/kalakaumudi/media/media_files/2025/12/31/roshnav-2025-12-31-08-24-05.jpg)
മോസ്‌കോ: ആണവ ശേഷിയുള്ള ഒരേഷ്‌നിക് മിസൈലുകള്‍ ബെലാറസില്‍ വിന്യസിച്ചെന്ന് സ്ഥിരീകരിച്ച് റഷ്യ. ബെലാറസില്‍ വിന്യസിച്ചതോടെ റഷ്യന്‍ ആണവ മിസൈലുകള്‍ക്ക് യൂറോപ്പിലെ ലക്ഷ്യസ്ഥാനങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ എത്താന്‍ കഴിയുമെന്ന് നിരീക്ഷകര്‍ പറയുന്നു.
ഏകദേശം 5,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈലുകള്‍ക്ക്, യൂറോപ്പില്‍ എവിടെയും ആക്രമണം നടത്താന്‍ സാധിക്കും. റഷ്യയില്‍ നിന്ന് യുഎസിന്റെ പടിഞ്ഞാറന്‍ തീരത്ത് പോലും ആക്രമണം നടത്താന്‍ ഒരേഷ്‌നിക് മിസൈലിന് ശേഷിയുണ്ടെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നു. ശബ്ദത്തിന്റെ പത്തിരട്ടിയിലധികം വേഗമുള്ള ഈ മിസൈല്‍ തകര്‍ക്കുകയെന്നത് അസാധ്യമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അവകാശപ്പെട്ടു. നാറ്റോ അംഗങ്ങളായ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ബെലാറസ്.
റഷ്യന്‍, ബെലാറസ് പ്രതിരോധ മന്ത്രാലയങ്ങള്‍ പുറത്തുവിട്ട വിഡിയോയില്‍ മിസൈലുകള്‍ വനത്തിലേക്കു കൊണ്ടുപോകുന്നതും വലകള്‍ ഉപയോഗിച്ച് മറയ്ക്കുന്നതും കാണാം. എന്നാല്‍ മിസൈല്‍ സംവിധാനം ബെലാറസില്‍ എവിടെയാണ് സ്ഥാപിച്ചത് എന്നതില്‍ വ്യക്തതയില്ല. 'ഒരേഷ്‌നിക് മിസൈലുകള്‍ രാജ്യത്തിന്റെ നിശ്ചിത പ്രദേശങ്ങളില്‍ സൈനിക ദൗത്യം ആരംഭിച്ചു' എന്ന് ബെലാറസിന്റെ പ്രതിരോധ മന്ത്രാലയം പ്രസ്താവന ഇറക്കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയ്ക്കുള്ളില്‍ ആഴത്തില്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ യുക്രെയ്ന് നല്‍കുന്നതില്‍ നിന്ന് നാറ്റോ രാജ്യങ്ങളെ പിന്തിരിപ്പാക്കാന്‍ റഷ്യ ശ്രമം തുടരുന്നതിനിടെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
