന വിലയിരുത്തപ്പെടുന്ന 15 സ്ഥലങ്ങളാണ് രക്ഷാപ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ളത്. 12നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. തകര്‍ന്ന് വീണ വലിയ കോണ്‍ക്രീറ്റ് പാളികള്‍ വീണ്ടും തകരാതിരിക്കാന്‍ സൂക്ഷ്മമായാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ചൊവ്വാഴ്ച ജാവാ ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് സ്ഥാനമാറ്റമുണ്ടായെന്നും സംശയിക്കപ്പെടുന്നുണ്ട്. നാല് നിലയുള്ള അനധികൃത നിര്‍മിതിയാണ് തകര്‍ന്നത്. അപകടം നടക്കുന്ന സമയത്ത് ഇതിന്റെ നാലാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു.