എണ്ണിയെണ്ണി ഗൂഗിളിനും കണ്ണുതള്ളി;മുട്ടന്‍ പിഴ വിധിച്ച് റഷ്യ

കണക്കോ... സയന്‍സോ... സാമൂഹ്യപാഠമോ... എന്തുമാകട്ടെ ഗൂഗിളിനോട് ഒന്ന് ചോദിച്ചാല്‍ മതി സെക്കന്റുകള്‍ക്കുള്ളില്‍ ഉത്തരം വിരല്‍ത്തുമ്പില്‍ കിട്ടും. അങ്ങനെ ഗൂഗിളിന് അറിയാത്ത ഒരു വിഷയവും ലോകത്തില്ല...

author-image
Rajesh T L
New Update
russia

കണക്കോ... സയന്‍സോ... സാമൂഹ്യപാഠമോ... എന്തുമാകട്ടെ ഗൂഗിളിനോട് ഒന്ന് ചോദിച്ചാല്‍ മതി സെക്കന്റുകള്‍ക്കുള്ളില്‍ ഉത്തരം വിരല്‍ത്തുമ്പില്‍ കിട്ടും. അങ്ങനെ ഗൂഗിളിന് അറിയാത്ത ഒരു വിഷയവും ലോകത്തില്ല... ആ ഗൂഗിളിന് പോലും കണ്ടുപിടിക്കാന്‍ പ്രയാസമായ ഒരു പണി ഇപ്പോ റഷ്യ ഒപ്പിച്ചുവച്ചിട്ടുണ്ട്. എന്നാലും അതൊരു ഒന്നൊന്നര പണിയായിപ്പോയി എന്ന് പറയാതിരിക്കാന്‍ വയ്യ.

കാരണം മില്യന്‍, ബില്യന്‍, ട്രില്യന്‍ എന്നെല്ലാം കേട്ടുപരിചയമില്ലാത്തവര്‍ വിരളമായിരിക്കും. പക്ഷെ, ഡെസില്യന്‍ എന്നു കേട്ടിട്ടുണ്ടോ? ഗണിതശാസ്ത്രത്തിലെ വലിയൊരു എണ്ണല്‍സംഖ്യയാണത്. എണ്ണാന്‍ ഇത്തിരി കഷ്ടപ്പെടും. കൃത്യമായി പറഞ്ഞാല്‍ 1,000,000,000,000,000,000,000,000,000,000,000 ഒന്നും പിന്നെ 33 പൂജ്യവും!

(പറയാന്‍ ഇത്തിരി പ്രയാസമാണ് അതുകൊണ്ട് തുക ഡിസ്‌ക്രിപ്ഷനില്‍ കൊടുക്കാം)

റഷ്യന്‍ കോടതി ഗൂഗിളിന് ഇട്ട പിഴയാണ് ഈ സംഖ്യ. യൂട്യൂബില്‍ റഷ്യന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്നു കാണിച്ച് രണ്ട് അണ്‍ഡെസില്യന്‍ റൂബിള്‍സ് ആണ് കോടതി അമേരിക്കന്‍ ബഹുരാഷ്ട്ര ടെക് ഭീമന്മാര്‍ക്കു പിഴയിട്ടിരിക്കുന്നത്. ഡോളറില്‍ ഇത് 20 ഡെസില്യന്‍ വരും. ഏകദേശം 20,000,000,000,000,000,000,000,000,000,000,000 ഡോളര്‍! 20 പിന്നൊരു 33 പൂജ്യവും. എണ്ണി കഷ്ടപ്പെടേണ്ട! റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് തന്നെ പരാജയം സമ്മതിച്ചുകഴിഞ്ഞിട്ടുണ്ട്.

2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള നാലാമത്തെ കമ്പനിയാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്. ഏകദേശം രണ്ട് ട്രില്യന്‍ ഡോളര്‍ ആണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്തി. എന്നാല്‍, ഭൂമുഖത്തെ മൊത്തം സ്വത്തും കൂട്ടിയാല്‍ പോലും ആ പിഴത്തുക അടച്ചുതീര്‍ക്കാനാകില്ലെന്നാണ് ബിബിസി അടക്കമുള്ള മാദ്ധ്യമങ്ങള്‍ പറയുന്നത്. ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടിന്റെ കണക്കു പ്രകാരം 110 ട്രില്യന്‍ ഡോളര്‍ ആണ് നിലവിലെ മൊത്തം ആഗോള സമ്പത്ത്. ഇതിന്റെ എത്രയോ മടങ്ങ് വരും ഗൂഗിളിന് റഷ്യന്‍ കോടതി ചുമത്തിയ പിഴത്തുക.

ഈ വിചിത്രകരമായൊരു നടപടിയിലേക്ക് കോടതിയെ നയിച്ചത് റഷ്യന്‍ മാധ്യമങ്ങളെ ഗൂഗിള്‍ കൂട്ടത്തോടെ നിയന്ത്രിക്കുന്നുവെന്നൊരു പരാതിയാണ്. 17 റഷ്യന്‍ ചാനലുകള്‍ക്കാണ് യൂട്യൂബില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യുകയോ ചെയ്തതായി പരാതിയുള്ളത്. 2020 തൊട്ടേ ഇത്തരം നിയന്ത്രണങ്ങളുണ്ടെങ്കിലും രണ്ടു വര്‍ഷം മുന്‍പ് യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയോടെ ഗൂഗിള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നാലെ നിരവധി യൂറോപ്യന്‍ കമ്പനികള്‍ റഷ്യയില്‍നിന്നു പിന്‍വാങ്ങിയിരുന്നു. റഷ്യന്‍ മാധ്യമങ്ങള്‍ യൂറോപ്പില്‍ വ്യാപകമായ നിരോധനവും നേരിട്ടു.

2022ല്‍ ഗൂഗിളിന്റെ റഷ്യന്‍ ഉപവിഭാഗം പാപ്പരായി പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍ സാമ്പത്തിക സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. എന്നാല്‍, ഗൂഗിള്‍ ഉല്‍പന്നങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുകയോ ഭരണകൂടം നിരോധനമേര്‍പ്പെടുത്തുകയോ ഒന്നും ചെയ്തിട്ടില്ല.

2021 മേയിലാണ് റഷ്യന്‍ മാധ്യമ നിയന്ത്രണ സ്ഥാപനമായ റോസ്‌കോംനാഡ്‌സോര്‍ ആദ്യമായി ഗൂഗിളിനെതിരെ രംഗത്തെത്തുന്നത്. ആര്‍ടി, സ്പുട്‌നിക് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്താ ഏജന്‍സികള്‍ക്കും ഗൂഗിള്‍ യൂട്യൂബില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്നായിരുന്നു പരാതി. രാജ്യത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്തുണ നല്‍കുന്നുവെന്നും ആരോപണമുണ്ടായി. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട നിരോധിത ഉള്ളടക്കങ്ങള്‍ തടയുന്ന കാര്യത്തില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് 2022 ജൂലൈയില്‍ റഷ്യ ഗൂഗിളിന് 21.1 ബില്യന്‍ ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു. ഒടുവിലിതാ കോടതിയുടെയും സാക്ഷാല്‍ പുടിന്റെ പോലും കണ്ണുതള്ളിപ്പോകുന്ന പിഴയും.

വിവിധ വിദേശ കോടതികളിലും ഗൂഗിളിനെതിരെ റഷ്യന്‍ മാധ്യമങ്ങള്‍ നിയമയുദ്ധം നടത്തുന്നുണ്ട്. റഷ്യന്‍ ചാനലുകളെ നിയന്ത്രിക്കുന്ന ഗൂഗിളിനെതിരെ നടപടി ആവശ്യപ്പെട്ട് തുര്‍ക്കി, ഹംഗറി, സ്‌പെയില്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കേസുകള്‍ നടക്കുകയാണ്. കഴിഞ്ഞ ജൂണില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതി ഗൂഗിളിന്റെ സ്വത്തുവകകള്‍ ഭാഗികമായി കണ്ടുകെട്ടാനുള്ള നടപടികള്‍ക്ക് അംഗീകാരവും നല്‍കിയിരുന്നു.

റഷ്യന്‍ കോടതിയുടെ പുതിയ ഉത്തരവിനെ പ്രതീകാത്മകമായ ശിക്ഷാനടപടിയെന്നാണ് ദിമിത്രി പെസ്‌കോവ് വിശേഷിപ്പിച്ചത്. പരാതി ഗൂഗിള്‍ ശ്രദ്ധിക്കണം. ഞങ്ങളുടെ ചാനലുകളെ അവരുടെ പ്ലാറ്റ്‌ഫോമില്‍ വിലക്കുന്നത് നിര്‍ത്തണം. വിഷയം പരിഗണിച്ച് പരാതി പരിഹരിക്കാന്‍ ഈ നടപടി ഗൂഗിളിനു പ്രേരണയാകണമെന്നും പെസ്‌കോവ് പ്രതികരിച്ചിട്ടുണ്ട്.

fine google and microsoft russia