/kalakaumudi/media/media_files/2025/09/20/ukrine-2025-09-20-15-56-12.jpg)
കീവ്: യുക്രൈനില്‍ കനത്ത ഡ്രോണ്‍ ആക്രമണവുമായി റഷ്യ. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് യുക്രെയ്നിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യ വ്യാപകമായ ഡ്രോണ്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും നിരവധിപേര്‍ക്ക് പരിക്കേറ്റെന്നും യുക്രെയ്ന്‍ ഭരണകൂടം വ്യക്തമാക്കി.
യുക്രെയ്നിലെ ഡിനിപ്രോപെട്രോവ്‌സ്‌ക്, മൈക്കോലൈവ്, ചെര്‍ണിഹിവ്, സപോരിഷിയ, പോള്‍ട്ടാവ, കൈവ്, ഒഡെസ, സുമി, ഖാര്‍കിവ് എന്നിവയുള്‍പ്പെടെ ഒന്‍പത് പ്രദേശങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രൈയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്നും സെലന്‍സ്‌കി പറഞ്ഞു.
'റഷ്യയുടെ ലക്ഷ്യം യുക്രെയ്നിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, സിവിലിയന്‍ എന്റര്‍പ്രൈസസ് എന്നിവയായിരുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങള്‍. ഇതിനൊപ്പം യുക്രെയ്നിന്റെ അടിസ്ഥാന സൗകര്യങ്ങളെയും അവര്‍ ലക്ഷ്യമിടുന്നു'- സെലന്‍സ്‌കി പറഞ്ഞു.
അതേസമയം, യുക്രെയ്നിന്റെ മധ്യ ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയില്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 26 പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക ഗവര്‍ണര്‍ സെര്‍ഹി ലിസാക് പറഞ്ഞു. കിഴക്കന്‍ നഗരമായ ഡിനിപ്രോയില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കീവ് മേഖലയില്‍ ബുച്ച, ബോറിസ്പില്‍, ഒബുഖിവ് എന്നീ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ നടന്നതായി പ്രാദേശിക അധികാരികള്‍ പറഞ്ഞു.
റഷ്യ 619 ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചതായി യുക്രെയ്ന്‍ വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു. ആകെ 579 ഡ്രോണുകളും എട്ട് ബാലിസ്റ്റിക് മിസൈലുകളും 32 ക്രൂയിസ് മിസൈലുകളും കണ്ടെത്തി. യുക്രെയ്ന്‍ സൈന്യം 552 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും 29 ക്രൂയിസ് മിസൈലുകളും വെടിവച്ച് നിര്‍വീര്യമാക്കിയെന്നും അധികൃതര്‍ പറഞ്ഞു.