ഇറാന്റെ രക്ഷകനായി റഷ്യ; അമ്പരപ്പ് മാറാതെ ഇസ്രയേൽ

ഇസ്രയേല്‍ അമ്പരപ്പിലാണ്. അതിശക്തമായ ആക്രമണം നടത്തിയിട്ടും ഇറാന്‍ അതിനെയെല്ലാം പ്രതിരോധിച്ചിരിക്കുന്നു. മാത്രമല്ല, ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ ഇറാന്‍ സാധാരണ നിലയില്‍ എത്തുകയും ചെയ്തു.

author-image
Rajesh T L
New Update
russia

ഇസ്രയേല്‍ അമ്പരപ്പിലാണ്. അതിശക്തമായ ആക്രമണം നടത്തിയിട്ടും ഇറാന്‍ അതിനെയെല്ലാം പ്രതിരോധിച്ചിരിക്കുന്നു. മാത്രമല്ല, ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ ഇറാന്‍ സാധാരണ നിലയില്‍ എത്തുകയും ചെയ്തു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാന സര്‍വീസുകള്‍ ഇറാന്‍ പുനരാരംഭിച്ചു. 

വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇസ്രയേലിന്റെ പ്രധാന ലക്ഷ്യം തെഹ്‌റാനായിരുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ താവളങ്ങള്‍, ഡ്രോണ്‍ സൗകര്യങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. എന്നാല്‍ ആക്രമണങ്ങളൊന്നും ലക്ഷ്യം നേടിയിട്ടില്ലെന്ന് ഇറാന്‍ അവകാശപ്പെട്ടു. ചെറിയ നാശനഷ്ടങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും ഇറാന്‍ വ്യക്തമാക്കി. പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നും ഇസ്രായേല്‍ ആക്രമണത്തെ പ്രതിരോധിച്ചെന്നുമാണ് ഇറാന്‍ അവകാശപ്പെട്ടത്. ഏറ്റവും ഒടുവില്‍ ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചിട്ടുണ്ട്. 

ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തെഹ്‌റാന്‍ ലക്ഷ്യമാക്കി എത്തിയ ഇസ്രയേലിന്റെ മിസൈലുകളെ തകര്‍ത്തതായി അല്‍ മയാദീന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌റാനിലാണ് ഐഡിഎഫ് ആദ്യ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. തെഹ്‌റാനു നേരെയുണ്ടായ ആക്രമണങ്ങള്‍ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ ഇറാന്റെ എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ക്ക് സാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്ലാ മിസൈലുകളെയും തകര്‍ത്തതായാണ് അല്‍ മയദീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇതെങ്ങനെ സംഭവിച്ചു എന്ന അമ്പരപ്പിലാണ് ഇസ്രയേലും ലോകവും. ഇറാന്റെ രക്ഷക്കെത്തിയത് റഷ്യയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇസ്രയേല്‍ വ്യോമാക്രമണം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് റഷ്യ , ഇറാന് മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അതീവ രഹസ്യ സ്വഭാവമുള്ള ആക്രമണ തീരുമാനം ചോര്‍ന്നത് ഇസ്രയേലിന്റെ ഉറക്കം കെടുത്തും. റഷ്യ നല്‍കിയ മുന്നറിയിപ്പാണ് ആക്രമണത്തെ പ്രതിരോധിക്കാനും ആള്‍നാശവും നാശനഷ്ടങ്ങളും കുറയ്ക്കാനും ഇസ്രയേലിനെ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്‌കൈ ന്യൂസ് അറേബ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിന്റെ ആക്രമണ പ്രഖ്യാപനത്തിനു മുമ്പ് തന്നെ ഇറാന് റഷ്യ വിവരം ചോര്‍ത്തി നല്‍കി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇസ്രയേല്‍ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറിയതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടി ഉണ്ടാകും എന്നുറപ്പാണ്. ഇത് മുന്നില്‍ക്കണ്ടാണ്  നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇസ്രയേല്‍, ഇറാനില്‍ വ്യോമാക്രമണം നടത്തുമ്പോള്‍, ഭൂഗര്‍ഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇരു നേതാക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും തെല്‍ അവീവിലെ പ്രതിരോധ മന്ത്രാലയത്തിലെ ബങ്കറിലാണ് കഴിഞ്ഞതെന്ന് ഇസ്രായേല്‍ മാധ്യമമായ ഇസ്രായേല്‍ ഹായോമിനെ ഉദ്ധരിച്ചാണ് 'അല്‍ജസീറ' റിപ്പോര്‍ട്ട് ചെയ്തത്. കിര്‍യയിലുള്ള സൈനിക താവളത്തിലെ ബങ്കറുകളിലാണ് ഇവര്‍ ശനിയാഴ്ച പുലര്‍ച്ചെ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രായേല്‍ സൈനിക മേധാവി ലെഫ്. ജനറല്‍ ഹെര്‍സി ഹാലെവിയാണ് ഇറാന്‍ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിനു മേല്‍നോട്ടം വഹിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ വ്യോമസേന മേധാവി മേജര്‍ ജനറല്‍ ടോമര്‍ ബാറും ഒപ്പമുണ്ടായിരുന്നു. തെല്‍ അവീവിലെ കിര്‍യയിലുള്ള സൈനിക താവളത്തിലെ ഐഎഎഫ് കമാന്‍ഡ് കേന്ദ്രത്തില്‍ ഇരുന്ന് ഇരുവരും ആക്രമണനീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ദൃശ്യം ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടുണ്ട്.

israel airstrike iran israel conflict iran israel war news israel and hezbollah war