യുക്രെയ്‌നില്‍ വീണ്ടും ആക്രമണവുമായി റഷ്യ

യുക്രെയ്‌ന്റെ ഊര്‍ജ പദ്ധതികള്‍ തിരഞ്ഞുപിടിച്ച് റഷ്യ തിരിച്ചടി ഊര്‍ജിതമാക്കി. ഇതോടെ യുക്രെയ്‌ന്റെ പലഭാഗങ്ങളിലും വൈദ്യുതി വിതരണവും നിലച്ചു

author-image
Biju
New Update
ukrine energy

കീവ്: റഷ്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മര്‍മമായ എണ്ണ റിഫൈനറികളും പൈപ്പ്ലൈനുകളും തിരഞ്ഞുപിടിച്ച്  യുക്രെയ്ന്‍ ആക്രമണം നടത്തിയത് കഴിഞ്ഞ ദിവസമാണ്. പുട്ടിന്‍ ഭരണകൂടത്തെ സാമ്പത്തികമായി തളര്‍ത്തുക. അതായിരുന്നു ലക്ഷ്യം. ഏറക്കുറെ യുക്രെയ്ന്‍ വിജയിക്കുകയും ചെയ്തു.

യുക്രെയ്ന്‍ തൊടുത്ത ഡ്രോണുകളും മിസൈലുകളുമേറ്റ് വന്‍ നാശനഷ്ടമുണ്ടായതോടെ റഷ്യയ്ക്ക് പല റിഫൈനറികളും പൂര്‍ണമായോ ഭാഗികമായോ പൂട്ടിയിടേണ്ടിയുംവന്നു. റഷ്യയുടെ എണ്ണ റിഫൈനറി ശേഷിയുടെ 17-20 ശതമാനമാണ് കുറഞ്ഞത്.

പിന്നാലെ, റഷ്യയില്‍ കടുത്ത ഇന്ധനക്ഷാമമുണ്ടാവുകയും പല പെട്രോള്‍ പമ്പുകളിലും വിതരണം 'റേഷന്‍' അടിസ്ഥാനത്തിലാക്കുകയും ചെയ്തിരുന്നു. ഓരോ വാഹന ഉടമയ്ക്കും 20-30 ലിറ്റര്‍ ഇന്ധനമാണ് നല്‍കിയിരുന്നത്. ലോകത്തെ ഏറ്റവും വമ്പന്‍ എണ്ണകയറ്റുമതി രാജ്യങ്ങളിലൊന്നായിട്ടും ഡീസലിന് ഇറക്കുമതിയെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് റഷ്യ വീഴുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

എന്നാലിപ്പോള്‍ ഇതാ, യുക്രെയ്‌നെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയാണ് റഷ്യ. യുക്രെയ്‌ന്റെ ഊര്‍ജ പദ്ധതികള്‍ തിരഞ്ഞുപിടിച്ച് റഷ്യ തിരിച്ചടി ഊര്‍ജിതമാക്കി. ഇതോടെ യുക്രെയ്‌ന്റെ പലഭാഗങ്ങളിലും വൈദ്യുതി വിതരണവും നിലച്ചു. പലയിടത്തും 'പവര്‍ കട്ട്' ഏര്‍പ്പെടുത്തിയെന്ന് ഊര്‍ജ മന്ത്രി സ്വിറ്റ്‌ലാന ഗ്രിന്‍ചൂക് വ്യക്തമാക്കി. ശൈത്യകാലം പടിവാതിലില്‍നില്‍ക്കേ വൈദ്യുതി തടസ്സപ്പെടുന്നത് യുക്രെയ്ന്‍ ജനതയ്ക്ക് തിരിച്ചടിയാകും. എന്നാല്‍, റഷ്യയുടെ തന്ത്രം ഏശില്ലെന്നും വൈദ്യുതി വിതരണം വൈകാതെ പുനഃസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 

നേരത്തേ, 'മര്‍മംനോക്കി തന്നെ കൊടുക്കുക' എന്ന തന്ത്രമാണ് റഷ്യയ്‌ക്കെതിരെ യുക്രെയ്ന്‍ പയറ്റിയത്. റഷ്യയുടെ എണ്ണ റിഫൈനറികള്‍, പെട്രോകെമിക്കല്‍ കോംപ്ലക്‌സുകള്‍, പൈപ്പ്‌ലൈനുകള്‍  തുടങ്ങി എണ്ണയും എല്‍എന്‍ജിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഡ്രോണുകളും മിസൈലുകളും അയച്ചുതകര്‍ക്കുക. യുദ്ധത്തിന്റെ തുടക്കത്തില്‍ റഷ്യയുടെ സൈനിക കേന്ദ്രങ്ങള്‍ക്കും യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരങ്ങള്‍ക്കും നേരെയായിരുന്നു യുക്രെയ്‌ന്റെ ആക്രമണം.  എന്നാല്‍, കനത്ത സുരക്ഷാസൗകര്യങ്ങളുള്ളതിനാല്‍ അവയെ ഉന്നമിട്ടുള്ള ആക്രമണം പലപ്പോഴും ലക്ഷ്യം കണ്ടിരുന്നില്ല.

റഷ്യയുടെ ബാര്‍കോഷ്താന്‍ മേഖലയിലെ സലാവത് പെട്രോകെമിക്കല്‍ കോംപ്ലക്‌സ് ഡ്രോണുകള്‍ അയച്ച് യുക്രെയ്ന്‍ തകര്‍ത്തത് റഷ്യയെ ഞെട്ടിച്ചിരുന്നു. റഷ്യയുടെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ പദ്ധതികളിലൊന്നാണിത്. യുക്രെയ്‌നില്‍ നിന്ന് 1,500 കിലോമീറ്റര്‍ അകലെയുള്ള സലാവതില്‍ 150ലേറെ ഉല്‍പന്നങ്ങളാണ് ഉല്‍പാദിപ്പിച്ചിരുന്നത്. പെട്രോള്‍, ഡീസല്‍, ഫ്യുവല്‍ ഓയില്‍, ബിറ്റുമിന്‍, പോളിഎത്തിലീന്‍ തുടങ്ങിയവ അതിലുള്‍പ്പെടുന്നു.

യൂറോപ്പിലേക്ക് എല്‍എന്‍ജി കയറ്റുമതി ചെയ്യുന്ന ബ്രയാന്‍സ്‌ക്, സമാറ മേഖലയിലെ പൈപ്പ്‌ലൈനുകളും റിഫൈനറികളും യുക്രെയ്ന്‍ തകര്‍ത്തും തിരിച്ചടിയായി. ആക്രമണങ്ങളുണ്ടായെന്ന് സമ്മതിക്കാന്‍ റഷ്യ തയാറായിരുന്നില്ലെങ്കിലും സമ്പദ്‌മേഖലയെ ഉലയ്ക്കുന്ന 'ചിലത്' സംഭവിച്ചുവെന്ന് സമ്മതിച്ചിരുന്നു. യുക്രെയ്ന്‍ തകര്‍ത്തത് കേവലം റഷ്യയുടെ എണ്ണ കയറ്റുമതി ശൃംഖലയെ മാത്രമല്ല, ആഭ്യന്തര വിതരണശൃംഖലയെയുയിരുന്നു. അതോടെയാണ്, പെട്രോള്‍ പമ്പുകളില്‍ 'റേഷന്‍' തുടങ്ങിയത്. ഇന്ധനക്ഷമമുണ്ടാകുമെന്ന ഭീതി പരന്നതോടെ പമ്പുകളിലെല്ലാം നീണ്ട ക്യൂ പലയിടത്തും ദൃശ്യവുമായിരുന്നു.